| Wednesday, 18th May 2022, 5:35 pm

എന്താണ് ശിവലിംഗം? പുരാണകഥകള്‍ പറയുന്നതെന്ത് ?

അസീസ് തരുവണ

കാശി വിശ്വനാഥ ക്ഷേത്രത്തിന് സമീപത്തെ ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തില്‍ ശിവലിംഗം കണ്ടെത്തിയെന്ന അവകാശവാദം പുതിയ വിവാദത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. ‘ശിവലിംഗം ‘കണ്ടെത്തിയതി’നെ തുടര്‍ന്ന് മസ്ജിദിന്റെ ഒരുഭാഗം അടച്ചിടാന്‍ സിവില്‍ കോടതി ഉത്തരവിട്ടതായാണ് വാര്‍ത്ത. കണ്ടെത്തിയ ശിവലിംഗം സുരക്ഷിതമായി സൂക്ഷിക്കാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ഹരജിക്കാരുടെ അഭിഭാഷകന്‍ മദന്‍ മോഹന്‍ യാദവ് കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് സിവില്‍ ജഡ്ജ് സീനിയര്‍ ഡിവിഷന്‍ രവികുമാര്‍ ദിവാകര്‍ സ്ഥലം സീല്‍ ചെയ്യാന്‍ നിര്‍ദേശം നല്‍കിയത്.

എന്നാല്‍, ശിവലിംഗം കണ്ടെത്തിയെന്ന് പറയുന്നതു ശരിയല്ലെന്നും നിസ്‌കാരത്തിനായി വിശ്വാസികള്‍ അംഗശുദ്ധി വരുത്തുന്ന ജലസംഭരണി ഹൗദ്/വുദു ഖാനയിലെ വാട്ടര്‍ ഫൗണ്ടന്‍ ആണ് ഇതെന്നു മസ്ജിദ് അധികൃതര്‍ പറയുന്നു. മുഗള്‍കാല നിര്‍മിതിയായ മസ്ജിദിന്റെ വുദുഖാനയിലുള്ള വാട്ടര്‍ ഫൗണ്ടനാണെന്ന് വ്യക്തമാക്കി മേല്‍ക്കോടതിയെ സമീപിക്കുമെന്നും ഗ്യാന്‍വാപി മസ്ജിദിന്റെ സംരക്ഷണ ചുമതലയുള്ള അന്‍ജുമന്‍ ഇന്‍തിസാമിയ മസ്ജിദ് അധികൃതര്‍ പറയുന്നു.

ഗ്യാന്‍ വാപി മസ്ജിദ്

രണ്ടടി ഉയരവും അഞ്ചടി വ്യാസവുമുള്ള കല്ലില്‍ തീര്‍ത്തതാണ് ഫൗണ്ടന്‍. രണ്ടര അടി ഉയരവും അഞ്ചടി ചുറ്റളവുമുള്ള കിണര്‍പോലുള്ള വലിയ ഫൗണ്ടന് അകത്താണ് കൊച്ചു ഫൗണ്ടന്‍ ഉള്ളത്. ഇതിനെയാണ് ശിവലിംഗമെന്ന് അവകാശപ്പെട്ട് പരാതികാരന്‍ കോടതിയെ സമീപിച്ചത്. പുരാതന മസ്ജിദുകളിലെല്ലാം അംഗ സ്‌നാനം ചെയ്യുവാനുള്ള ഇത്തരം ജലസംഭരണികള്‍ കാണാം.

വാസ്തവത്തില്‍, സംഘപരിവാറിന്റെ ഫാസിസ്റ്റ് അജണ്ടയുടെ ഭാഗമാണ് പുതിയ വിവാദമെന്നതിന് വലിയ ഗവേഷണമൊന്നും ആവശ്യമില്ല.

