രാജ്യത്ത് മാറ്റത്തിന്റെ കാറ്റ് വീശിയടിക്കുന്നു; ബി.ജെ.പി. ഭരണം അവസാനിക്കാനാണ് ജനങ്ങള്‍ കാത്തിരിക്കുന്നത്: ശരദ് പവാര്‍
national news
രാജ്യത്ത് മാറ്റത്തിന്റെ കാറ്റ് വീശിയടിക്കുന്നു; ബി.ജെ.പി. ഭരണം അവസാനിക്കാനാണ് ജനങ്ങള്‍ കാത്തിരിക്കുന്നത്: ശരദ് പവാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 5th March 2023, 4:27 pm

പൂനെ: മഹാരാഷ്ട്രയിലെ കസ്ബ പേത്തിലെ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി.യുടെ പരാജയം രാജ്യത്ത് മാറ്റത്തിന്റെ കാറ്റ് വീശിത്തുടങ്ങിയതിന് തെളിവാണെന്ന് എന്‍.സി.പി. അധ്യക്ഷന്‍ ശരദ് പവാര്‍.

ജനങ്ങള്‍ ബദല്‍ ഭരണം ആഗ്രഹിക്കുന്നുണ്ടെന്നും നിയമസഭ ഇലക്ഷന്‍ നടക്കാനിരിക്കുന്ന
സംസ്ഥാനങ്ങളില്‍ ബി.ജെ.പിക്കെതിരെ പൊതുജനം ഒറ്റക്കെട്ടായി അണിനിരക്കുമെന്നും അദ്ദേഹം പറഞ്ഞു. ബാരാമതിയില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലാണ് പവാറിന്റെ പരാമര്‍ശം.

‘കസ്ബ പേത്തിലെ അസംബ്ലി തെരഞ്ഞെടുപ്പില്‍ ബി.ജെ.പി.യുടെ തോല്‍വി ജനങ്ങള്‍ രാഷ്ട്രീയ ബദല്‍ ആഗ്രഹിക്കുന്നതിന് തെളിവാണ്. രാജ്യത്തുടനീളം മാറ്റത്തിന്റെ കാറ്റ് വീശിയടിക്കാന്‍ തുടങ്ങിയിരിക്കുന്നു.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ കേരളം, തമിഴ്‌നാട്, ആന്ധ്ര പ്രദേശ്, തെലങ്കാന, കര്‍ണാടക എന്നിവിടങ്ങളിലും പഞ്ചാബിലും പശ്ചിമ ബംഗാളിലും നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരുക്കുകയാണ്.

വിവിധ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളെ ബി.ജെ.പി. അട്ടിമറിച്ചിതിന് വോട്ടിലൂടെ ജനങ്ങള്‍ മറുപടി പറയും,’ പവാര്‍ പറഞ്ഞു.

മൂന്ന് പതിറ്റാണ്ടുകളായി ബി.ജെ.പി. സര്‍ക്കാരിന്റെ കുത്തകയായിരുന്ന മണ്ഡലമാണ് പൂനെയിലെ കസ്ബ പേത്ത്. ബി.ജെ.പി സ്ഥാനാര്‍ത്ഥി ഹേമന്ദ് റസാനയെ തോല്‍പ്പിച്ചാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രവീന്ദ്ര ധനേക്കര്‍ അധികാരം പിടിച്ചെടുത്തത്.

ഇരു മുന്നണികള്‍ക്കും അഭിമാന പ്രശ്‌നമായ മത്സരത്തില്‍ മികച്ച ഭൂരിപക്ഷം നേടിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഭരണം നേടിയെടുത്തത്.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥിതിക്ക് കരുത്താകുമെന്നും പവാര്‍ കൂട്ടിച്ചേര്‍ത്തു. കൂട്ടത്തില്‍ നാഗാലാന്‍ഡ് തെരഞ്ഞെടുപ്പില്‍ എന്‍.സി.പി പ്രകടനം മെച്ചപ്പെടുത്തിയെന്നും അദ്ദേഹം അവകാശപ്പെട്ടു.

‘നാഗാലാന്‍ഡിലെ രണ്ടാമത്തെ ഏറ്റവും വലിയ വിജയമാണ് എന്‍.സി.പി നേടിയത്. 12 സീറ്റുകളില്‍ ജയിക്കാന്‍ പാര്‍ട്ടിക്കായി. മികച്ച പ്രകടനമാണ് പ്രവര്‍ത്തകര്‍ അവിടെ കാഴ്ചവെച്ചത്. പാര്‍ട്ടി സെക്രട്ടറി നരേന്ദ്ര വര്‍മനെ നാഗാലാന്‍ഡിലെ സ്ഥിതിഗതികള്‍ നിരീക്ഷിക്കാനായി നിയോഗിക്കാനും ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്,’ പവാര്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: N.C.P chief Sharad pawar says people dont want to win b.j.p again