| Friday, 4th September 2015, 11:01 am

'ലോഹ'ത്തില്‍ പിന്നണി ഗായികയായതെങ്ങനെ? മൈഥിലി പറയുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

“പാലേരി മാണിക്ക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ” എന്ന ചിത്രത്തിലൂടെ സംവിധായകന്‍ രഞ്ജിത്താണ് മൈഥിലിയെന്ന നടിയെ മലയാളത്തിനു പരിചയപ്പെടുത്തിയത്. രഞ്ജിത്തിന്റെ ചിത്രത്തിലൂടെ നടിയായി അരങ്ങേറിയ മൈഥിലി അദ്ദേഹത്തിന്റെ ചിത്രത്തിലൂടെ തന്നെ പിന്നണി ഗായികയായും തുടക്കം കുറിച്ചിരിക്കുകയാണ്.

“ലോഹം” എന്ന ചിത്രത്തിലെ “കനകമൈലാഞ്ചി നിറയെ തേച്ചെന്റെ വിരല്‍ ചോപ്പിച്ചു ഞാന്‍” എന്ന ഗാനം ആലപിച്ചുകൊണ്ടാണ് മൈഥിലി പിന്നണി ഗാനരംഗത്തേക്കു വന്നിരിക്കുന്നത്.

രഞ്ജിത്ത് തന്നെയാണ് തന്നിലെ ഗായികയെ തിരച്ചറിഞ്ഞതെന്നാണ് മൈഥിലി പറയുന്നത്. “തികച്ചും അവിചാരിതമായിട്ടാണ് എനിക്ക് ആ ഗാനമാലപിക്കാനുള്ള അവസരമൊരുങ്ങിയത്. “ലോഹ”ത്തിന്റെ സെറ്റില്‍ ശ്രീവത്സന്‍ ജെ. മേനോന്‍ ഈണമിട്ട “സ്വപാനം” എന്ന ചിത്രത്തിലെ കാമിനി മണീ സഖീ.. എന്ന ഗാനം ഞാന്‍ സ്ഥിരമായി മൂളിക്കൊണ്ട് നടക്കുമായിരുന്നു. ഇതുകേട്ട രഞ്ജിയേട്ടന്‍ ഇക്കാര്യം സെറ്റിലുണ്ടായിരുന്ന ശ്രീവത്സേട്ടന്റെ ശ്രദ്ധയില്‍പ്പെടുത്തി. ശ്രീവത്സന്‍ മൈഥിലി നന്നായി പാടുന്നുണ്ട്, ഒന്ന് കേട്ടുനോക്കൂ. ഇങ്ങനെയൊക്കെ പറഞ്ഞാണ് രഞ്ജിയേട്ടന്‍കാര്യം അവതരിപ്പിച്ചത്.” മാതൃഭൂമിക്കു നല്‍കിയ അഭിമുഖത്തില്‍ മൈഥിലി പറയുന്നു.

“ഉടനെ ഞാന്‍ പാടണമെന്ന് ശ്രീവത്സേട്ടന്‍ നിര്‍ദേശിച്ചു. കാമിനി മണി തന്നെയാണ് ഞാന്‍ പാടിയത്. ഗാനം കേട്ടകഴിഞ്ഞയുടന്‍ എന്നാ നമുക്കിവളെക്കൊണ്ട് പാടിക്കാമെന്നായി അദ്ദേഹം. അങ്ങനെ എന്റെ ആദ്യ സിനിമാ ഗാനവും പിറന്നു.” മൈഥിലി വ്യക്തമാക്കി.

പാട്ടുകള്‍ വളരെ ഇഷ്ടമാണ്. ചില റീമിക്‌സ് ഗാനങ്ങള്‍ പാടിയിട്ടുമുണ്ട്. എന്നാല്‍ പൂര്‍ണാര്‍ഥത്തില്‍ ഒരുഗാനം ആലപിക്കുന്നത് ഇപ്പോഴാണെന്നും മൈഥിലി പറയുന്നു. നല്ല അവസരങ്ങള്‍ ലഭിച്ചാല്‍ ഇനിയും പാടാനാണ് മൈഥിലിയുടെ തീരുമാനം.

We use cookies to give you the best possible experience. Learn more