അമരാവതി: തെരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാനത്ത് ദേശീയ പാര്‍ട്ടികളുമായ് യാതൊരു ധാരണയ്ക്കുമില്ലെന്ന്് ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും തെലുങ്കുദേശം പാര്‍ട്ടി നേതാവുമായ എന്‍. ചന്ദ്രബാബു നായിഡു. ആന്ധ്രപ്രദേശില്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ ഒറ്റക്ക് നേരിടുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ചന്ദ്രബാബു തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.
ഇരു പാര്‍ട്ടികളുടെ താല്‍പ്പര്യങ്ങള്‍ നോക്കിയാണ് സംസ്ഥാനത്തെ സഖ്യസാധ്യതകളെന്നും അദ്ദേഹം തെലുങ്കുദേശം പാര്‍ട്ടി നേതാക്കളോട് ടെലികോണ്‍ഫറന്‍സില്‍ പറഞ്ഞു.
“ദേശീയതലത്തില്‍ ബി.ജെ.പിക്കെതിരെ ഒരുമിക്കും. രാജ്യത്തെ സംരക്ഷിക്കു, ഭരണഘടന സംരക്ഷിക്കൂ, ഇന്ത്യയെ ഒരുമിപ്പിക്കൂ എന്ന മുദ്രാവാക്യം ഉയര്‍ത്തികൊണ്ട് ഒരേ നിരയില്‍ നിന്നുകൊണ്ട് പോരാടും. തന്നിഷ്ടക്കാരുടെ ഭരണം അവസാനിപ്പിക്കുക എന്നതാണ് പ്രധാന പരിപാടി.” നായിഡു കൂട്ടി ചേര്‍ത്തു.
വെസ്റ്റ് ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും കോണ്‍ഗ്രസും തമ്മില്‍ യാതൊരു തെരഞ്ഞെടുപ്പ് സഖ്യവും ഇല്ലെന്നും നായിഡു പറഞ്ഞു.
“കൊല്‍ക്കത്തയിലെ പ്രതിപക്ഷ റാലിയില്‍ കോണ്‍ഗ്രസ് പങ്കെടുത്തിട്ടുണ്ട്. ഞങ്ങളെല്ലാവരും ഒരേ പ്ലാറ്റ് ഫോമില്‍ ഒരുമിച്ചു. ഭരണഘടനയെ സംരക്ഷിക്കലാണ് 23 പ്രതിപക്ഷ പാര്‍ട്ടികളുടെയും അജണ്ട.” നായിഡു പറഞ്ഞു.
എന്നാല്‍ 175 നിയമസഭാസീറ്റിലും 25 ലോകസഭാ സീറ്റിലും കോണ്‍ഗ്രസ് ഒറ്റക്ക് മത്സരിക്കുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി അറിയിച്ചു.
“ടി.ഡി.പി ദേശീയതലത്തില്‍ മാത്രമെ ഞങ്ങളുമായ് സഖ്യം ചേരുന്നുള്ളു. സംസ്ഥാനതലത്തില്‍ യാതൊരു സഖ്യവും ഇല്ല.” ഉമ്മന്‍ചാണ്ടി പറഞ്ഞു.