ജയലളിതയ്ക്ക് മരുന്ന് മാറി നല്‍കി; വെളിപ്പെടുത്തലടങ്ങിയ ബര്‍ഖ ദത്തിന്റെ ഇമെയില്‍ പുറത്ത്
Daily News
ജയലളിതയ്ക്ക് മരുന്ന് മാറി നല്‍കി; വെളിപ്പെടുത്തലടങ്ങിയ ബര്‍ഖ ദത്തിന്റെ ഇമെയില്‍ പുറത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 16th December 2016, 7:28 pm

barkha-jayalalitha


പ്രമുഖ മാധ്യമപ്രവര്‍ത്തകയായും എന്‍.ഡി.ടി.വി കണ്‍സള്‍ട്ടിങ്ങ് എഡിറ്ററുമായ ബര്‍ഖ ദത്ത് തന്റെ സഹപ്രവര്‍ത്തകര്‍ക്ക് അയച്ച ഇമെയിലിലാണ് ഇത് സംബന്ധിച്ച വിവരങ്ങളുള്ളത്. 


ചെന്നൈ: സെപ്തംബര്‍ 22ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മുന്‍പ് തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയ്ക്ക് മരുന്നുകള്‍ മാറിനല്‍കിയെന്ന് വെളിപ്പെടുത്തല്‍.

പ്രമുഖ മാധ്യമപ്രവര്‍ത്തകയായും എന്‍.ഡി.ടി.വി കണ്‍സള്‍ട്ടിങ്ങ് എഡിറ്ററുമായ ബര്‍ഖ ദത്ത് തന്റെ സഹപ്രവര്‍ത്തകര്‍ക്ക് അയച്ച ഇമെയിലിലാണ് ഇത് സംബന്ധിച്ച വിവരങ്ങളുള്ളത്. എഫ് പൊളിറ്റിക്‌സ് എന്ന ഓണ്‍ലൈന്‍ മാധ്യമമാണ് ബര്‍ഖ ദത്തിന്റെ ഇമെയിലിന്റെ പകര്‍പ്പ് സഹിതം ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

barkha-email

പ്രമേഹത്തിനുള്ള മരുന്നാണ് മാറി നല്‍കിയത്. ഡോക്ടറുടെ കുറിപ്പോ നിര്‍ദേശമോ ഇല്ലാതെയാണ് ഈ മരുന്നുകള്‍ നല്‍കിയത്.
ഇത് അവരുടെ ആരോഗ്യനില വഷളാക്കിയെന്നാണ് ഇമെയിന്റെ ഉള്ളടക്കം.

അപ്പോളോ ആശുപത്രിയുടെ മേധാവിയായ പ്രതാപ് സി. റെഡ്ഡിയുടെ മക്കളായ പ്രീത, സുനീത, സംഗീത, ശോഭന എന്നിവരുമായാണ് ബര്‍ഖ സംസാരിച്ചത്. ഇവരുമായുള്ള കോണ്‍ഫറന്‍സ് കോളിലാണ് ജയയ്ക്ക് മരുന്ന് മാറി നല്‍കിയെന്ന വിവരം ലഭിച്ചതെന്നും ബര്‍ഖാ ദത്ത് ഇമെയിലില്‍ പറയുന്നു.


സ്വകാര്യ സംഭാഷണത്തില്‍ പങ്കുവച്ച വിവരങ്ങളാണ് ഇവയെന്നും ബര്‍ഖ കൂട്ടിച്ചേര്‍ക്കുന്നു. ജയലളിതയുടെ മരണത്തിന് പിന്നിലെ ദുരൂഹത വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പുതിയ വെളിപ്പെടുത്തല്‍ പുറത്ത് വരുന്നത്. ഡിസംബര്‍ 5ന് രാത്രി 11.30ന് ആണ് ജയലളിതയുടെ മരണവാര്‍ത്ത പുറത്തു വരുന്നത്. എന്നാല്‍ അവര്‍ ഡിസംബര്‍ 5ന് മുന്‍പ് മരിച്ചുവെന്നും അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. അതേസമയം വാര്‍ത്തയോട് പ്രതികരിക്കാന്‍ എന്‍.ഡി.ടി.വി തയ്യാറായിട്ടില്ല.

ജയലളിതയുടെ മരണത്തിനു പിന്നിലെ ദുരൂഹതകള്‍ പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ചലച്ചിത്ര നടി ഗൗതമിയും നടന്‍ മന്‍സൂര്‍ അലി ഖാനും രംഗത്തെത്തിയിരുന്നു. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അന്വേഷണം നടത്തണമെന്ന് ഗൗതമി ആവശ്യപ്പെട്ടു.


നോട്ട് നിരോധനം 1971 ല്‍ ഇന്ദിരയുടെ കാലത്ത് നടപ്പാക്കേണ്ടതായിരുന്നുവെന്ന് മോദി


ചികിത്സയിലായിരുന്നപ്പോള്‍ ജയലളിതയെ അപ്പോളോ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നെന്നും നേരില്‍ കാണാന്‍ പറ്റിയില്ലെങ്കിലും അമ്മ സുഖം പ്രാപിച്ച് വരുകയാണെന്നും എത്രയും പെട്ടെന്ന് ആശുപത്രി വിടുമെന്നുമാണ് അധികൃതര്‍ അറിയിച്ചത്. അങ്ങനെയുള്ള ഒരാള്‍ പെട്ടന്നെങ്ങനെയാണ് മരിക്കുന്നതെന്ന് മന്‍സൂര്‍ ചോദിച്ചു.

കൂടാതെ തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ചെന്നൈ ആസ്ഥാനമാക്കിയുള്ള സന്നദ്ധ സംഘടന സുപ്രീം കോടതിയില്‍ ഹരജി നല്‍കിയിരുന്നു. ജയലളിതയ്ക്ക് വിഷം നല്‍കിയെന്ന് സംശയിക്കുന്നതായും ഹരജിയില്‍ ആരോപണമുണ്ടായിരുന്നു.

ഹൃദയാഘാതത്തെ തുടര്‍ന്ന് ഡിസംബര്‍ 5 തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു ജയലളിതയുടെ അന്ത്യം. 75 ദിവസത്തെ ആശുപത്രിവാസത്തിനൊടുവിലായിരുന്നു മരണം. സെപ്തംബര്‍ 22 നു കടുത്ത പനിയും നിര്‍ജലീകരണവും ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ജയലളിതയുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടുവരുന്നതിനിടെയായിരുന്നു വീണ്ടും ഹൃദയാഘാതമുണ്ടായതും മരണം സംഭവിച്ചതും.