പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് തന്റെ ആരാധന പാത്രമെന്ന് ചെല്‍സി താരം മിഹൈലോ മുദ്രിക്. അദ്ദേഹത്തിന്റെ ചിന്താഗതിയാണ് തന്നെ ആകര്‍ഷിച്ചതെന്നും കഴിഞ്ഞ കുറേ കാലമായി താന്‍ റൊണാള്‍ഡോയെ ആരാധിക്കുന്നുണ്ടെന്നും മുദ്രിക് പറഞ്ഞു. പ്രീമിയര്‍ ലീഗില്‍ ക്രിസ്റ്റല്‍ പാലസിനെതിരെ നടന്ന ചെല്‍സിയുടെ മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം.
ജനുവരിയിലെ സമ്മര്‍ ട്രാന്‍സ്ഫറിലൂടെയാണ് ഉക്രൈനിയന്‍ ക്ലബ്ബായ ഷാക്തര്‍ ഡോണെട്‌സ്‌കില്‍ നിന്ന് മുദ്രിക് ചെല്‍സിയിലെത്തിയത്. കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം കാഴ്ചവെച്ച താരത്തെ ചെല്‍സി റാഞ്ചിക്കൊണ്ടുപോവുകയായിരുന്നു.
ആഴ്‌സണല്‍ മുദ്രിക്കിനെ സൈന്‍ ചെയ്യിക്കാന്‍ ഒരുങ്ങിയിരുന്നെങ്കിലും താരം ചെല്‍സിയിലേക്ക് പോകാനായിരുന്നു താത്പര്യം പ്രകടിപ്പിച്ചത്. ഷാക്തര്‍ ഡോണെട്‌സ്‌കിനായി 10 ഗോളുകളും 18 അസിസ്റ്റുമാണ് താരം കഴിഞ്ഞ സീസണില്‍ നേടിയത്.
ഈ സീസണില്‍ റൊണാള്‍ഡോക്ക് ഇംഗ്ലീഷ് ഫുട്‌ബോളില്‍ മികച്ച പ്രകടനം പുറത്തെടുക്കാനായില്ലെങ്കിലും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി 346 മത്സരങ്ങള്‍ കളിച്ച താരം 145 ഗോളുകളും 64 അസിസ്റ്റും അക്കൗണ്ടിലാക്കിയിട്ടുണ്ട്.
ലീഗ് മത്സരങ്ങളില്‍ തുടര്‍ച്ചയായി ബെഞ്ചിലിരിക്കേണ്ടി വന്ന താരം കോച്ച് എറിക് ടെന്‍ഹാഗുമായി അസ്വാരസ്യങ്ങളിലേര്‍പ്പെടുകയും തുടര്‍ന്ന് ക്ലബ്ബുമായി ധാരണയിലെത്തി യുണൈറ്റഡ് വിടുകയുമായിരുന്നു.
ഈ ജനുവരിയിലാണ് റൊണാള്‍ഡോ സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസറുമായി സൈന്‍ ചെയ്തത്. മോഹവില നല്‍കി അല്‍ നസര്‍ താരത്തെ സ്വന്തമാക്കുകയായിരുന്നു. ക്ലബ്ബിലെത്തിയതിന് ശേഷം റൊണാള്‍ഡോ ഇതുവരെ മത്സരത്തിനിറങ്ങിയിട്ടില്ല. ജനുവരി 19ന് പി.എസ്ജി.ക്കെതിരെ നടക്കുന്ന മത്സരമാകും അല്‍ നസറിലെ റൊണാള്‍ഡോയുടെ അരങ്ങേറ്റ മത്സരം.
ഇംഗ്ലണ്ട് ഫുട്‌ബോള്‍ അസോസിയേഷന്‍ (എഫ്.എ) ഏര്‍പ്പെടുത്തിയ രണ്ട് മത്സര വിലക്കുള്ളതിനാലാണ് റൊണാള്‍ഡോയുടെ അരങ്ങേറ്റം വൈകിയത്.
സൗദി പ്രോ ലീഗില്‍ 14ന് അല്‍ ഷബാബിനെതിരെ നടക്കുന്ന മത്സരത്തിലും റൊണാള്‍ഡോ കളിക്കില്ലെന്ന് അല്‍ നസര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
എത്തിഫാഖിനെതിരെ നടക്കുന്ന മത്സരത്തിലാകും റൊണാള്‍ഡോ അല്‍ നസര്‍ ജേഴ്‌സിയില്‍ ഇറങ്ങുക എന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ പി.എസ്.ജിക്കെതിരായ മത്സരത്തില്‍ തന്നെ അല്‍ നസര്‍ റൊണാള്‍ഡോയെ കളിപ്പിച്ചേക്കുമെന്നാണ് അല്‍ നസര്‍ പരിശീലകന്‍ റൂഡി ഗാര്‍ഷ്യ അറിയിച്ചത്.
Content Highlights: Mykhaylo Mudryk praises Cristiano Ronaldo