ലഖ്നൗ: ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ ജില്ലയിലെ കുര്‍സൗലി ഗ്രാമത്തില്‍ അജ്ഞാതരോഗം പടര്‍ന്നു പിടിക്കുന്നു. ഈ രോഗം മൂലം ഗ്രാമത്തില്‍ ഏറ്റവും ചുരുങ്ങിയത് 12 പേര്‍ മരിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.
രോഗഭീതിയാല്‍ പലരും ഗ്രാമം വിട്ട് മറ്റു സ്ഥലങ്ങളിലേക്ക് പോവുകയാണ്. കൃഷിയും മറ്റു ജോലികളുമായി കഴിയുന്നവരാണ് ഗ്രാമത്തില്‍ ഏറെയും. തന്റെ ഭാര്യയേയും മക്കളേയും ഭാര്യവീട്ടിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണെന്നും, പശുക്കളേയും കന്നുകാലികളേയും നോക്കേണ്ടതുകൊണ്ട് താന്‍ ഇവിടെ നില്‍ക്കുകയാണെന്നുമാണ് ഗ്രാമവാസിയായ അനില്‍ കുമാര്‍ പറയുന്നത്. ഇത് കേവലം ഒരാളുടെ അവസ്ഥയെല്ലെന്നും ഗ്രാമത്തിന്റെ മൊത്തം ചിത്രമാണെന്നുമാണ് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഗ്രാമത്തില്‍ പടര്‍ന്നു പിടിക്കുന്ന രോഗം എന്താണെന്ന് ഇനിയും സ്ഥരീകരിക്കാന്‍ ആരോഗ്യവകുപ്പിന് സാധിച്ചിട്ടില്ല. ആഗസ്റ്റ് 20നാണ് രോഗം ആദ്യമായി റിപ്പോര്‍ട്ടു ചെയ്യുന്നത് എന്ന് കണ്ടെത്തിയിട്ടുണ്ട്.
കാണ്‍പൂരിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ സുബോധ് പ്രകാശ് ഇനിയും രോഗത്തിന്റെ കാരണം കണ്ടെത്താനായില്ല എന്ന വസ്തുത അംഗീകരിച്ചിട്ടുണ്ട്. ‘ മരണപ്പെട്ടവരില്‍ ഡെങ്കിയോ മലേറിയയോ ഇല്ല എന്ന് കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യം കൃത്യമായി നിരീക്ഷിക്കാനായി മൂന്ന് പേരടങ്ങുന്ന ഒരു സംഘത്തെ നിയോഗിച്ചിട്ടുണ്ട്,’ സുബോധ് പറഞ്ഞു.
കുര്‍സൗലി ഗ്രാമത്തില്‍ മാത്രമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നതെന്നും തൊട്ടടുത്ത ഗ്രാമത്തിലൊന്നും രോഗലക്ഷണങ്ങള്‍ പോലും കാണുന്നില്ല എന്ന കാര്യവും ശ്രദ്ധേയമാണ്.
ഇക്കാര്യം കൊണ്ടുതന്നെ അയല്‍ഗ്രാമത്തിലുള്ളവര്‍ തങ്ങളുമായുള്ള വ്യാപാരബന്ധമടക്കം അവസാനിപ്പിച്ചിരിക്കുകയാണെന്നാണ് ആളുകള്‍ പറയുന്നത്. ‘അയല്‍ഗ്രാമങ്ങളിലുള്ളവര്‍ ഞങ്ങളെ ഒഴിവാക്കുകയാണ്, രോഗം കാരണം മറ്റെവിടേക്കെങ്കിലും പോവാന്‍ കഴിയുന്നില്ല. ആരോഗ്യപ്രവര്‍ത്തകര്‍ എത്രയും പെട്ടന്ന് ഇതിന് പരിഹാരം കാണണം,’ ഗ്രാമവാസിയായ ദര്‍സാത്ത് പറഞ്ഞു.
ഹരിയാനയിലെ പല്‍വാല്‍ ജില്ലയിലും ഇത്തരത്തില്‍ കാരണം കണ്ടെത്താനാവാത്ത അജ്ഞാത രോഗം പടര്‍ന്നതിരുന്നു. രോഗം ബാധിച്ച് 10 ദിവസത്തിനിടെ 8 കുട്ടികള്‍ മരിച്ചിരുന്നു. മരണകാരണം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഇതുവരെ കണ്ടെത്താനായിട്ടില്ല. മിക്ക കേസുകളിലും പനിയും പ്ലേറ്റ്ലറ്റുകളുടെ കുറവും കണ്ടതിനാല്‍ ഡെങ്കിപ്പനിയാവാനുള്ള സാധ്യതയും ആരോഗ്യപ്രവര്‍ത്തകര്‍ തള്ളിക്കളയുന്നില്ല.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Mystery Disease Reported in UP