എങ്ങനെയാണ് ശിവന്റെ ലിംഗം ഈ അംഗസ്‌നാന ജലസംഭരണിയില്‍ എത്തിച്ചേരുക എന്നൊന്നുമുള്ള ചോദ്യം പോലും നീതിന്യായ കോടതി പരാതികാരനോടു തിരിച്ചു ചോദിച്ചില്ല എന്നതാണ് ജനാധിപത്യ-മതേതര വിശ്വാസികളെ അസ്വസ്ഥരാക്കേണ്ടത്. മിത്തുകളേയും ഇതിഹാസ കഥകളേയും ചരിത്രവത്കരിക്കുകയും എല്ലാ അയുക്തികളേയും വിശ്വാസത്തിന്റെ പേരില്‍ കോടതികള്‍ പോലും തൊണ്ട തൊടാതെ വിഴുങ്ങുകയും ചെയ്യുന്ന കെട്ട കാലത്തിലൂടെയാണ് നമ്മുടെ രാജ്യമിപ്പോള്‍ കടന്നു പോയ്‌ക്കൊണ്ടിരിക്കുന്നത്.

1948ല്‍ ബാബ്‌രി മസ്ജിദില്‍ ‘സ്വയംഭൂവായ’രാമവിഗ്രഹം കണ്ടതിന് സമാനമാണ് ഇപ്പോള്‍ കണ്ട ‘ശിവലിംഗവും’. അന്ന് പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ‘സ്വയംഭൂവായ ‘രാമവിഗ്രഹമെടുത്ത് സരയൂ നദിയില്‍ വലിച്ചെറിയുവാനാണ് പറഞ്ഞത്.

ഇത്തരുണത്തില്‍ എന്താണ് ശിവലിംഗമെന്നും അതിങ്ങനെ അവിടെയും ഇവിടേയും പൊങ്ങി വരുമോ എന്നും പുരാണേതിഹാസങ്ങളുടെ വെളിച്ചത്തില്‍ വിശകലനം ചെയ്യേണ്ടതുണ്ട്.

എന്താണ് ശിവലിംഗം?

ശിവലിംഗത്തെപ്പറ്റി ഒട്ടേറെ കഥകള്‍ പുരാണേതിഹാസങ്ങളില്‍ കാണാം. അവയില്‍ പ്രധാനമായ മൂന്നു കഥകള്‍ താഴെ കൊടുക്കുന്നു .

ഒന്നാമത്തെ കഥ:

ദക്ഷയാഗത്തില്‍ മരിച്ച സതീദേവിയെ ഓര്‍ത്ത് വിരഹാഗ്നിയില്‍ വെന്തു നീറി നീറി ശിവന്‍ നാടെങ്ങും അലഞ്ഞുനടന്നു. ആ ഘട്ടത്തിലൊരിക്കല്‍ വിന്ധ്യാപര്‍വ്വതത്തില്‍ എത്തിചേര്‍ന്നു. ശിവന്റെ ഈ ദുരവസ്ഥയെ ചൂഷണം ചെയ്യുന്നതിനുവേണ്ടി കാമദേവന്‍ അസ്ത്രങ്ങളുമായി സദാസമയവും ശിവനെ പിന്തുടര്‍ന്നുകൊണ്ടിരുന്നു. ശിവന്‍ വിന്ധ്യനില്‍ വന്നുചേര്‍ന്നയുടനെ കാമദേവന്‍ അവിടെയും ചെന്നു ശിവനെ എയ്യാന്‍ തുടങ്ങി . കാമാസ്ത്രങ്ങള്‍കൊണ്ടു പൊറുതിമുട്ടിയ ശിവന്‍ അവിടെനിന്നു ഓടി ദാരുവനത്തില്‍ എത്തി. അവിടെ ഒട്ടേറെ മഹര്‍ഷിമാര്‍ പത്‌നിമാരുമൊന്നിച്ചു പാര്‍ത്തിരുന്നു. അവരെല്ലാം ശിവനെ കണ്ടയുടനെ തലവണങ്ങി.

