| Saturday, 23rd February 2013, 4:58 pm

മൈസൂര്‍ കല്യാണത്തിന്റെ മറവില്‍ നിര്‍ബന്ധിത വേശ്യാവൃത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കുപ്രസിദ്ധ മൈസൂര്‍ കല്യാണത്തിന്റെ മറവില്‍ പെരുകുന്നത് പീഡനം. മൈസൂരിലെ ചേരികളില്‍ മലബാറില്‍ നിന്നുള്ള പതിനായിരത്തിലധികം മുസ്‌ലിം പെണ്‍കുട്ടികളാണ് വിവാഹം കഴിച്ചെത്തിയ ശേഷം നരകയാതനക്ക് ഇരയാക്കുന്നത്.  ഇന്ത്യാവിഷന്‍ റിപ്പോര്‍ട്ടര്‍ ഫൗസിയ മുസ്തഫ നടത്തിയ അന്വേഷണമാണ് ഇക്കാര്യം പുറത്തുകൊണ്ടുവന്നത്.[]

നാട്ടിലേക്ക് തിരിച്ചു വരാന്‍ യാതൊരു നിവൃത്തിയുമില്ലാത്ത പെണ്‍കുട്ടികള്‍ പീഡനങ്ങള്‍ക്കും, വേശ്യാവൃത്തിക്കും നിര്‍ബന്ധിതരാകുകയാണ്. ഈ ചേരികളില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചവര്‍ കൊല്ലപ്പെട്ട സംഭവം വരെയുണ്ടായിട്ടുണ്ട്.

ഈ വിഷയത്തില്‍ കേസ് നടത്താനോ പെണ്‍കുട്ടികളെ രക്ഷപ്പെടുത്താനോ നാട്ടില്‍ നിന്നും ആരും തിരിഞ്ഞു നോക്കാത്ത സാഹചര്യമാണ് ഉള്ളത്.
മൈസൂരിലെ വൃത്തിഹീനമായ ചേരികളിലും അനാരോഗ്യകരമായ സാഹചര്യത്തില്‍ നരകിക്കുകയുമാണ് പെണ്‍കുട്ടികള്‍. വിവാഹത്തിന്റെ മറവില്‍ നടക്കുന്ന ഇത്തരം ചൂഷണങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ പോലും ഇവര്‍ക്കാകുന്നില്ല.

വിവാഹത്തിന്റെ മറവില്‍ മൈസൂരിലെത്തിപ്പെടുന്ന പെണ്‍കുട്ടികളെ വരനും കുടുംബവും പരമാവധി ചൂഷണം ചെയ്യുകയാണ് ചെയ്യുന്നത്.  പലപ്പോഴും വരന്മാരായെത്തുന്നത് കുപ്രസിദ്ധ ക്രിമിനലുകളാണ്. മലബാറിലെ ബ്രോക്കര്‍മാര്‍ വഴി മഹല്ല് കമ്മറ്റിയുമായി ബന്ധപ്പെട്ടാണ് ഇത്തരം വിവാഹം നടത്തുന്നത്.

മലബാറില്‍ വ്യാപകമായുള്ള വലിയ സ്ത്രീധനം നല്‍കി പെണ്‍കുട്ടികളെ കല്യാണം കഴിപ്പിച്ചയക്കാന്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് പറ്റാതെ വരുന്നിടത്താണ് ഇത്തരം കല്യാണങ്ങള്‍ സജീവമാകുന്നത്. കുറഞ്ഞ ചെലവില്‍ മക്കളെ കല്യാണം ചെയ്യിക്കാന്‍ പറ്റുന്നത് കൊണ്ടാണ് മൈസൂരിലേക്ക് കല്യാണം കഴിപ്പിച്ചയക്കുന്നത്.

1980 കളുടെ അവസാനം മുതലാണ് ഈ വിവാഹരീതി മലബാറില്‍ സജീവമായത്. മൈസൂരിലെ ഗൗസിയനഗര്‍, ശാന്തി നഗര്‍, ഭാരതി നഗര്‍ എന്നീ ചേരികളിലേക്കാണ് ഇവരെത്തുന്നത്.

ഒരു ലക്ഷത്തിന് 30000 രൂപയാണ് ഓരോ വിവാഹത്തിനും ബ്രോക്കര്‍മാര്‍ക്ക് ലഭിക്കുന്ന കമ്മീഷന്‍. ദരിദ്ര കുടുംബങ്ങളിലെ പെണ്‍കുട്ടികളാണ് ഇതിന് ഇരയാകുന്നത്. മലബാറിലെ മഹല്ല് കമ്മറ്റികളും   മുസ്‌ലിം സമൂഹവുമാണ് തങ്ങളുടെ ദുര്‍വിധിക്ക് ഉത്തരവാദികളെന്നും മൈസൂര്‍ കല്യാണത്തിനിരയായ പെണ്‍കുട്ടികള്‍ വെളിപ്പെടുത്തുന്നു.

ഒറ്റമുറികളില്‍ ഒതുങ്ങി കഴിയുന്നത് പത്തിലധികം അംഗങ്ങളാണെന്നും ചാനല്‍ ദൃശ്യങ്ങള്‍ തെളിയിക്കുന്നു. സാധാരണ ഹൈന്ദവ സമൂഹത്തില്‍ കല്യാണം നടക്കുന്ന പോലെയാണെങ്കില്‍ തങ്ങള്‍ക്ക് ഇത്തരം ദുരിതമനുഭവിക്കേണ്ടി വരില്ലെന്ന് പെണ്‍കുട്ടികള്‍ പറയുന്നു.

We use cookies to give you the best possible experience. Learn more