എൻ.സി.ഇ.ആർ.ടി ആർ.എസ്.എസിനെ പോലെ പ്രവർത്തിക്കുന്നു: ജയറാം രമേശ്
national news
എൻ.സി.ഇ.ആർ.ടി ആർ.എസ്.എസിനെ പോലെ പ്രവർത്തിക്കുന്നു: ജയറാം രമേശ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 17th June 2024, 2:25 pm

ന്യൂദൽഹി: എൻ.സി.ഇ.ആർ.ടി ആർ.എസ്.എസ് അംഗത്തെ പോലെ പ്രവർത്തിക്കുന്നെന്ന് കോൺഗ്രസ് നേതാവും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ ജയറാം രമേശ്. സ്ഥാപനം 2014 മുതൽ ആർ.എസ്.എസിന്റെ ഭാഗമായി പ്രവർത്തിക്കുകയാണെന്നും ഭരണഘടനയ്‌ക്കെതിരായ കടന്നാക്രമണമാണ് നടത്തുന്നതെന്നും കോൺഗ്രസ് നേതാവ് ജയറാം രമേശ് ആരോപിച്ചു.

ബാബറി മസ്ജിദിന്റെ പേര് പരാമർശിക്കാതെയും പ്രധാന ഭാഗങ്ങൾ ഒഴിവാക്കിയും പ്ലസ് ടു പൊളിറ്റിക്സ് പാഠപുസ്തകം പ്രസിദ്ധീകരിച്ച എൻ.സി.ഇ.ആർ.ടിക്കെതിരെ കോൺഗ്രസ്‌ രം​ഗത്ത് എത്തുകയായിരുന്നു.

‘എൻ.സി.ഇ.ആർ.ടി ഒരു പ്രൊഫഷണൽ സ്ഥാപനമല്ലെന്നത് ശരിയാണ്. 2014 മുതൽ ഇത് ഒരു ആർ.എസ്.എസ് അഫിലിയേറ്റ് ആയി പ്രവർത്തിക്കുന്നു. പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകം മതനിരപേക്ഷത എന്ന ആശയത്തെയും വിമർശിക്കുന്നുണ്ടെന്ന് ഇപ്പോൾ വെളിപ്പെട്ടു.

മതേതരത്വം ഭരണഘടനയുടെ അവിഭാജ്യ ഘടകമാണ്. എൻ.സി.ഇ.ആർ.ടി ഈ പ്രവർത്തിയിലൂടെ ഭരണഘടനയെ ആക്രമിക്കുകയാണ് ചെയ്യുന്നത്,’ അദ്ദേഹം പറഞ്ഞു.

എൻ.സി.ഇ.ആർ.ടി എന്നാൽ നാഷണൽ കൗൺസിൽ ഫോർ എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ് എന്നാണ്. അല്ലാതെ നരേന്ദ്ര കൗൺസിൽ ഫോർ എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ് അല്ലെന്ന് ഓർക്കണമെന്നും ജയറാം രമേശ് പറഞ്ഞു.

എൻ.സി.ഇ.ആർ.ടിയുടെ പുതിയ പ്ലസ് ടു പൊളിറ്റിക്സ് പാഠപുസ്തകം വിവാദമായിരിക്കുകയാണ്.
ബാബരി മസ്ജിദിൻ്റെ പേര് പരാമർശിക്കാതെ, മൂന്ന് മിനാരങ്ങൾ ഉള്ള കെട്ടിടം എന്ന വിശേഷണമാണ് പാഠപുസ്തകത്തിൽ മസ്ജിദിനെ കുറിച്ച് പരാമർശിച്ചിട്ടുള്ളത്. പതിനാറാം നൂറ്റാണ്ടിൽ നിർമ്മിച്ച പള്ളി എന്നായിരുന്നു എൻ.സി.ഇ.ആർ.ടിയുടെ പഴയ പാഠഭാഗത്തിലുണ്ടായിരുന്നത്.

മുൻ ഉത്തർപ്രേദേശ് മുഖ്യ മന്ത്രിയും ബാബരി മസ്‌ജിദ്‌ തകർക്കാൻ നേതൃത്വം നൽകുകയും ചെയ്ത കല്യാൺ സിങ്ങിനെതിരെയുള്ള നടപടിയും പുസ്തകത്തിലില്ല. ഇതടക്കം ബാബരി മസ്ജിദുമായി ബന്ധപ്പെട്ട് പഴയ പാഠപുസ്തകത്തിലുണ്ടായിരുന്ന രണ്ട് പേജുകൾ നീക്കം ചെയ്തിട്ടുണ്ട്.

ഗുജറാത്തിലെ സോമനാഥിൽ നിന്ന് അയോധ്യയിലേക്കുള്ള ബി.ജെ.പി രഥയാത്രയും കർസേവകരുടെ പങ്കും പുതിയ പാഠപുസ്തകത്തിലുണ്ടായിരുന്നില്ല.

വിഷയം വിവാദമായതോടെ വിശദീകരണവുമായി എൻ.സി.ആർ.ടി ഡയറക്ടർ ദിനേശ് പ്രസാദ് സക്ലാനി രംഗത്ത് വന്നിരുന്നു. കലാപങ്ങളെ കുറിച്ചെന്തിനാണ് കുട്ടികൾ പടിക്കുന്നതെന്നായിരുന്നു അദ്ദഹം വിശദീകരണമായി പറഞ്ഞത്. കലാപത്തെ കുറിച്ചൊക്കെ വലുതാകുമ്പോൾ അവർക്ക് പഠിക്കാം, അല്ലാതെ അതെന്തിനാണ് പാഠപുസ്തകത്തിൽ ഉൾപെടുത്തുന്നതെന്നും ദിനേശ് പ്രസാദ് പറഞ്ഞിരുന്നു.

Content Highlight: N.C.E.R.T working as R.S.S arm: Jayaram Ramesh