എന്‍. ഇ. ബാലകൃഷ്ണമാരാര്‍ സ്മാരക സാഹിത്യ സമഗ്രസംഭാവനാ പുരസ്‌കാരം എം.ടിക്ക്
Kerala News
എന്‍. ഇ. ബാലകൃഷ്ണമാരാര്‍ സ്മാരക സാഹിത്യ സമഗ്രസംഭാവനാ പുരസ്‌കാരം എം.ടിക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 3rd October 2024, 5:00 pm

കോഴിക്കോട്: ടി.ബി.എസ് / പൂര്‍ണ സ്ഥാപകനും കേരളത്തിന്റെ പ്രസാധന, സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യമണ്ഡലങ്ങളിലെ നിറസാന്നിധ്യമായ ശീ. എന്‍.ഇ. ബാലകൃഷ്ണമാരാരുടെ സ്മരണാര്‍ത്ഥം നല്‍കുന്ന എന്‍. ഇ. ബാലകൃഷ്ണമാരാര്‍ സ്മാരകസാഹിത്യ സമഗ്രസംഭാവനാപുരസ്‌കാരം എം.ടി വാസുദേവന്‍ നായര്‍ക്ക്.

പൂര്‍ണ കള്‍ച്ചറല്‍ ഫെസ്റ്റിവലിന്റെ രണ്ടാം എഡിഷനില്‍ പ്രശസ്ത സാഹത്യകാരന്‍ സച്ചിദാനന്ദന്‍ എം.ടിക്ക് പുരസ്‌കാരം സമ്മാനിക്കും. ആദ്യ എഡിഷനില്‍ ശശി തരൂരാണ് പുരസ്‌കാരത്തിന് അര്‍ഹനായത്.

ഒക്ടോബര്‍ നാല്, അഞ്ച് തീയ്യതികളിലായി കോഴിക്കോട് മലബാര്‍ പാലസില്‍ നടക്കുന്ന ഫെസ്റ്റിവല്‍ പ്രശസ്ത തമിഴ് സാഹിത്യകാരന്‍ പെരുമാള്‍ മുരുകന്‍ ഉദ്ഘാടനം ചെയ്യുന്നത്.

കോഴിക്കോട് മേയര്‍ ഡോ. ബീന ഫിലിപ്പിന്റെ അധ്യക്ഷതയില്‍ ചേരുന്ന ഉദ്ഘാടന സമ്മേളനത്തില്‍ സാറാ ജോസഫ് മുഖ്യാതിഥിയാവും. സി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. സച്ചിദാനന്ദന്‍ ബാലകൃഷ്ണമാരാര്‍ അനുസ്മരണ പ്രഭാഷണവും നിര്‍വഹിക്കും.

സംഭാഷണം, പ്രഭാഷണം, സംവാദം, കവിതാലാപനം, നോവല്‍-കവിത അവാര്‍ഡ് സമര്‍പ്പണം, പുസ്തക പ്രകാശനം എന്നിങ്ങനെ വൈവിധ്യമാര്‍ന്ന പരിപാടികള്‍ രണ്ടു ദിവസത്തെ കള്‍ച്ചറല്‍ ഫെസ്റ്റിവലില്‍ അരങ്ങേറും.

എഴുത്തും വൈദ്യവും, വയനാട്ടില്‍ നിന്നുള്ള പാഠങ്ങള്‍, സര്‍ഗാത്മകതയുടെ പെണ്‍പക്ഷം, ബാലസാഹിത്യം എന്നീ വിഷയങ്ങളിലാണ് സംവാദങ്ങള്‍. അഡ്വ. എ. ജയശങ്കര്‍, ബോബി ജോസ് കട്ടിക്കാട് എന്നിവരുടെ പ്രഭാഷണങ്ങളും പെരുമാള്‍ മുരുകന്‍, സാറാ ജോസഫ്, സച്ചിദാനന്ദന്‍ എന്നിവരുമായി സംഭാഷണങ്ങളും ഉണ്ടാവും.

വിവിധ സെഷനുകളിലായി ബിനോയ് വിശ്വം, എ. പ്രദീപ് കുമാര്‍, എന്‍. ഇ. സുധീര്‍, സി. വി. ബാലകൃഷ്ണന്‍, സി. ആര്‍. നീലകണ്ഠന്‍, അംബികാസുതന്‍ മാങ്ങാട്, കെ.എന്‍. പ്രശാന്ത്, കല്പറ്റ നാരായണന്‍, വി. എം. ഗിരിജ, പി. വി. ഷാജികുമാര്‍, ആര്‍. രാജശ്രി, ജിസ ജോസ്. എച്ച്മുക്കുട്ടി, സംഗീത ജന്മ, ദൃശ്യ പത്മനാഭന്‍, ഖൈറുന്നീസ എ, കൈകസി വി.എസ്. തുടങ്ങിയവര്‍ സംബന്ധിക്കും. നാലിന് വൈകീട്ട് 7 മണിക്ക് ബീഗം റാസയുടെ ഗാനസന്ധ്യയും അരങ്ങേറും.

സമാപന സമ്മേളനം കെ. പി. രാമനുണ്ണിയുടെ അധ്യക്ഷതയില്‍ വി. ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും. ‘പൂര്‍ണ നോവല്‍ വസന്തം’ പരമ്പരയിലെ പുസ്തകങ്ങള്‍ എ.ഡി.ജി.പി പി. വിജയനു നല്‍കി പ്രതിപക്ഷ നേതാവ് പ്രകാശനം ചെയ്യും. എം. കെ. മുനീര്‍ മുഖ്യാതിഥിയാവും.

 

 

Content Highlight:  N. E. Balakrishnamarar Memorial Literary Comprehensive Award to MT Vasudevan Nair.