ആ സിനിമയില്‍ ആദ്യം പഠിപ്പിച്ചത് നടക്കാന്‍; അതിലെന്റെ നടത്തത്തിന് ഒരു പ്രത്യേകത ഉണ്ടായിരുന്നു: മൈഥിലി
Entertainment
ആ സിനിമയില്‍ ആദ്യം പഠിപ്പിച്ചത് നടക്കാന്‍; അതിലെന്റെ നടത്തത്തിന് ഒരു പ്രത്യേകത ഉണ്ടായിരുന്നു: മൈഥിലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 6th October 2024, 4:14 pm

രഞ്ജിത്ത് രചനയും സംവിധാനവും നിര്‍വഹിച്ച് 2009ല്‍ പുറത്തിറങ്ങിയ മിസ്റ്ററി ചിത്രമായിരുന്നു പാലേരി മാണിക്യം: ഒരു പാതിരാകൊലപാതകത്തിന്റെ കഥ. ടി.പി. രാജീവന്റെ ഇതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കി എത്തിയ ചിത്രം ഇപ്പോള്‍ റീ റിലീസിന് ഒരുങ്ങുകയാണ്.

കേരളത്തില്‍ രേഖപ്പെടുത്തിയ ആദ്യത്തെ കൊലപാതക കേസിന്റെ യഥാര്‍ത്ഥ കഥ പറഞ്ഞ ചിത്രത്തില്‍ മമ്മൂട്ടിയും ശ്വേത മേനോനും മൈഥിലിയും ആയിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മമ്മൂട്ടി മൂന്ന് വേഷങ്ങളില്‍ എത്തിയ സിനിമ നടി മൈഥിലിയുടെ കരിയറിലെ ആദ്യ ചിത്രമായിരുന്നു. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ പാലേരി മാണിക്യത്തെ കുറിച്ച് സംസാരിക്കുകയാണ് മൈഥിലി.

‘ഓരോ സിനിമ കഴിയുമ്പോഴും ഒന്നുകൂടെ നന്നാക്കാമായിരുന്നു എന്ന് എന്തായാലും തോന്നുമല്ലോ. ഏത് സിനിമയാണെങ്കിലും അങ്ങനെ തന്നെയാണ്. പാലേരി മാണിക്യവും ഒന്നുകൂടെ നന്നാക്കാമായിരുന്നുവെന്ന് തോന്നിയിട്ടുണ്ട്. അത് എന്റെ ആദ്യത്തെ സിനിമ കൂടെയായിരുന്നു.

ഓരോ സീന്‍ എടുത്തു നോക്കുമ്പോഴും ആ തോന്നല്‍ ഉണ്ടാകും. അപ്പോഴും വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ പറ്റില്ല. ഒന്നും അറിയാതെ ചെയ്ത ഒരു പടം കൂടെയായിരുന്നു പാലേരി മാണിക്യം. ആ സമയത്ത് കൂടുതല്‍ ഒന്നും അറിയില്ലായിരുന്നു. അഭിനയം പോലും അറിയില്ലായിരുന്നു (ചിരി).

പിന്നെ ഞാന്‍ എപ്പോഴും കാല് പൊന്തിച്ചായിരുന്നു നടന്നിരുന്നത്. എന്നാല്‍ ഈ സിനിമയില്‍ അങ്ങനെയായിരുന്നില്ല വേണ്ടത്. ആ കാലഘട്ടത്തില്‍ ചെരുപ്പില്ലാതെയായിരുന്നു നടന്നത്. അതുകൊണ്ട് നടത്തത്തില്‍ ഒരു പ്രത്യേകത ഉണ്ടായിരുന്നു.

അവിടെയുള്ളവര്‍ നടക്കുന്നത് കണ്ടും സംസാരിക്കുന്ന ഭാഷ മനസിലാക്കിയുമാണ് സിനിമയില്‍ അഭിനയിച്ചത്. കോഴിക്കോട് സ്ലാങ് വ്യത്യസ്തമായിരുന്നു. അതൊക്കെ ഒബ്‌സര്‍വ് ചെയ്യാന്‍ എന്നോട് പറഞ്ഞിരുന്നു.

നടക്കാനും അവര്‍ ട്രെയിനിങ് തന്നു. പിന്നെ 10 ദിവസത്തെ വര്‍ക്ക്‌ഷോപ്പ് ഉണ്ടായിരുന്നു. അതില്‍ ചെറിയ ചെറിയ കാര്യങ്ങള്‍ പറഞ്ഞു തന്നു. ആദ്യം നടക്കാനാണ് പഠിപ്പിച്ചത് എന്നതാണ് സത്യം,’ മൈഥിലി പറയുന്നു.


Content Highlight: Mythili Talks About Paleri Manikyam Oru Pathirakolapathakathinte Katha