റോഹിങ്ക്യന്‍ മുസ്‌ലിംങ്ങള്‍ക്കുള്ള യു.എന്‍ ഭക്ഷണ വിതരണം മ്യാന്‍മാര്‍ തടഞ്ഞു
Daily News
റോഹിങ്ക്യന്‍ മുസ്‌ലിംങ്ങള്‍ക്കുള്ള യു.എന്‍ ഭക്ഷണ വിതരണം മ്യാന്‍മാര്‍ തടഞ്ഞു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 4th September 2017, 10:15 am

 

മ്യാന്‍മാറിലെ രാഖിന്‍ സ്‌റ്റേറ്റിലേക്കുള്ള യു.എന്‍ സഹായം മ്യാന്‍മാര്‍ തടഞ്ഞു. ദുരിത സ്ഥലത്തേക്കുള്ള ഭക്ഷണം, മരുന്ന്, വെള്ളം എന്നിവ വിതരണം ചെയ്യുന്നതാണ് സര്‍ക്കാര്‍ തടഞ്ഞത്.

സഹായമെത്തിക്കാന്‍ അനുമതിയില്ലാത്തതിനാല്‍ ദുരിതാശ്വാസ വിതരണ പ്രവര്‍ത്തികള്‍ മുടങ്ങിയതായി മ്യാന്‍മാറിലെ യു.എന്‍ റസിഡന്റ് കോര്‍ഡിനേറ്റര്‍ ഗാര്‍ഡിയന്‍ ദിനപത്രത്തോട് പറഞ്ഞു. വിതരണം പുനരാരംഭിക്കാന്‍ മ്യാന്‍മാര്‍ സര്‍ക്കാറുമായി യു.എന്‍ ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും യു.എന്‍ പ്രതിനിധി പറഞ്ഞു.

സംഘര്‍ഷം രൂക്ഷമായിരിക്കെ കഴിഞ്ഞ ഒരാഴ്ചയായി യു.എന്‍ ഏജന്‍സികളായ യു.എന്‍.എച്ച്.സി.ആര്‍, യു.എന്‍.എഫ്.പി.എ, യുണിസെഫ് എന്നിവയ്‌ക്കൊന്നും രാഖിനിലേക്ക് പ്രവേശിക്കാനായിട്ടില്ല.


Read more:  യു.പിയില്‍ വീണ്ടും ശിശുമരണം; ഫാറൂഖാബാദിലെ ആശുപത്രിയില്‍ ഒരു മാസത്തിനിടെ 49 കുട്ടികള്‍ മരിച്ചതായി റിപ്പോര്‍ട്ട്


പ്രദേശത്തേക്കുള്ള പ്രവേശനം സര്‍ക്കാര്‍ മുടക്കിയാതായി ഓക്‌സ്ഫാം, സേവ് ദ ചില്‍ഡ്രന്‍ ഉള്‍പ്പടെയുള്ള സര്‍ക്കാരിതര എന്‍.ജി.ഒ കളും അറിയിച്ചു.

മ്യാന്‍മാര്‍ സൈന്യത്തിന്റെ അതിക്രമങ്ങളില്‍ നിന്നും രക്ഷപ്പെട്ട് പതിനായിരക്കണക്കിന് റോഹിങ്ക്യരാണ് ബംഗ്ലാദേശിലേക്കും മറ്റും പാലായനം ചെയ്യുന്നത്. ബംഗ്ലാദേശിലെത്തിയ അഭയാര്‍ത്ഥികളില്‍ നിന്നും ലഭിക്കുന്ന വിവരങ്ങളനുസരിച്ച് മ്യാന്‍മാര്‍ സൈന്യം മേഖലയില്‍ കൂട്ട നശീകരണം നടത്തുന്നതായാണ് മനസിലാക്കാന്‍ സാധിക്കുന്നത്.