ഭഗവാന്‍ അവരോട്: ”എനിക്കു ഭിക്ഷ തരുവിന്‍” എന്നരുളിചെയ്തു. അതിനു ആ മഹര്‍ഷിമാരെല്ലാം മിണ്ടാതെ നിന്നതേയുള്ളു. തങ്ങളുടെ പത്‌നിമാര്‍ ശിവനെ തലവണങ്ങിയത് മഹര്‍ഷിമാര്‍ക്കിഷ്ടമായില്ല . ശിവന്‍ ആശ്രമത്തില്‍ കൂടി ചുറ്റിനടന്നു. ശിവനെ കണ്ടിട്ട് അരുന്ധതിയും അനസൂയയും ഒഴികെയുള്ള എല്ലാ സ്ത്രീകള്‍ക്കും മനസ് ഇളകിപ്പോയി. അവര്‍ക്ക് മനസ്സിളകി മദനപീഡയാല്‍ ലഹരിപിടിച്ചു. ശിവന്റെ പിന്നാലെ അവര്‍ നടക്കുകയായി. സ്വന്തം ആശ്രമങ്ങളെ ശൂന്യമാക്കിയിട്ട് ആ മുനിപത്‌നിമാര്‍ , പിടിയാനകള്‍ മദഗജത്തെ എന്നപോലെ ശിവനെ പിന്തുടര്‍ന്നു. അതുകണ്ടു കോപിച്ച ഭാര്‍ഗ്ഗവാംഗിരസ്സന്മാരായ മുനിമാര്‍,’ അങ്ങയുടെ ലിംഗം വീണുപോകട്ടെ” എന്നു ശപിച്ചു . ഉടനെ ദേവന്റെ ലിംഗം താഴെ വീഴുകയും ശിവന്‍ അപ്രത്യക്ഷനാകയും ചെയ്തു.

താഴെ വീണ ലിംഗം ഭൂതലത്തെ പിളര്‍ത്തി, പാതാളത്തിലെത്തി മീതെ ബ്രഹ്മാണ്ഡത്തെയും പിളര്‍ത്തി . തല്‍ക്ഷണം ഭൂമിയും പര്‍വ്വതങ്ങളും നദികളും വൃക്ഷങ്ങളും പാതാളവും എന്നുവേണ്ട ചരാചരലോകം മുഴുവനും കുലുങ്ങിപ്പോയി. പ്രപഞ്ചം കുലുങ്ങുന്നതുകണ്ടിട്ടു ബ്രഹ്മാവു വിഷ്ണുവിനെ കാണാന്‍ പാതാളത്തിലേയ്ക്കുപോയി . ഈ പ്രകൃതിക്ഷോഭത്തിനു കാരണമെന്തെന്ന് ബ്രഹ്മാവു ചോദിച്ചു . ഇതുകേട്ട് വിഷ്ണു ഇങ്ങനെ പറഞ്ഞു : ‘ അല്ലയോ ബ്രഹ്മാവ്, ശിവന്റെ ലിംഗം മഹര്‍ഷിമാര്‍ വീഴ്ത്തിക്കളഞ്ഞു . അതിന്റെ ഭാരം കൊണ്ടാണു ഭൂമി കുലുങ്ങിയത്.

ഈ അത്യത്ഭുതം കേട്ട് ബ്രഹ്മാവു വിഷ്ണുവിനേയും കൂട്ടികൊണ്ടു ശിവന്റെ ലിംഗം കിടന്ന സ്ഥാനത്തേയ്ക്കു നടന്നു. അനന്തമായ ലിംഗം കണ്ടിട്ട് അത്ഭുത പരതന്ത്രനായ വിഷ്ണുഭഗവാന്‍ ഗരുഡന്റ പുറത്തുകയറി പാതാളത്തിലേക്കിറങ്ങി . ബ്രഹ്മാവു പത്മവിമാനത്തില്‍ കയറി മുകളിലെങ്ങും സഞ്ചരിച്ചു . ലിംഗത്തിന്റെ അറ്റം കാണാത്തതിനാല്‍ അത്ഭുതപ്പെട്ട് തിരികെപ്പോന്നു. മഹാവിഷ്ണു ഏഴുലോകങ്ങളിലും സഞ്ചരിച്ച് അറ്റം കാണാതെ വെളിയിലേയ്ക്കു പോന്നു. അതിനു ശേഷം വിഷ്ണുവും ബ്രഹ്മാവും ശിവനെ സ്തുതിച്ചു. ശിവന്‍ പ്രത്യക്ഷനായി. നിലത്തു വീഴ്ത്തപ്പെട്ട ലിംഗം തിരികെ എടുക്കണമെന്നു അവര്‍ ശിവനോട് അപേക്ഷിച്ചു. തന്റെ ലിംഗത്തെ ദേവന്മാര്‍ പൂജിക്കുമെങ്കില്‍ മാത്രമേ തിരിച്ചെടുക്കു എന്നു ശിവന്‍ ശാഠ്യം പിടിച്ചു. അങ്ങനെയാവട്ടെ എന്നു വിഷ്ണു ഭഗവാന്‍ സമ്മതിച്ചു.

