| Tuesday, 7th May 2019, 2:24 pm

മ്യാന്‍മര്‍ തടവില്‍ നിന്ന് റോയിട്ടേഴ്‌സ് ന്യൂസ് റൂമിലേക്ക്; വാ ലോനിന്‍റേയും ക്യാവ് സോവിന്‍റേയും സ്വാതന്ത്ര്യം മാധ്യപ്രവര്‍ത്തനത്തിന്‍റേത് കൂടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബര്‍മ: ‘ഞാന്‍ ഒരു മാധ്യമപ്രവര്‍ത്തകനാണ്. ഞാന്‍ അങ്ങനെ തന്നെ തുടരും. ന്യൂസ്റൂമിലേക്ക് തിരിച്ച് പോവാന്‍ തിടുക്കമാവുന്നു’- ഔദ്യോഗിക സുരക്ഷാ നിയമം ലംഘിച്ചെന്നാരോപിച്ച് മ്യാന്‍മര്‍ സര്‍ക്കാര്‍ ജയിലിടച്ച റോയിട്ടേഴ്സിന്റെ മാധ്യമപ്രവര്‍ത്തകന്‍ വാ ലോന്‍ കിനിന്റെ വാക്കുകളാണിവ. മ്യാന്‍മറിന്റെ പുതുവത്സരത്തിനോടനുബന്ധിച്ചാണ് റോയിട്ടേഴ്‌സിന്റെ വാ ലോനിനേയും, ക്യാവ് സോവിനേയും സര്‍ക്കാര്‍ വിട്ടയക്കാന്‍ തീരുമാനിച്ചത്.

മ്യാന്‍മറിലെ വംശഹത്യയില്‍ കൊല്ലപ്പെട്ട റോഹിംഗ്യന്‍ മുസ്‌ലിംങ്ങളുടെ കുടുംബങ്ങളേയും, പ്രദേശത്തെ ബുദ്ധമത വിശ്വാസികളേയും ഉദ്ധരിച്ചു കൊണ്ട് തയ്യാറാക്കിയ റിപ്പോര്‍ട്ട് റോഹിംഗ്യ മുസ്‌ലിംങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ ലോകത്തിന് മുന്നില്‍ തുറന്നു കാട്ടുന്നതില്‍ നിര്‍ണായകമായിരുന്നു.

മുപ്പത്തിമൂന്നുകാരനായ വാ ലോന്‍ ,കിന്‍ പ്യിറ്റിലെ നെല്‍ കൃഷിക്കാരുടെ കുടുംബത്തിലാണ് ജനിച്ചത്. അഞ്ഞൂറില്‍ താഴെ മാത്രം ആളുകള്‍ ജീവിക്കുന്ന വരണ്ട സമതലപ്രദേശമായ സാഗെയ്ങ് പ്രവശ്യയുടെ ഭാഗമാണ് കിന്‍ പ്യിറ്റ്.

20കളുടെ തുടക്കത്തില്‍ ലോന്‍ മ്യാന്‍മറിലെ ഏറ്റവും വലിയ പട്ടണമായ യാന്‍ഗോനിലെത്തിയ ലോന്‍ മാധ്യമരംഗത്തേക്ക് പ്രവേശിക്കുകയായിരുന്നു. മ്യാന്‍മര്‍ ടൈംസില്‍ ജോലി ചെയ്യുമ്പോള്‍ പരിചയപ്പെട്ട പാന്‍ ഈ മോനെയാണ് ലോന്‍ പിന്നീട് വിവാഹം കഴിച്ചത്.

2016ലാണ് ലോന്‍ റോയിട്ടേഴ്‌സിലെത്തുന്നത്. അതിനിടെയാണ്  ഉത്തര റാഖിനെയിലെ ഇന്‍ ദിനില്‍ റോഹിംഗ്യന്‍ മുസ്‌ലിംങ്ങള്‍ തങ്ങളെ പൊലീസും പ്രദേശത്തെ ബുദ്ധമത വിശ്വാസികളും ആക്രമിക്കുന്നുവെന്ന വാര്‍ത്ത പുറത്തു വരുന്നത്. പ്രസ്തുത വിഷയം റിപ്പോര്‍ട്ട് ചെയ്യുന്നതിനായി രാഖിനയെക്കുറിച്ചുള്ള വിവരങ്ങള്‍ അനുവാദമില്ലാതെ ഉപയോഗിച്ചുവെന്ന് കാണിച്ചാണ് ലോനിനെ മ്യാന്‍മര്‍ സര്‍ക്കാര്‍ അറസ്റ്റു ചെയ്തത്.

