റോഹിങ്ക്യന്‍ മുസ്‌ലിങ്ങളെ ഇല്ലാതാക്കി വംശ ശുദ്ധിവരുത്താനുള്ള തീരുമാനം നാണക്കേട്; മ്യാന്‍മറിനെതിരെ നടപടി ആവശ്യപ്പെട്ട് യൂ.എന്നില്‍ നിക്കി ഹാലെ
Daily News
റോഹിങ്ക്യന്‍ മുസ്‌ലിങ്ങളെ ഇല്ലാതാക്കി വംശ ശുദ്ധിവരുത്താനുള്ള തീരുമാനം നാണക്കേട്; മ്യാന്‍മറിനെതിരെ നടപടി ആവശ്യപ്പെട്ട് യൂ.എന്നില്‍ നിക്കി ഹാലെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 29th September 2017, 12:49 pm

യുനേറ്റഡ് നാഷന്‍സ്: റോഹിങ്ക്യന്‍ മുസ്‌ലിങ്ങളെ ഇല്ലാതാക്കി വംശ ശുദ്ധിവരുത്താനുള്ള ആങ് സാങ് സൂക്കിയുടെ സര്‍ക്കാരിന്റെ തീരുമാനം നാണക്കേട് ഉണ്ടാക്കുന്നതാണെന്ന് യു.എസ് അംബാസിഡര്‍ നിക്കി ഹാലെ. യു.എന്‍ രക്ഷാ സമിതിയുടെ യോഗത്തിലായിരുന്നു ഹാലെയുടെ വിമര്‍ശനം.

മ്യാന്‍മറിലെ സൈനിക നീക്കത്തിനെതിരെയും സര്‍ക്കാര്‍ ഒരു നടപടികള്‍ സ്വീകരിക്കാത്തതിനെതിരെയും രൂക്ഷവിമര്‍ശനമാണ് നിക്കി ഹാലെ ഉയര്‍ത്തിയത്. റോഹിങ്ക്യനുകള്‍ക്ക് നേരെയുള്ള മ്യാന്‍മറിന്റെ അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര തലത്തില്‍ നിന്ന് സമ്മര്‍ദ്ദം ചെലുത്തണമെന്നും അവര്‍ നിര്‍ദ്ദേശിച്ചു.

മ്യാന്‍മറിന്റെ പരമ്പരാഗത പേരായ “ബര്‍മ്മ” എന്നു വിശേഷിപ്പിച്ചുകൊണ്ടായിരുന്നു നിക്കിയുടെ വിമര്‍ശനങ്ങള്‍. ബര്‍മ്മക്കെതിരെ നടപടിയെടുക്കുന്നതിന് ശുപാര്‍ശ ചെയ്യുന്നതിന് ഇനിയും താമസിക്കരുത്. ന്യൂനപക്ഷങ്ങളെ സമ്പൂര്‍ണമായി രാജ്യത്തില്‍ നിന്ന് ഇല്ലാതാക്കാനുള്ള ക്രൂരമായ കാമ്പയിനുകളാണ് മ്യാന്‍മറില്‍ നടക്കുന്നതെന്നും അവര്‍ ആരോപിച്ചു.


Also Read ഒരു മിനുട്ടിനുള്ളില്‍ 15 പഞ്ച്;മദ്യപിച്ച് നടുറോഡില്‍ തെരുവുഗുണ്ടയെപ്പോലെ അടിയുണ്ടാക്കി ബെന്‍ സ്‌റ്റോക്‌സ്; വീഡിയോ


ബര്‍മ്മയുടെ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടി പോരാടിയ മുതിര്‍ന്ന ബര്‍മ്മന്‍ നേതാക്കള്‍ക്ക് തന്നെ നാണക്കേടുണ്ടാക്കുന്ന തീരുമാനമാണിതെന്നും അവര്‍ കൂട്ടി ചേര്‍ത്തു.

റോഹിങ്ക്യന്‍ ജനതയെ രക്ഷിക്കാന്‍ സൂകി ഇടപെടണമെന്ന് ഐക്യരാഷ്ട്രസഭ മുമ്പ് ആവശ്യപ്പെട്ടിരുന്നു. അതേസമയം മ്യാന്‍മാറിലെ രാഖിന്‍ സ്റ്റേറ്റിലേക്കുള്ള യു.എന്‍ സഹായം മ്യാന്‍മാര്‍ തടഞ്ഞിരുന്നു.

മ്യാന്‍മാര്‍ സൈന്യത്തിന്റെ അതിക്രമങ്ങളില്‍ നിന്നും രക്ഷപ്പെട്ട് പതിനായിരക്കണക്കിന് റോഹിങ്ക്യരാണ് ബംഗ്ലാദേശിലേക്കും മറ്റും പാലായനം ചെയ്യുന്നത്. ബംഗ്ലാദേശിലെത്തിയ അഭയാര്‍ത്ഥികളില്‍ നിന്നും ലഭിക്കുന്ന വിവരങ്ങളനുസരിച്ച് മ്യാന്‍മാര്‍ സൈന്യം മേഖലയില്‍ കൂട്ട അക്രമണമാണ് നടക്കുന്നത്.