ബ്രഹ്മാവ് കനകപിംഗളമായ ബിംബത്തെ തന്നത്താന്‍ കൈക്കൊണ്ടു . അതിനു ശേഷം മഹാവിഷ്ണു നാലു ജാതികളെയും അവര്‍ക്കെല്ലാം ശിവപൂജയ്ക്കുള്ള പലതരം പ്രാമാണികശാസ്ത്രങ്ങളെയും നിര്‍മ്മിച്ചു . ഒന്നാമത്തതിനു ശൈവമെന്നും രണ്ടാമത്തതിനു പാശപതമെന്നും , മൂന്നാമത്തേതിനു കാലദമനമെന്നും , നാലാമത്തേതിനു കാപാലികമെന്നും പേര്‍ പറയുന്നു . ബ്രഹ്മാവും വിഷ്ണുവും ഇത്രയും ചെയ്തശേഷം മടങ്ങി പോവുകയും ശിവന്‍ തന്റെ ലിംഗം തിരിച്ചെടുക്കുകയും ചെയ്തു . ( വാമനപുരാണം 6 -ാം അദ്ധ്യായം)

രണ്ടാമത്തെ കഥ :

ബ്രഹ്മാവിന്റെ മനസ്സില്‍ നിന്ന് 88000 ബാലഖില്യന്മാര്‍ ജനിച്ചു . അവര്‍ എപ്പോഴും സ്‌നാനവും ദേവപൂജയും ചെയ്തുകൊണ്ടു ഉപവാസവ്രതങ്ങളാല്‍ ദേഹം ശോഷിപ്പിക്കുകയുണ്ടായി. ഒരായിരം ദിവ്യവത്സരം മുഴുവന്‍ മെലിഞ്ഞു ഞരമ്പുകള്‍ പൊങ്ങിയ അവര്‍ ശിവനെ ആരാധിച്ചു. എന്നിട്ടും ശിവന്‍ പ്രത്യക്ഷപ്പെട്ടില്ല .

പിന്നീടൊരിക്കല്‍ ശിവന്‍ പാര്‍വ്വതിയോടുകൂടി ആകാശമാര്‍ഗ്ഗത്തിലൂടെ എഴുന്നള്ളുമ്പോള്‍, സുവ്രതയായ ദേവി അവരെ കണ്ടിട്ടു സങ്കടം തോന്നുകയാല്‍ മഹാദേവനെ പ്രസാദിപ്പിച്ചു . ഇങ്ങനെ പറഞ്ഞു : ദേവ , ദാരു വനവാസികളായ ആ മഹര്‍ഷിമാര്‍ കഷ്ടപ്പെടുകയാണല്ലോ; എന്റെ പേരില്‍ ദയവുചെയ്തു അവരുടെ കഷ്ടപാടുകള്‍ തീര്‍ത്തുകൊടുക്കണം. ദേവ, ആ ധര്‍മ്മിഷ്ഠന്മാരുടെ ദുഷ്‌കൃതം ഒടുങ്ങാത്ത ഒന്നാണെന്നോ ? എല്ലും ഞരമ്പുകളും കൂടി വരണ്ടുണങ്ങിയിട്ടുള്ള അവര്‍ക്ക് ഇനിയും സിദ്ധിവരുന്നില്ലല്ലോ ”

ദേവിയുടെ വാക്കുകേട്ടിട്ടു ശിവന്‍ പുഞ്ചിരിതൂകിക്കൊണ്ടു ഇങ്ങനെ പറഞ്ഞു: ‘ ദേവീ , ഭവതിക്കു ധര്‍മ്മത്തിന്റെ ശരിയായ ഗതി ശരിക്കറിഞ്ഞുകൂടാ. ഇവര്‍ ധര്‍മ്മം അറിയുന്നവരല്ല. കാമവും ക്രോധവും നീങ്ങിയവരുമല്ല . വെറും മൂഢന്മാരാണ്” ഇതുകേട്ടിട്ട് ദേവി പറഞ്ഞു : ഭഗവാനേ!എന്നാല്‍ ഇവരുടെ മട്ട് എനിക്കു കാണിച്ചുതരിക . എനിക്കു തുലോം കൗതുകം തോന്നുന്നു ‘ ‘ ശിവന്‍ ദേവിയോട് ഇങ്ങനെ അരുളിച്ചെയ്തു : ”ഭവതി ഇവിടെ നില്‍ക്കുക. ഞാന്‍ ഈ മുനിപുംഗവന്മാര്‍ കൊടും തപസ്സനുഷ്ഠി ക്കുന്ന ദിക്കില്‍ച്ചെന്നു അവരുടെ ചേഷ്ടിതം കാട്ടിത്തരാം” . ശിവന്‍ ഇങ്ങനെ പറഞ്ഞപ്പോള്‍ , ദേവി സന്തോഷിച്ച് , ‘എന്നാല്‍ പോവുക’ എന്നു പറഞ്ഞു സ്വഭര്‍ത്താവിനെ മഹര്‍ഷിമാര്‍ തപസ്സനുഷ്ഠിക്കുന്നിടത്തേക്കയച്ചു .

