| Tuesday, 2nd February 2021, 1:34 pm

ബൈഡന്റെ ഉപരോധഭീഷണിയോട് ആയുധബലത്തിലൂടെ പ്രതികരിച്ച് മ്യാന്‍മര്‍ പട്ടാളം; രാജ്യം പൂര്‍ണ്ണമായി പട്ടാള നിയന്ത്രണത്തിലായെന്ന് റിപ്പോര്‍ട്ടുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മ്യാന്‍മര്‍: അട്ടിമറിയിലൂടെ ഭരണം പിടിച്ചെടുത്ത പട്ടാളം മ്യാന്‍മറില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. സേന തടവിലാക്കായ മ്യാന്‍മറിലെ പ്രമുഖ നേതാവായ ആങ് സാന്‍ സൂചിയെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ലോകരാഷ്ട്രങ്ങളില്‍ നിന്നും സമ്മര്‍ദം ശക്തമാകുന്നതിനിടെയാണ് കൂടുതല്‍ കടുത്ത നിയന്ത്രണങ്ങളുമായി സൈന്യം രംഗത്തെത്തിയിരിക്കുന്നത്.

ആങ് സാന്‍ സൂചി എവിടെയാണെന്നതിനെ കുറിച്ചുള്ള വിവരങ്ങളൊന്നും ഇതുവരെയും പുറത്തുവന്നിട്ടില്ല. തടവിലായ മറ്റു രാഷ്ട്രീയ നേതാക്കളെ കുറിച്ചും വിവരങ്ങളില്ല.

സൈന്യം ഉടന്‍ നടപടി പിന്‍വലിക്കണമെന്നും അല്ലാത്തപക്ഷം മ്യാന്‍മറിനുമേല്‍ വീണ്ടും യു.എസ് ഉപരോധം ഏര്‍പ്പെടുത്തണമെന്നും യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രതികരിച്ചതിന് പിന്നാലെയാണ് ഇപ്പോള്‍ രാജ്യത്ത് കൂടുതല്‍ സേനാംഗങ്ങളെ വിന്യസിച്ചിരിക്കുന്നത്. രാജ്യം മുഴുവന്‍ സൈനിക നിയന്ത്രണത്തിലായെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബര്‍മീസ് സൈന്യം പിടിച്ചെടുത്ത അധികാരം വിട്ടുനല്‍കാന്‍ അന്താരാഷ്ട്ര സമൂഹം ഒന്നായി ഇടപെടണം എന്നും ബൈഡന്‍ ആവശ്യപ്പെട്ടിരുന്നു. അമേരിക്ക മ്യാന്‍മറിനുമേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിച്ചത് ആ രാജ്യം ജനാധിപത്യത്തിന്റെ പാതയിലേക്ക് പോകുന്നു എന്നതുകൊണ്ടാണ്. വീണ്ടും സ്ഥിതി വഷളാവുകയാണെങ്കില്‍ ഉപരോധം ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് ബൈഡന്‍ പറഞ്ഞു.

ജനാധിപത്യം ആക്രമിക്കപ്പെടുമ്പോഴൊക്കെ അമേരിക്ക അതിനെതിരായി നില്‍ക്കുമെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു. 2015ല്‍ മ്യാന്‍മറില്‍ ജനാധിപത്യം സ്ഥാപിക്കാന്‍ സാധിച്ചത് അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ വിജയമായി വിലയിരുത്തിയിരുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും മ്യാന്‍മറിലെ സൈനിക അട്ടിമറിയെ അപലപിച്ച് രംഗത്തെത്തിയിരുന്നു.
തെരഞ്ഞെടുപ്പില്‍ ക്രമക്കേട് ആരോപിച്ചാണ് മ്യാന്‍മറില്‍ സൈന്യം അട്ടിമറി നീക്കങ്ങള്‍ക്ക് തുടക്കമിട്ടത്. ഇതിനു പിന്നാലെ മ്യാന്‍മറില്‍ ഒരു വര്‍ഷത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

മ്യാന്‍മര്‍ നേതാവ് ആങ് സാന്‍ സൂചിയേയും ഭരണകക്ഷിയിലെ മുതിര്‍ന്ന നേതാക്കളെയും അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

സൂചിയും പ്രസിഡന്റ് വിന്‍ മിന്‍ടും നിരവധി പ്രവിശ്യാ മുഖ്യമന്ത്രിമാരുമുള്‍പ്പെടെയുള്ളവര്‍ ഇപ്പോള്‍ തടവിലാണ്. നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസിയുടെ വക്താവാണ് ആങ് സാന്‍ സൂചിയും നേതാക്കളും തടവിലാണെന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. സര്‍ക്കാരും മ്യാന്‍മര്‍ സൈന്യവും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതിന് പിന്നാലെയായിരുന്നു അറസ്റ്റ്.

മ്യാന്‍മറിലെ ഔദ്യോഗിക റേഡിയോ സംപ്രേക്ഷണം നിര്‍ത്തിവെച്ചു. തെരഞ്ഞെടുപ്പില്‍ ആങ് സാന്‍ സുചി വിജയമുറപ്പിച്ചതിന് പിന്നാലെയാണ് അസാധാരണ നടപടിയുമായി പട്ടാളം വീണ്ടും രംഗത്തെത്തിയത്. ജനങ്ങള്‍ സംയമനം പാലിക്കണമെന്നും, ധൃതിപ്പെട്ടുള്ള പ്രക്ഷോഭങ്ങളിലേക്ക് പോകരുതെന്നും എന്‍.എല്‍.ഡി വക്താവ് മയോ നന്‍ട് പറഞ്ഞിരുന്നു. താനും ഉടന്‍ അറസ്റ്റ് ചെയ്യപ്പെട്ടേക്കാമെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Myanmmar coup: military tightens grip amid calls for Suu Kyi to be freed

We use cookies to give you the best possible experience. Learn more