റഷ്യയിൽ സർക്കാർ മാധ്യമത്തിന്റെ ചീഫ് എഡിറ്റർക്ക് വിഷബാധയേറ്റ് മരണം; സർക്കാരുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ മരണത്തിൽ ദുരൂഹത
World News
റഷ്യയിൽ സർക്കാർ മാധ്യമത്തിന്റെ ചീഫ് എഡിറ്റർക്ക് വിഷബാധയേറ്റ് മരണം; സർക്കാരുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ മരണത്തിൽ ദുരൂഹത
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 9th January 2024, 2:17 pm

മോസ്കോ: ഉക്രൈനിലെ യുദ്ധത്തിന് പിന്നാലെ തുടർച്ചയായി റഷ്യൻ ഭരണകൂടവുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകർ ദുരൂഹ സാഹചര്യത്തിൽ മരണപ്പെടുന്നു.

റഷ്യൻ സർക്കാരിന്റെ ഔദ്യോഗിക മാധ്യമ സ്ഥപാനമായ ക്യൂബന്റെ ചീഫ് എഡിറ്റർ സോയ കൊനവലോവയുടെ മരണമാണ് സംഭവങ്ങളിൽ ഏറ്റവും പുതിയത്.

48കാരിയായ സോവയെ ജനുവരി അഞ്ചിന് ക്രാസ്നോഡറിലെ വസതിയിൽ മുൻ ഭർത്താവിനൊപ്പം വിഷബാധയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.

ഇരുവരുടെയും മൃതശരീരങ്ങളിൽ പ്രത്യക്ഷത്തിൽ പരിക്കുകളൊന്നുമില്ലെന്ന് സർക്കാർ വാർത്താ ഏജൻസിയായ ആർ.ഐ.എ നവോസ്തി റിപ്പോർട്ട് ചെയ്തു.

മരണകാരണം വിഷബാധയാണെന്നും ആർ.ഐ.എ നവോസ്തി പറഞ്ഞു.

ഉക്രൈൻ അതിർത്തിയിലെ റോസ്റ്റോ മേഖലയിൽ മറ്റൊരു റഷ്യൻ മാധ്യമപ്രവർത്തകൻ അലക്സാണ്ടർ റിബിനെ മരണപ്പെട്ട നിലയിൽ കണ്ടെത്തിയതിന് പിന്നാലെയാണ് സോയയുടെ മരണവാർത്തയും പുറത്തുവരുന്നത്.

ഷാഖ്റ്റി നഗരത്തിന് സമീപമുള്ള ദേശീയ പാതയ്ക്കരികിലാണ് റിബിന്റെ മൃതശരീരം കണ്ടെത്തിയതെന്ന് ഇയാളുടെ ബന്ധുക്കൾ അറിയിച്ചു. മരണകാരണം വ്യക്തമല്ല.

മറ്റൊരു സ്റ്റേറ്റ് മാധ്യമമായ കോംസൊമൊൾസ്കയ പ്രവ്ദയുടെ ചീഫ് എഡിറ്റർ അന്ന സരേവയെ കഴിഞ്ഞമാസം മോസ്കോയിലെ അപ്പാർട്ട്മെന്റിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. മരണപ്പെടുന്നതിന് ദിവസങ്ങൾക്ക് മുമ്പ് അന്നയ്ക്ക് ശ്വാസകോശ അണുബാധയും പനിയും ഉണ്ടായിരുന്നു എന്നാണ് പ്രവ്ദയുടെ റിപ്പോർട്ട്.

ഡിസംബർ ഒമ്പതിന് അവസാനമായി അന്ന് സുഹൃത്തുക്കൾക്ക് അയച്ച സന്ദേശം മരുന്നു കഴിച്ചു കിടക്കാൻ പോകുകയാണ് എന്നതാണ്.

പിറ്റേദിവസം അന്ന സന്ദേശങ്ങൾക്ക് മറുപടി നൽകാത്തതിനെ തുടർന്ന് അന്വേഷിച്ച ബന്ധുക്കളും സുഹൃത്തുക്കളും അന്നയെ മരണപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.

Content Highlight: Mystery as Top Putin Propagandist Found Dead After Suspected ‘Poisoning