വേദം ചൊല്ലുകയും അഗ്‌നിഹോത്രമനുഷ്ഠിക്കയും ചെയ്യുന്ന ആ മുനിമാരെ കണ്ടിട്ടു ശിവന്‍ സുന്ദരനായ ഒരു യുവാവായി, വനമാല ശിരസ്സിലണിഞ്ഞു. ഭിക്ഷാകപാലം കയ്യില്‍ വച്ച്, തീരെ നഗ്‌നനായി , മുന്യാശ്രമത്തില്‍ പിച്ചതെണ്ടുന്ന മട്ടില്‍, ‘ഭിക്ഷതരണേ’എന്നു പറഞ്ഞു കൊണ്ട് ആശ്രമത്തിലെത്തി. ആശ്രമത്തിലെത്തിയ ദേവനെക്കണ്ടിട്ടു ബ്രഹ്മവാദികളുടെ സ്ത്രീകള്‍ ആ യുവാവിന്റെ സൗന്ദര്യത്തില്‍ മയങ്ങി കൗതുകം പൂണ്ട് , ‘ഹേ വരൂ, നമുക്കു ഭിക്ഷുവിനെ കാണാം ‘എന്നിങ്ങനെ തമ്മില്‍ പറഞ്ഞു . ധാരാളം ഫലമൂലാദികളുമെടുത്തു ചെന്നു :” ഭിക്ഷ വാങ്ങിക്കൊള്‍ക ‘ എന്നു ഭഗവാനോടു പറഞ്ഞു. ”ഭിക്ഷ തരൂ തപോധനന്മാരേ , നിങ്ങള്‍ക്കു നല്ലതു വരട്ടെ” എന്നരുളിചെയ്തു. പുഞ്ചിരിക്കൊള്ളുന്ന ദേവേശനെ ദേവി അവിടെനിന്നും തൃക്കണ്‍പാര്‍ത്തിരുന്നു .
ഭിക്ഷ കൊടുത്തിട്ട് ആ കാമാര്‍ത്തരായ സ്ത്രീകള്‍ അദ്ദേഹത്തോടു ചോദിച്ചു : ‘താപസാ എന്തൊരു വ്രതമാണു ഭവാന്‍ ഈ അനുഷ്ഠിക്കുന്നതു് ?വസ്ത്രമുടുത്തിട്ടില്ല ; വനമാലയണിഞ്ഞിട്ടുണ്ടുതാനും!
അങ്ങുന്നു മനോഹരനായ ഒരു താപസനാണ്. വിരോധമില്ലെങ്കില്‍ പറയുക ‘.

