ഷൗക്കത്ത്
യാഥാര്‍ത്ഥ്യ ബോധത്തോടെ ഒഴുകാനനുവദിച്ചാല്‍
ജീവിതം മിസ്റ്റിക്കലാകും.
മിസ്റ്റിക്കലായി ചിന്തിച്ചാല്‍
ജീവിതം പഴയപടി തുടരുകയെയുള്ളൂ..
അതിനാല്‍ നമുക്ക് നിഗൂഢ ചിന്തകളെ ഉപേക്ഷിക്കാം…
അപ്പോള്‍ ജീവിതം നിഗൂഢമാകുന്നത് അനുഭവിക്കാം…
എന്നു വെച്ചാല്‍…. ജീവിതത്തെ, ജീവിച്ചും സൂക്ഷ്മമായി നിരീക്ഷിച്ചും അറിയുമ്പോഴാണ് അത് എത്രമാത്രം നിഗൂഢമാണ് എന്നറിയുക.. അപ്പോഴാണ് സമാധാനം ഉണ്ടാകുക… അനാവശ്യമായ വികാരവിചാരങ്ങളില്‍ നിന്നും ഉണര്‍ന്നു വരാനുള്ള വിവേകം അവിടെയാണ് ഉദയം ചെയ്യുക.. അല്ലാതെ ഹാ! വാ! ദൈവാനുഗ്രഹം! ഗുരുകാരുണ്യം! എന്നൊക്കെ അതിശയോക്തിയോടെ വിളിച്ചു പറഞ്ഞു അത്ഭുതം കൂറുന്നവര്‍ പലപ്പോഴും ജീവിതത്തോട് ഉത്തരവാദിത്തമില്ലാത്തവരും കരുണ ഇല്ലാത്തവരും ഒരു തരത്തിലുള്ള ശ്രദ്ധ ഇല്ലാത്തവരും ആയി തുടരുന്നതായാണ് കാണുന്നത്… അങ്ങനെ ഉള്ളവരുടെ ജീവിതം ഒരു മൂല്യവുമില്ലാതെ തുടരുന്നേയുള്ളൂ… അവിടെ ജീവിതത്തെക്കാള്‍ മരണമാണ് അനുഭവിക്കേണ്ടി വരിക.
കഴിഞ്ഞ ഒരു മാസമായി കേരളത്തില്‍ ആയിരുന്നു… കൊച്ചു കൊച്ചു കൂട്ടായ്മകള്‍… മിണ്ടിയും മിണ്ടാതെയും ഒന്നിച്ചു ഒരു പകല്‍ കഴിയും… സ്‌നേഹത്തോടും പരസ്പര്യത്തോടും തിരക്കില്ലാതെ കുറച്ചുപേര്‍ ഒന്നിച്ചിരിക്കുന്നതുതന്നെ എത്ര സന്തോഷകരമാണ്… പല വിഷയങ്ങള്‍ മിണ്ടിപ്പറയും…
പലപ്പോഴും വിഷയമാകാറുള്ളതു ചിന്തയാണ്… ചിന്തകള്‍ ഇല്ലാതാക്കാന്‍, കുറയ്ക്കാന്‍ എന്ത് ചെയ്യണം?
വിശപ്പില്ലാതാക്കാന്‍ നാം എന്താണ് ചെയ്യുക എന്ന് ആരോടും ചോദിക്കാറില്ല.. ആവശ്യത്തിനു ഭക്ഷണം കണ്ടെത്തി കഴിക്കുകയാണ് ചെയ്യുക. അതുപോലെ ഒരു വിശപ്പാണ് ചിന്ത.. ശാരീരികവും മാനസികവും ബൗദ്ധികവും ആത്മീയവുമായ ഭക്ഷണം ആവശ്യത്തിനു കിട്ടിയാല്‍ ചിന്തകള്‍ തനിയെ അടങ്ങും… അല്ലാതെ ചിന്തയെ നിരീക്ഷിച്ചല്ല ചിന്തയെ അടക്കേണ്ടത്… അത് ക്ഷീണമേ ഉണ്ടാക്കൂ… ചിന്തയുടെ കാരണം കണ്ടെത്തി അത് ആരോഗ്യപരമായ രീതിയില്‍ നിവൃത്തിച്ചു കൊടുക്കുകയാണ് വേണ്ടത്.. (നൂറ്റാണ്ടുകളായി മനുഷ്യന്‍ ചെയ്യുന്നത് അതാണ്.. അതിന്റെ ഗുണങ്ങളാണ് നാം ഇന്നനുഭവിക്കുന്നത്… പലപ്പോഴും അത് വഴിവിട്ടൊഴുകി ദോഷങ്ങളായി മാറുന്നുണ്ടെങ്കിലും.)
എന്താണ് ഈ സത്യം!? നാം പാവം പിടിച്ച മനുഷ്യര്‍ സൃഷ്ടിച്ച ഇല്ലാത്ത സ്വപ്നമല്ലേ അത്? നാം അന്വേഷിക്കുന്നത് സ്വസ്ഥവും ശാന്തവുമായ ഒരു ജീവിതമല്ലേ… അത് ഈ പറയുന്ന ഇല്ലാത്ത സത്യത്തിലല്ല നാം തേടുന്നതും.. ജീവിതത്തെ നമ്മളായി ജീവിക്കാന്‍ സഹായിക്കുന്ന അനുകൂലമായ ഒരു സാഹചര്യമാണ് നമ്മുടെ അന്വേഷണം.. അല്ലെങ്കില്‍ അതിനായി സാഹചര്യത്തെ അനുകൂലമാക്കുകയാണ്.. അത്രയല്ലേ ഉള്ളൂ… ഒരു പൂവിന്റെ സൗന്ദര്യത്തിനും സുഹൃത്തിന്റെ സാന്നിധ്യത്തിനും രണ്ടു വരി കവിതക്കും തീര്‍ത്തു തരാവുന്ന അന്വേഷണങ്ങളെ ആത്മീയമായി നമുക്കുള്ളൂ…സത്യവും ബ്രഹ്മവും പറഞ്ഞു പറഞ്ഞു കുറെ നാളായി നാം ജീവിതത്തിന്റെ ഇത്തിരി വെട്ടത്തെ കാണാതെ പോകുന്നു… പാവം നമുക്ക് ഇത്രയൊക്കെയല്ലേ സത്യത്തില്‍ വേണ്ടൂ… സത്യാന്വേഷണം എന്ന മിഥ്യാ ധാരണയില്‍ നിന്നുമാണ് നമുക്ക് മോക്ഷം കിട്ടേണ്ടത്….