|

ജീത്തു ജോസഫ് - മോഹന്‍ലാല്‍ ചിത്രം '12 th Man'; നിഗൂഢത നിറച്ച് ടൈറ്റില്‍ പോസ്റ്റര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: മോഹന്‍ലാലും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ടു. ‘ട്വല്‍ത് മാന്‍’ (’12 th Man’ ) എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. നിഗൂഢത നിറഞ്ഞ ഒരു വീടിന്റെ പശ്ചാത്തലത്തിലാണ് ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. വീടിന് അകത്തുള്ള 11 പേരുടെ രൂപവും അവിടേയ്ക്ക് നടന്ന് എത്തുന്ന മോഹന്‍ലാലിന്റെ രൂപവുമാണ് പോസ്റ്ററിലുള്ളത്.

ദൃശ്യം 2വാണ് ജീത്തുവും മോഹന്‍ലാലും ഒന്നിച്ച അവസാന ചിത്രം. നേരത്തെ മോഹന്‍ലാലിന്റെ ജന്മദിനത്തിനോട് അനുബന്ധിച്ച് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ ചിത്രം അനൗണ്‍സ് ചെയ്തിരുന്നു.

ദൃശ്യം 2 വിന്റെ ചര്‍ച്ചകള്‍ നടക്കുന്ന സമയത്ത് തന്നെ മറ്റൊരു കഥയും ജീത്തു പറഞ്ഞിരുന്നെന്നും ദൃശ്യം 2 കഴിഞ്ഞ ശേഷം ഇതിനെ കുറിച്ച് ആലോചിക്കാം എന്നായിരുന്നു തങ്ങളുടെ തീരുമാനം എന്നുമായിരുന്നു ആന്റണി പെരുമ്പാവൂര്‍ പറഞ്ഞത്.

മോഹന്‍ലാലിന്റെ 61 -ാം ജന്മദിനത്തിനോടനുബന്ധിച്ചായിരുന്നു ആന്റണിയുടെ പ്രതികരണം. അതേസമയം ജീത്തു ജോസഫ് മോഹന്‍ലാല്‍ ടീമിന്റെ റാം എന്ന സിനിമ ഷൂട്ടിംഗ് പൂര്‍ത്തിയാക്കാനുണ്ട്. കൊവിഡ് പശ്ചാത്തലത്തില്‍ വിദേശത്തടക്കം ചിത്രീകരിക്കേണ്ടതിനാല്‍ തല്‍ക്കാലം ചിത്രം മാറ്റി വെയ്ക്കുകയായിരുന്നു.

നിലവില്‍ മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസിന്റെ ചിത്രീകരണവും നിര്‍ത്തി വെച്ചിരിക്കുകയാണ്. കൊവിഡ് രണ്ടാം തരംഗം രൂക്ഷമായതിനെ തുടര്‍ന്നാണ് ബറോസിന്റെ ചിത്രീകരണവും നിര്‍ത്തിവെച്ചത്.

ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ആറാട്ട്, പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്നീ ചിത്രങ്ങളാണ് മോഹന്‍ലാലിന്റെതായി റിലീസ് ചെയ്യാനുള്ള ചിത്രങ്ങള്‍.

മരക്കാര്‍ തിയേറ്ററില്‍ മാത്രമേ റിലീസ് ചെയ്യുകയുള്ളുവെന്നും ആഗസ്റ്റ് 12 നു റിലീസ് ചെയ്യാന്‍ കഴിഞ്ഞേക്കുമെന്നാണ് ഇപ്പോള്‍ കരുതുന്നതെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

mystery Title poster Actor Mohanlal – Jeethu Joseph New Movie ’12th Man

Latest Stories