| Saturday, 6th June 2020, 11:05 pm

ചൈനീസ് ആപ്പുകള്‍ നിരോധിക്കണമെന്ന് സംഘപരിവാര്‍ ക്യാംപെയിന്‍; ടിക് ടോക്കില്‍ അക്കൗണ്ട് തുടങ്ങി കേന്ദ്രസര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ചൈനീസ് നിര്‍മിത ആപ്പായ ടിക് ടോക് ഇന്ത്യയില്‍ നിരോധിക്കണമെന്ന സംഘപരിവര്‍ അനുകൂലികളുടെ ക്യാംപെയിന്‍ നടക്കുന്നതിനിടെ ടിക്ക് ടോക്കില്‍ അക്കൗണ്ട് ആരംഭിച്ച് കേന്ദ്രസര്‍ക്കാര്‍.

രാജ്യം മുഴുവന്‍ ചൈനീസ് ഉല്‍പ്പനങ്ങളും ചൈനീസ് ആപ്പുകളും നിരോധിക്കണമെന്ന ക്യാംപെയിന്‍ ശക്തമാകുന്നതിനിടെയാണ് കേന്ദ്രസര്‍ക്കാര്‍ ടിക് ടോക്കില്‍ ഔദ്യോഗിക അക്കൗണ്ട് ആരംഭിച്ചിരിക്കുന്നത്.

Mygovindia എന്ന പേരിലാണ് ഔദ്യോഗിക അക്കൗണ്ട് ആരംഭിച്ചിരിക്കുന്നത്. ഇതിനോടകം 20 വീഡിയേകളും ഈ അക്കൗണ്ടില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. 8 ലക്ഷം ആളുകള്‍ ഈ അക്കൗണ്ട് ഫോളോ ചെയ്യുന്നുണ്ട്.

കഴിഞ്ഞ മാസം ആത്മാ നിര്‍ഭര്‍ അഭിയാന്‍ എന്ന പേരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ക്യാംപെയിന്‍ ആരംഭിച്ചിരുന്നു. പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചും ഇറക്കുമതി ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ കയറ്റുമതി ചെയ്തും കൂടുതല്‍ സ്വാശ്രയരാകാന്‍ പൗരന്മാരോട് അഭ്യര്‍ത്ഥിച്ചു കൊണ്ടായിരുന്നു പദ്ധതി ആരംഭിച്ചത്. ഇതിന് പിന്നാലെയായിരുന്നു ചൈനീസ് ആപ്പുകള്‍ ഒഴിവാക്കണമെന്ന് ക്യാംപെയിന്‍ വിവിധയിടങ്ങളില്‍ ആരംഭിച്ചത്.

സര്‍ക്കാര്‍ പുതിയ അക്കൗണ്ട് ആരംഭിച്ചതിനെ ട്രോളികൊണ്ട് നിരവധി പേര്‍ രംഗത്ത് എത്തുകയും ചെയ്തിട്ടുണ്ട്. നേരത്തെ ടിക് ടോക്കിന് ബദലായി ഇന്ത്യയില്‍ മിത്രോന്‍ എന്ന പേരില്‍ ഒരു ആപ്പ് ആരംഭിച്ചിരുന്നു. എന്നാല്‍ ഗൂഗിള്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചെന്നാരോപിച്ച് പ്ലേസ്റ്റോറില്‍ നിന്ന് ആപ്പ് നീക്കം ചെയ്തിരുന്നു.

സ്പാം ആന്‍ഡ് മിനിമം ഫംഗ്ഷണറി പോളിസി ലംഘിച്ചതിനെ തുടര്‍ന്നാണ് ആപ് നീക്കം ചെയ്യുന്നതെന്ന് ഗൂഗിള്‍ വ്യക്തമാക്കി. മറ്റ് ആപ്പുകളുടെ ഫീച്ചേഴ്‌സുകള്‍ ഉറവിടം വ്യക്തമാക്കാതെ ഉപയോഗിച്ചെന്നും ഗൂഗിള്‍ കണ്ടെത്തി.

സൗജന്യ ആപ്പുകളില്‍ പ്ലേ സ്റ്റോറില്‍ ആദ്യ പത്തില്‍ ഇടം പിടിച്ച ആപ്പാണ് മിത്രോന്‍. ഐ.ഐ.ടി റൂര്‍ക്ക വിദ്യാര്‍ത്ഥി ശിവാങ്ക് അഗര്‍വാളാണ് ആപ്പ് വികസിപ്പിച്ചത്.

ആദ്യ ആഴ്ചയില്‍ തന്നെ 50 ലക്ഷം ആളുകള്‍ ആപ് ഡൗണ്‍ലോഡ് ചെയ്തിരുന്നു.പാകിസ്താനിലെ സോഫ്റ്റ് വെയര്‍ ഡെവലപ്പര്‍ കമ്പനിയായ ക്യുബോക്‌സസിന്റെ സോഴ്‌സ് കോഡ് ഉപയോഗിച്ചാണ് ആപ് പുറത്തിറക്കിയതെന്ന് നേരത്തെ മിത്രോന്‍ ആപ്പിനെതിരെ ആരോപണമുയര്‍ന്നിരുന്നു.

എന്നാല്‍ കഴിഞ്ഞ ദിവസം മുതല്‍ ആപ്പ് വീണ്ടും പ്ലേസ്റ്റോറില്‍ ലഭ്യമായി തുടങ്ങിയിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more