ഇതുകേട്ട് താപസന്‍ ചിരിച്ചുകൊണ്ടു പറഞ്ഞു , ‘ ഇതു ഒരു രഹസ്യവ്രതമാണ് , പുറത്തു പറഞ്ഞുകൂടാ : സൗഭാഗ്യവതികളെ, വളരെപ്പേര്‍ കേള്‍ക്കെ ഈ വ്രതം ഇന്നതാണെന്നു പറയാന്‍ പാടില്ല . അതിനാല്‍ നിങ്ങള്‍ പൊയ്‌ക്കൊവിന്‍ . ഇതുകേട്ട് അവര്‍ മുനിയോടു പറഞ്ഞു എന്നാല്‍ വരൂ ; നമുക്കു പോകാം . ഞങ്ങള്‍ക്കു വളരെ ആഗ്രഹമുണ്ട്. ഇപ്രകാരം പറഞ്ഞു അവര്‍ കൈകള്‍കൊണ്ട് മുനിയെ പിടിച്ച. കന്ദര്‍പ്പപീഡിതയായ ഒരുവള്‍ കഴുത്തിലും മറെറാരുവള്‍ കയ്യിന്മേലും വേറൊരു സ്ത്രീ കാല്‍മുട്ടുകളിലും, പിന്നൊരുത്തി തലമുടിയിലും, മറ്റൊരു സുന്ദരി അരക്കെട്ടിലും മറെറാരുത്തി കാലുകളിലും പിടിച്ചു . സ്വഭാര്യമാരുടെ ക്ഷോഭം കണ്ടിട്ടു മഹര്‍ഷിമാര്‍ ‘അടിക്കുക ‘ എന്നു പറഞ്ഞ് വടിയും കല്ലുമെടുത്തു ദേവന്റെ ലിംഗത്തെ അടിച്ചുവീഴ്ത്തി. ലിംഗം വീഴ്ത്തപ്പെട്ട ഉടന്‍ ഭഗവാന്‍ മറഞ്ഞു; ദേവിയോടുകൂടി കൈലാസപര്‍വ്വതത്തില്‍ എത്തിച്ചേര്‍ന്നു.

ശിവലിംഗം വീണസമയത്തും പരാചരമെല്ലാം വല്ലാതെ വിറച്ചുപോയി. ഇതു കണ്ടിട്ടു ആ മഹര്‍ഷിമാര്‍ അവിടെ ആകുലത്വം പൂണ്ടു നില്പായി. അവരില്‍ ഒരു മഹാമുനി പറഞ്ഞു : – ആ മഹാത്മാവായ താപസന്റെ സത്യാവസ്ഥ നമുക്കറിഞ്ഞുകൂടാ. നാം ബ്രഹ്മാവിനെ ശരണം പ്രാപിക്കുക ; വിവരം അവിടേയ്ക്കറിവുണ്ടാവും. അതനുസരിച്ച് എല്ലാ മുനിമാരും കൂടി ബ്രഹ്മാവിന്റെ സമീപത്തെത്തി. ബ്രഹ്മാവ് മുനിമാരുടെ അജ്ഞാനത്തെയും അവിവേകത്തെയും കുറ്റപ്പെടുത്തി. ക്രോധം വെടിഞ്ഞു എല്ലാവരും ശിവനെ പ്രസാദിപ്പിക്കാന്‍ ബ്രഹ്മാവു ഉപദേശിച്ചു.

അതനുസരിച്ചു അവരെല്ലാവരും കൂടി കൈലാസത്തില്‍ ചെന്നു ശിവനെ സ്തുതിച്ചു . അവരുടെ മുമ്പില്‍ ശിവന്‍ പ്രത്യക്ഷനായി ഇങ്ങനെ അരുളിച്ചെയ്തു: നിങ്ങള്‍ തിരികെ പൊയ്‌കൊള്‍വിന്‍. ലിംഗം നിങ്ങളുടേതായിത്തീരും .ഞാന്‍ പറയുന്നതു വേഗത്തില്‍ ചെയ്യുക.  ലിംഗത്തിനു പ്രതിഷ്ഠകഴിച്ചാല്‍ എനിക്കു സന്തോഷമാകും. എന്റെ ലിംഗത്തെ ഭക്തിപൂര്‍വ്വം പൂജിക്കുന്നവര്‍ ആരോ അവര്‍ക്ക് ഒന്നും ഒരിക്കലും ദുഷ് പ്രാപ്യമാകയില്ല. അറിഞ്ഞു കൊണ്ടുചെയ്ത എല്ലാ പാപങ്ങള്‍ പോലും ലിംഗപൂജകൊണ്ട് നശിച്ചുപോകും. സംശയിക്കേണ്ട നിങ്ങള്‍ വീഴ്ത്തിയ ലിംഗം എടുത്തു സന്നിഹിതമഹാസരസ്സിലെത്തിച്ചു പ്രതിഷ്ഠിക്കുവിന്‍. എന്നാല്‍ അഭീഷ്ടമെല്ലാം നിങ്ങള്‍ക്കും കൈവരും. സ്ഥാണു എന്ന പേരില്‍ ആ ലിംഗം ദേവകള്‍ക്കുപോലും പൂജനീയമായിവരും. സ്ഥാണീശ്വരത്തില്‍ സ്ഥിതിചെയ്യുന്നതുകൊണ്ട് സ്ഥാണീശ്വരന്‍ എന്ന പേരുവരും. സ്ഥാണുവിനെ സദാ സ്മരിച്ചാല്‍ത്തന്നെ സര്‍വ്വ ദോഷങ്ങളും നീങ്ങും; ദര്‍ശിച്ചാല്‍ ശുദ്ധിവന്നു മോക്ഷവും ലഭിയ്ക്കും.

