ഫ്രാന്‍സിന്റെ ചെല്‍സി മിഡ്ഫീല്‍ഡര്‍ എന്‍ ഗോലോ കാന്റെ സൗദി അറേബ്യയിലേക്ക് മാറാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. കാന്റെയുടെ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജിലെ കരാര്‍ അവസാന ഘട്ടത്തിലേക്ക് അടുക്കുകയാണ്. ഈ വേനല്‍ക്കാലത്ത് താരം
ഫ്രീ ഏജന്റായി മാറും.
ചെല്‍സിയില്‍ 32കാരനായ കാന്റെക്കായുള്ള പുതിയ കരാറുകള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ ഒരു സമയത്ത് നടന്നെങ്കിലും, പിന്നീട് ഇതുസംബന്ധിച്ച ഒരു ഇടപാടും നടന്നിട്ടില്ല.
എന്നാലിപ്പോള്‍ സൗദി ലീഗില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ കാന്റെയുമായി ചര്‍ച്ച നടത്താനായി ഇംഗ്ലണ്ടിലേക്ക് പോയതായി പ്രമുഖ ഫുട്‌ബോള്‍ ജേര്‍ണലിസ്റ്റ് ഫാബ്രിസിയോ റൊമാനോ റിപ്പോര്‍ട്ട് ചെയ്തു. 100 മില്യണ്‍ യൂറോയുടെ ഒരു ഓഫര്‍ കാന്റെക്ക് മുന്നിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അല്‍നസറും, കരീം ബെന്‍സിമയുമായി ഡീലായ അല്‍ ഇത്തിഹാദുമാണ് കാന്റക്ക് മുന്നില്‍ ഓഫര്‍ വെച്ചിട്ടുള്ളതെന്നും ഫാബ്രിസിയോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
2016ല്‍ ലെസ്റ്ററില്‍ നിന്നാണ് കാന്റെ ചെല്‍സിയില്‍ ചേരുന്നത്. ക്ലബ്ബിനായി 269 മത്സരങ്ങളില്‍ കളിച്ച താരം പ്രീമിയര്‍ ലീഗ്, ചാമ്പ്യന്‍സ് ലീഗ്, യൂറോപ്പ ലീഗ്, സൂപ്പര്‍ കപ്പ്, ക്ലബ്ബ് ലോകകപ്പ്, എഫ്.എ കപ്പ് എന്നിവ നേടിയിട്ടുണ്ട്.
ദേശീയ ജേഴ്‌സിയിലും താരത്തിന് ഒരുപിടി നല്ല നേട്ടങ്ങള്‍ അവകാശപ്പെടാനുണ്ട്. 2018ലെ റഷ്യന്‍ ലോകകപ്പില്‍ ഫ്രാന്‍സ് ചാമ്പ്യന്മാരായപ്പോള്‍ കാന്റെ ടീമിന്റെ ഭാഗമായിരുന്നു. എന്നാല്‍ പരിക്ക് കാരണം ഖത്തര്‍ ലോകകപ്പിന്റെ ഫ്രാന്‍സ് സ്‌ക്വാഡില്‍ താരത്തിന് ഇടം നേടാനായിരുന്നില്ല.
1980ല്‍ മാലിയില്‍ നിന്നും ഫ്രാന്‍സിലേക്ക് കുടിയേറിയവരാണ് കാന്റെയുടെ കുടുംബം. കടുത്ത ദാരിദ്ര്യത്തിലൂടെ കടന്നുപോയ താരം ഫ്രാന്‍സിലെ സാമൂഹിക വിവേചനങ്ങള്‍ അതിജീവിച്ചാണ് ലോകമറിയുന്ന കളിക്കാരനായി മാറിയത്.
Content Highlight: Report says N’Golo Kanté preparing to move to Saudi Arabia