പോര്‍ട്ടോ: കഴിഞ്ഞ ദിവസം ചെല്‍സി മാഞ്ചസ്റ്റര്‍ സിറ്റിയെ വീഴത്തി യൂറോപ്യന്‍ കിരീടം ഉയര്‍ത്തിയപ്പോള്‍ ചെല്‍സിയുടെ ലീഗ് വിജയത്തിനു പിന്നിലെ പ്രധാന താരം എന്‍ഗോളോ കാന്റെയായിരുന്നു. റയലിനെതിരായ സെമി ഫൈനലിന്റെ ഇരുപാദങ്ങളിലും കളിയിലെ താരമായ ഫ്രഞ്ച് മിഡ്ഫീല്‍ഡര്‍ ഫൈനലില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെയും മാന്‍ ഓഫ് ദി മാച്ച് ആയി.
ഈ ചാംപ്യന്‍സ് ലീഗിന് ശേഷം കാന്റെയാണ് വര്‍ത്തമാന ഫുട്‌ബോള്‍ കണ്ട ഏറ്റവും മികച്ച മധ്യനിര താരം എന്ന വിലയിരുത്തുകയാണ് ഫുട്‌ബോള്‍ ലോകം. ഫൈനലില്‍ പെപ് ഗ്വാര്‍ഡിയോള ഇറക്കിയ ആക്രമണത്തിലൂന്നി കളിക്കുന്ന സിറ്റിയുടെ മധ്യനിര താരങ്ങളെ പിടിച്ചുകെട്ടാന്‍ ചെല്‍സിയെ സഹായിച്ചത് കാന്റെയാണ്.
കാന്റെയുടെ മികച്ച പ്രകടനം ചെല്‍സിക്കു കിരീടം നേടിക്കൊടുത്തതിനു പിന്നാലെ ഈ വര്‍ഷത്തെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം നേടാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നവരില്‍ ഒരാളാണ് ഈ ഫ്രഞ്ച് താരം. ഈ വര്‍ഷം കാന്റെ അല്ലാതെ മറ്റാരും അതിന് അര്‍ഹനല്ല എന്ന ചര്‍ച്ചകളും ഫുട്‌ബോള്‍ ലോകത്ത് ഉയര്‍ന്നുകഴിഞ്ഞു.
എന്നാല്‍ ഫൈനലിന് ശേഷം ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം നേടാനുള്ള സാധ്യതയെക്കുറിച്ചുള്ള ചോദ്യത്തിന് കാന്റയുടെ മറുപടി വ്യത്യസ്മായിരുന്നു.
‘നിലവില്‍ ഞങ്ങള്‍ ചാപ്യംന്‍സ് ലീഗ് വിജയം നേടിക്കഴിഞ്ഞു. ഇനി യൂറോക്കപ്പ് വരാനിരിക്കയാണ്. ഫ്രാന്‍സ് ടീമിനൊപ്പം ചേര്‍ന്ന് അതും വിജയിക്കാന്‍ കഴിയുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്, മറ്റൊന്നും മനസ്സിലില്ല,’
എന്നായിരുന്നു കാന്റെ പറഞ്ഞത്.
കാന്റെയുടെ കരിയറിലെ ആദ്യ ചാംപ്യന്‍സ് ലീഗ് കിരീടമാണിത്. 2018ല്‍ ലോക ഫുട്‌ബോളിന്റെ നെറുകയിലേക്ക് ഫ്രാന്‍സിനെ എത്തിച്ച ലോകകപ്പ് കിരീടത്തിലും കാന്റെയ്ക്ക് നിര്‍ണായക പങ്കുണ്ടായിരുന്നു.
2014ല്‍ ഫ്രഞ്ച് ലീഗില്‍ ശ്രദ്ധ നേടിയ കാന്റെയെ 2015ല്‍ ആയിരുന്നു ലെസ്റ്റര്‍ സിറ്റി ഇംഗ്ലണ്ടില്‍ എത്തിക്കുന്നത്. 2016ല്‍ ലെസ്റ്ററിന്റെ പ്രീമിയര്‍ ലീഗ് കിരീട നേട്ടത്തില്‍ ഭാഗമായി. 2017ല്‍ പ്രീമിയര്‍ ലീഗ് കിരീട നേട്ടത്തിലും 2019ല്‍ യൂറോപ്പ ലീഗ് ജേതാവായപ്പോയും കാന്റെ ചെല്‍സിയുടെ ഭാഗമായി.