അതിനുശേഷം ബ്രഹ്മാവിനോടുകൂടി മുനിമാര്‍ ആ ലിംഗത്തെ ദാരുവനത്തില്‍നിന്നും കൊണ്ടുവരുവാന്‍ യാത്രയായി. എന്നാല്‍ അതിനെ ഒട്ടും ഇളക്കുവാന്‍ അവക്കു കഴിഞ്ഞില്ല . അവര്‍ വീണ്ടും ശിവനെ കാണുന്നതിനുവേണ്ടി കൈലാസത്തിലെത്തി . എന്നാല്‍ ഭഗവാനെ അവര്‍ കണ്ടുപിടിച്ചില്ല . ശിവന്‍ എവിടെപ്പോയെന്നറിയുന്നതിനു ബ്രഹ്മാവ് കുറെ നേരം ധ്യാനനിരതനായിരുന്നപ്പോള്‍ ശിവന്‍ ഗജരൂപം ധരിച്ച് മുനിമാരാല്‍ സ്തുതിക്കപ്പെട്ടുകൊണ്ട് സരസ്സില്‍ നില്‍ക്കുന്നതായി മനസ്സുകൊണ്ടു കണ്ടു . ഉടനെ ബ്രഹ്മാദികള്‍ സരസ്സില്‍ ചെന്നു. അവിടെയെല്ലാം തിരഞ്ഞിട്ടും ശിവനെ കണ്ടില്ല. ഉടനെ പാര്‍വ്വതി പ്രത്യക്ഷപ്പെട്ട് അവര്‍ക്കു അമൃതുകൊടുത്തു. അത് ഭക്ഷിച്ചുകഴിഞ്ഞപ്പോള്‍ അവര്‍ ശിവന്‍ സരസ്സില്‍ നില്‍ക്കുന്നതു കണ്ടു. അവര്‍ ശിവന്റെ അടുക്കല്‍ ചെന്നു വിവരം അറി യിച്ചു. ഉടനെ ശിവന്‍ അവരോടൊന്നിച്ചു ദാരുവനത്തിലെത്തി . അവിടെ ചെന്നിട്ട് ഗജരൂപധാരിയായ ഭഗവാന്‍ ലിംഗത്തെ കളിയായി തുമ്പിക്കൈ കൊണ്ട് എടുത്തു . മഹര്‍ഷിമാരുടെ സ്തുതിഗാനങ്ങള്‍ക്കു മദ്ധ്യേ ശിവന്‍ ആ ലിംഗത്തെ സരസ്സിന്റെ തീരത്തു പ്രതിഷ്ഠിച്ചു.

ആ ലിംഗപ്രതിഷ്ഠ കണ്ടവരെല്ലാം നിര്‍വൃതിയടഞ്ഞു. അതിന്‍മേല്‍ ബ്രഹ്മാവ് കല്ലുകൊണ്ട് മറെറാരു ലിംഗം നിര്‍മ്മിച്ചു . അത് കുറെക്കാലം കഴിഞ്ഞപ്പോള്‍ ഒന്നാമത്തേതിന്റെ തേജസ്സിനോട് ചേര്‍ന്നിണങ്ങി . ഉടന്‍ തന്നെ ബ്രഹ്മാവ് ദേവഹിതത്തിനായി മീതെ മീതെ ഏഴു ലിംഗങ്ങള്‍ സ്ഥാപിച്ചു . അ സിദ്ധന്മാര്‍ അതിന്റെ പൊടി ശരീരത്തില്‍ പൂശി പരമപദം പ്രാപിക്കുകയുണ്ടായി. ( വാമനപുരാണം 45-ാം അധ്യായം)

മൂന്നാമത്തെ കഥ:

