ഫിറോസാബാദ്: ഉത്തര്‍പ്രദേശില്‍ പത്ത് ദിവസത്തിനിടെ 45 കുട്ടികള്‍ അജ്ഞാതരോഗം ബാധിച്ച് മരിച്ചു. കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ കുട്ടികളടക്കം 53 പേരാണ് ഫിറോസാബാദില്‍ മരിച്ചത്.
ഭൂരിഭാഗം കുട്ടികള്‍ വൈറല്‍ പനി ബാധിച്ചവരാണെന്നും ചിലര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചതായും ഫിറോസാബാദ് മെഡിക്കല്‍ കോളേജിലെ ചൈല്‍ഡ് സ്‌പെഷ്യലിസ്റ്റ് ഡോ. എല്‍.കെ. ഗുപ്ത പറഞ്ഞു.
ഉയര്‍ന്ന പനിയും കുറഞ്ഞ പ്ലേറ്റ്ലെറ്റുകളുടെ എണ്ണവും രോഗലക്ഷണങ്ങളായി കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ 186 പേരാണ് ആശുപത്രിയില്‍ രോഗം ബാധിച്ച് പ്രവേശിക്കപ്പെട്ടിരിക്കുന്നത്.
രോഗികളുടെ രക്തസാമ്പിളുകള്‍ ലഖ്‌നൗ സഞ്ജയ് ഗാന്ധി ബിരുദാനന്തര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്ക് അയച്ച് പഠനവിധേയമാക്കാനാണ് തീരുമാനം.
കുട്ടികളില്‍ രോഗം കൂടുതലായി കണ്ടത്തിയതോടെ 1 മുതല്‍ 8 വരെയുള്ള ക്ലാസുകള്‍ സെപ്റ്റംബര്‍ ആറ് വരെ അടച്ചിടാന്‍ ജില്ലാ മജിസ്ട്രേറ്റ് ചന്ദ്ര വിജയ് സിംഗ് ഉത്തരവിട്ടു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം ഫിറോസാബാദ് സന്ദര്‍ശിക്കുകയും മരണകാരണം സ്ഥിരീകരിക്കാന്‍ ടീമുകള്‍ രൂപീകരിക്കുമെന്നും പറഞ്ഞിരുന്നു.
മെഡിക്കല്‍ കോളേജില്‍ ആവശ്യത്തിന് ആരോഗ്യപ്രവര്‍ത്തകരെ ഉറപ്പുവരുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആഗസ്റ്റ് 18 നാണ് പനിയുടെ ആദ്യ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയതെന്ന് പ്രദേശത്തെ എം.എല്‍.എയായ മനീഷ് അസിജ പറഞ്ഞു.