മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് മൈഥിലി. 2009ല്‍ പുറത്തിറങ്ങിയ രഞ്ജിത്ത് ചിത്രമായ പാലേരി മാണിക്യത്തിലൂടെയാണ് മൈഥിലി തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്. ഇപ്പോള്‍ മാധ്യമങ്ങളെ കുറിച്ച് പറയുകയാണ് നടി.
സ്ത്രീകളെ സപ്പോര്‍ട്ട് ചെയ്യുന്ന ഒരു സമൂഹമായിരുന്നിട്ട് പോലും ഒരുപാട് ഫേക്ക് ന്യൂസുകള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് മൈഥിലി പറയുന്നത്. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി. ഒരു സമയത്ത് താന്‍ ഇത്തരം മാധ്യമങ്ങള്‍ക്ക് എതിരെ പത്തിരുപതോളം കേസുകള്‍ കൊടുത്തിട്ടുണ്ടെന്നും മൈഥിലി കൂട്ടിച്ചേര്‍ത്തു.
‘സ്ത്രീകളെ സപ്പോര്‍ട്ട് ചെയ്യുന്ന ഒരു സമൂഹത്തിലാണ് നമ്മള്‍ നില്‍ക്കുന്നത്. പക്ഷെ അവിടെയും എത്രത്തോളം സ്ത്രീകള്‍ക്കാണ് ഫേക്ക് ന്യൂസുകളും ഓരോ കഥകളും നേരിടേണ്ടി വരുന്നത്. ചിലപ്പോള്‍ അവര്‍ക്ക് കഞ്ഞി കുടിക്കാന്‍ വേണ്ടിയായിരിക്കും. എന്നാല്‍ പോലും നമ്മളെ വിറ്റ് കാശാക്കിയിട്ടല്ലേ അവരത് ചെയ്യുന്നത്.
ഒരു സമയത്ത് ഞാന്‍ ഇത്തരം മാധ്യമങ്ങള്‍ക്ക് എതിരെ പത്തിരുപതോളം കേസുകള്‍ കൊടുത്തിട്ടുണ്ട്. ഈയിടെയാണ് എനിക്ക് അതിന്റെ ഭാഗമായിട്ട് ഒരു കോള് വന്നത്. അവരുടെ വക്കീല് എന്നെ വിളിച്ച് സംസാരിച്ചു. ആ കേസില്‍ നിന്ന് അവരെയൊന്ന് ഒഴിവാക്കി തരണമെന്ന് പറഞ്ഞു.
അത് ഏതാണ് കേസെന്ന് അപ്പോള്‍ എനിക്ക് ഓര്‍മ വന്നില്ല. കാരണം ഞാന്‍ പത്തിരുപത് കേസുകള്‍ കൊടുത്തിട്ടുണ്ടല്ലോ. അതില്‍ ഏത് കേസാണെന്ന് എനിക്ക് കറക്ടായി കിട്ടിയില്ല. ഞാന്‍ എന്തായാലും കേസില്‍ നിന്ന് പിന്മാറില്ലെന്ന് പറഞ്ഞു, ഒപ്പം ഏത് കേസാണെന്നും ചോദിച്ചു.
അപ്പോള്‍ അവര് ‘ഞങ്ങള്‍ ഒന്നും ചെയ്തിട്ടില്ല. കട്ട് ആന്‍ഡ് പേസ്റ്റ് മാത്രമേ ചെയ്തിട്ടുള്ളൂ’ എന്നാണ് പറഞ്ഞത്. വളരെ സിമ്പിളായിട്ടാണ് അവര് ആ കാര്യം പറഞ്ഞത്. സത്യത്തില്‍ എന്താണ് അവര്‍ ചെയ്തതെന്ന് ആ പറഞ്ഞതിലുണ്ട്.
ആദ്യമൊക്കെ എല്ലാവരും എന്നോട് പറയാറുള്ളത് പ്രതികരിക്കരുതെന്നാണ്. ഇതിനെയൊക്കെ മൈന്‍ഡ് പോലും ചെയ്യരുതെന്നും മാധ്യമങ്ങള്‍ ഓരോന്നും പറഞ്ഞ് അതുവഴി പോകുമെന്നും പറഞ്ഞു. അങ്ങനെ മിണ്ടാതിരുന്നു മിണ്ടാതിരുന്ന് പിന്നെ എന്തൊക്കെയോ എഴുതാന്‍ തുടങ്ങി. ഞാന്‍ മരിച്ചു എന്നുവരെ വാര്‍ത്ത വന്നിരുന്നു,’ മൈഥിലി പറഞ്ഞു.
Content Highlight: Mythili Talks About Media