ആദിയില്‍ പ്രജകളെ സൃഷ്ടിക്കുന്നതിനുവേണ്ടി ബ്രഹ്മാവു ശിവനെ ചുമതലപ്പെടുത്തി. സൃഷ്ടിക്കുള്ള ശക്തി സംഭരിക്കുന്നതിനുവേണ്ടി ശിവന്‍ ജലത്തിനുള്ളില്‍ അനേകം നൂറ്റാണ്ടുകള്‍ താണു കിടന്നു. വളരെക്കാലം കാത്തിരുന്നിട്ടും ശിവന്‍ തിരിച്ചുവരാത്തതില്‍ വിഷണ്ണനായിത്തീര്‍ന്ന ബ്രഹ്മാവ് പ്രജാപതികളെ സൃഷ്ടിച്ച് അവരെക്കൊണ്ട് എല്ലാ സൃഷ്ടികളും നിര്‍വ്വഹിപ്പിച്ചു. ഈ ഘട്ടത്തിലാണ് പൂര്‍വ്വാധികം ശക്തി സംഭരിച്ച് ശിവന്‍ ജലത്തില്‍നിന്നും ഉയര്‍ന്നു വന്നത് . തന്റെ അഭാവത്തില്‍ സൃഷ്ടികളെല്ലാം നടന്നതില്‍ കുപിതനായിത്തീര്‍ന്ന ശിവന്‍ തന്റെ ലിംഗം പറിച്ചു ഭൂമിയിലേക്കെറിഞ്ഞു. സൃഷ്ടി കാര്യങ്ങള്‍ ബ്രഹ്മാവു നിര്‍വ്വഹിച്ചതിനാല്‍ ഇനിയും ഈ ലിംഗം കൊണ്ട് ആവശ്യമില്ലെന്നും ശിവന്‍ പ്രസ്താവിച്ചു . എറിയപ്പെട്ട ലിംഗം ഭൂമിയില്‍ തറഞ്ഞു നിന്നു . തുടര്‍ന്നു ശിവന്‍ ദേവന്മാരുടെ ഇടയില്‍ ഒടുവില്‍ ഒരു സംഹാരതാണ്ഡവം തന്നെ നടത്തി . തുടര്‍ന്ന് ദേവകളുടെ അപേക്ഷ അനുസരിച്ച് ശിവന്‍ കോപാഗ്‌നി ജലത്തില്‍ നിക്ഷേപിച്ചു . ആ അഗ്‌നിയാണ് ജലാശയങ്ങളിലുള്ള വെള്ളത്തെ വറ്റിച്ചുകൊണ്ടിരിക്കുന്നത് . ശാന്തനായതോടുകൂടി നിലത്തിരുന്ന ശിവ ലിംഗത്തെ ദേവകള്‍ പൂജിക്കുകയും ലിംഗപൂജ എല്ലായിടത്തും നടപ്പാക്കുകയും ചെയ്തു.

(മഹാഭാരതം സൗപതികപര്‍വ്വം പതിനേഴാം അധ്യായം)

ഈയൊരു ലിംഗമാണ് ഇപ്പോള്‍ മധുരയിലെ ഗ്യാന്‍വാപി മസ്ജിദിലെ അംഗസ്‌നാന ജലസംഭരണി (ഹൗ ദ്)ക്കടിയില്‍ പൊങ്ങി വന്നിരിക്കുന്നത്.

വിശ്വാസത്തില്‍ യുക്തിപരമായ ചോദ്യങ്ങള്‍ക്ക് പ്രസക്തിയില്ലായിരിക്കാം. ആര്‍ക്കും എന്തും വിശ്വസിക്കുവാന്‍ അവകാശവുമുണ്ട്. എന്നാല്‍ നീതിന്യായകോടതികള്‍ ഇത്തരം വിശ്വാസങ്ങള്‍ക്ക് സാധൂകരണം നല്‍കുന്നതോടെ സംഭവിക്കുക ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മതേതര മൂല്യങ്ങളുടെ അന്ത്യമായിരിക്കും.

Content Highlight: Mythical stories about Shivling | Gyan Vapi Masjid

അസീസ് തരുവണ

എഴുത്തുകാരന്‍, അധ്യാപകന്‍ 'വയനാടന്‍ രാമായണം' ഉള്‍പ്പെടെ നിരവധി പുസ്തകങ്ങളുടെ കര്‍ത്താവ്

Latest Stories

We use cookies to give you the best possible experience. Learn more