മൈസുരു: കോടീശരന്മാരും ലക്ഷാധിപന്മാരുമായുള്ള യാചകരുടെ വാര്‍ത്ത ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു പലപ്പോഴായി പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ 2 ലക്ഷത്തിലധികം രൂപ ക്ഷേത്രത്തിന സംഭാവന നല്‍കിയാണ് മൈസൂരുവിലെ സീതാലക്ഷ്മിയെന്ന വയോധിക വാര്‍ത്തകളില്‍ നിറയുന്നത്.
മൈസൂരിലെ വോണ്ടിക്കോപ്പല്‍ പ്രസന്ന ആഞ്ജനേയ സ്വാമിക്ഷേത്ര നടയില്‍ ഭിക്ഷയാചിച്ചിരുന്ന 85 കാരിയാണ് വര്‍ഷങ്ങളായി സ്വരൂപിച്ച രണ്ടര ലക്ഷം രൂപ ക്ഷേത്രത്തിന് സംഭാവന ചെയ്തത്. വീടുകളിലും മറ്റും ജോലിചെയ്ത് ജീവിച്ചിരുന്ന സീതാലക്ഷ്മി ശാരീരിക അവശത മൂലമായിരുന്നു ഭിക്ഷയെടുക്കാന്‍ ആരംഭിച്ചത്.
ആഞ്ജനേയ ക്ഷേത്രത്തിനു മുന്നില്‍ കഴിഞ്ഞ പത്തുവര്‍ഷമായി ഭിക്ഷയെടുക്കുന്നയാളാണ് സീതാലക്ഷ്മി. ഈ വര്‍ഷത്തിനിടയ്ക്ക് താന്‍ സ്വരൂപിച്ച പണമാണ് ക്ഷേത്രത്തിനു തന്നെ വയോധിക സംബാവന നല്‍കിയത്. ഗണേശോത്സവത്തോടനുബന്ധിച്ച് 30,000 രൂപയും പിന്നീട് രണ്ടു ലക്ഷം രൂപയുമാണ് സീതാലക്ഷ്മി ക്ഷേത്രത്തിനു സംഭാവനയായി നല്‍കിയത്.
“എനിക്ക് ദൈവമാണ് എല്ലാം. അതുകൊണ്ട് തന്നെയാണ് എന്നെ ഇത്രയുംനാള്‍ സംരക്ഷിച്ച ക്ഷേത്രത്തിനു ഈ പണം നല്‍കാന്‍ ഞാന്‍ തീരുമാനിച്ചത്. എനിയ്ക്ക് ദൈവം എന്താണോ തന്നത് അതാണ് ഞാന്‍ ബാങ്കില്‍ നിക്ഷേപിച്ചത്.” സീതാലക്ഷ്മി ദേശീയ മാധ്യമമായി ഇന്ത്യാ ടുഡേയോട് പറഞ്ഞു.
ക്ഷേത്രത്തിലെ സൗകര്യങ്ങള്‍ വിപുലീകരിക്കാനും എല്ലാ വര്‍ഷവും ഹനുമാന്‍ ജയന്തിക്ക് ഭക്തര്‍ക്ക് പ്രസാദം നല്‍കാനും ഈ പണം ചെലവഴിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. ക്ഷേത്രത്തിലെ ഭക്തര്‍ തനിക്ക് ദാനം തന്ന തുകയാണിതെന്നും ഇത് ക്ഷേത്രത്തിന് അവകാശപ്പെട്ടതാണെന്നും ഇവര്‍ പറഞ്ഞു. പണം താന്‍ സൂക്ഷിക്കുകയാണെങ്കില്‍ ആരെങ്കിലും അത് മോഷ്ടിക്കും, അതിനാല്‍ തന്നെ സംരക്ഷിക്കുന്ന ക്ഷേത്രത്തിനു തുക കൈമാറാന്‍ തീരുമാനിക്കുകയായിരുന്നെന്നും അവര്‍ പറഞ്ഞു.
സീതാലക്ഷ്മി നല്‍കിയ തുക നീതിപൂര്‍വമായി ചെലവഴിക്കുമെന്നും അവര്‍ക്ക് വേണ്ട സംരക്ഷണം നല്‍കുമെന്നും ക്ഷേത്ര ട്രസ്റ്റ് ചെയര്‍മാന്‍ എം. ബസവരാജ് അറിയിച്ചു. “അവര്‍ ഭക്തരോട് ഒരിക്കലും ഭീക്ഷ യാചിച്ചിരുന്നില്ല. ഭക്തര്‍ ഇഷ്ടപ്പെടുന്ന തുക അവര്‍ക്ക് നല്‍കുകയാണ് ചെയ്യാറുളളത്” അദ്ദേഹം പറഞ്ഞു.