ലോനിന്റെ സഹപ്രവര്‍ത്തകനായ ക്യാവ് സോ, രാഖിനെയുടെ തലസ്ഥാനമായ സിറ്റവെയിലെ ബുദ്ധമത കുടുംബത്തിലെ അംഗമാണ്. 2012 മുതല്‍ പ്രദേശത്ത് വംശീയ പ്രശ്‌നങ്ങള്‍ മൂലമുള്ള അരക്ഷിതാവസ്ഥ നിലനിന്നിരുന്നെങ്കിലും, സോ ഇതിലൊന്നും താത്പര്യം കാണിച്ചിരുന്നില്ലെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ പറയുന്നു. പുസ്തകങ്ങളിലും കവിതകളിലും അഭയം പ്രാപിച്ച വ്യക്തിയായിരുന്നു സോ.

പിന്നീട് മാധ്യമപ്രവര്‍ത്തകനായ സോ രാഖിനെ കേന്ദ്രീകരിച്ച് വാര്‍ത്താ ഏജന്‍സി ആരംഭിച്ചു. 2017ല്‍ രാഖിനെയില്‍ ആക്രമണം പൊട്ടിപ്പുറപ്പെട്ടതിന് ശേഷമാണ് സോ റോയിട്ടേഴ്‌സിന്റെ ഭാഗമാകുന്നത്.

റോഹിംഗ്യാ മുസ്‌ലിംങ്ങള്‍ക്കെതിരെ സുരക്ഷാ സേനയും, ഇവരുടെ അയല്‍വാസികളായ ബുദ്ധമതക്കാരും അഴിച്ചു വിട്ട ആക്രമങ്ങളെക്കുറിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടിന് ഇരുവരേയും 2018 ഏപ്രിലില്‍ പുലിസ്റ്റര്‍ പുരസ്‌കാരം തേടിയെത്തിയിരുന്നു.

കഴിഞ്ഞ വര്‍ഷത്തെ ടൈം മാഗസിന്റെ പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ ആയി ആദരിച്ചത് ‘സത്യത്തിന്റെ സംരക്ഷകരായ’ മാധ്യപ്രവര്‍ത്തകരേയായിരുന്നു. ഇതില്‍ ലോനും സോയും ഉള്‍പ്പെട്ടിരുന്നു. ഇവരെക്കൂടാതെ തുര്‍ക്കി കോണ്‍സുലേറ്റില്‍ വെച്ച് കൊല്ലപ്പെട്ട സൗദി മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജി, ഫിലിപ്പീന്‍ മാധ്യമ പ്രവര്‍ത്തക മരിയ റെസ്സ, മ്യാന്‍മറില്‍ അറസ്റ്റിലായ റോയിട്ടേഴ്സ് മാധ്യമപ്രവര്‍ത്തകരായ വാ ലോണ്‍, ക്യോ സോയിഊ, വെടിവെപ്പില്‍ കൊല്ലപ്പെട്ട മാരിലാന്‍ഡിലെ ക്യാപ്പിറ്റല്‍ ഗസറ്റ് പത്രത്തിലെ മാധ്യപ്രവര്‍ത്തകര്‍, എന്നിവരും ടൈം മാഗസിന്റെ മുഖച്ചിത്രത്തില്‍ ഉള്‍പ്പെട്ടിരുന്നു.

മാധ്യമസ്വാതന്ത്ര്യം രൂക്ഷമായ പ്രതിസന്ധി നേരിടുന്നുവെന്ന സന്ദേശമായിരുന്നു ടൈം മാഗസിന്റെ തെരഞ്ഞെടുപ്പെന്ന് വിലയിരുത്തലുകളുണ്ടായിരുന്നു.

രണ്ടു മാധ്യമപ്രവര്‍ത്തകരും രാജ്യത്തെ ഒരു നിയമവും ലംഘിച്ചില്ലെന്ന് റോയിട്ടേഴ് മുമ്പ് തന്നെ വ്യക്തമാക്കിയിരുന്നു. തങ്ങളുടെ ധീരരായ മാധ്യപ്രവര്‍ത്തകരെ വെറുതെ വിട്ട മ്യാന്‍മറിന്റെ നടപടിയില്‍ ഞങ്ങള്‍ അതീവ സന്തുഷ്ടരാണ്, റോയിട്ടേഴ്സിന്റെ എഡിറ്ററുടെ പ്രസ്താവനയില്‍ പറയുന്നു.

We use cookies to give you the best possible experience. Learn more