| Thursday, 4th March 2021, 8:06 am

രക്തച്ചൊരിച്ചിലില്‍ വിറങ്ങലിച്ച് മ്യാന്‍മര്‍; മുന്നറിയിപ്പില്ലാതെ സൈന്യം 38 പേരെ വെടിവെച്ചു കൊന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

മ്യാന്‍മര്‍: മ്യാന്‍മറില്‍ സൈന്യത്തിനെതിരായ പ്രതിഷേധത്തില്‍ 38 പേര്‍ കൊല്ലപ്പെട്ടു. പ്രതിഷേധക്കാര്‍ക്കു നേരെ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് സംഭവത്തിന്റെ ദൃക്‌സാക്ഷി പറഞ്ഞു.

ആങ് സാന്‍ സൂചി ഉള്‍പ്പെടെ സൈന്യം തടവിലാക്കിയ നിരവധി രാഷ്ട്രീയ തടവുകാരെ വിട്ടയക്കണമെന്നും സൈന്യം ഭരണത്തില്‍ നിന്നും പിന്മാറണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധക്കാര്‍ മ്യാന്‍മര്‍ നഗരത്തില്‍ സംഘടിച്ചെത്തിയത്.

പ്രതിഷേധക്കാര്‍ക്കു നേരെ മുന്നറിയിപ്പില്ലാതെ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു. കൊല്ലപ്പെട്ടവരില്‍ കുട്ടികളുമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫെബ്രുവരി ഒന്നിന് മ്യാന്‍മറില്‍ പട്ടാളം ഭരണം അട്ടിമറിച്ചതോടെ നിരവധി പേരാണ് കൊല്ലപ്പെട്ടത്. പ്രതിഷേധക്കാരെയെല്ലാം സൈന്യം തടവിലാക്കുകയാണ്.

അമ്പതിലധികം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ആയുധധാരികളല്ലാത്ത പ്രതിഷേധക്കാരെ സൈന്യം ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. 14 ഉം 17 ഉം വയസ്സുള്ള രണ്ട് കുട്ടികളും കൊല്ലപ്പെട്ടിട്ടുണ്ട്. പ്രതിഷേധക്കാരെ ജലപീരങ്കി ഉപയോഗിച്ച് പിരിച്ചുവിടാന്‍ പോലും ശ്രമിക്കാതെ നേരെ വന്ന് അവര്‍ക്കു നേരെ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

സംഭവത്തെ അപലപിച്ച് യു.എന്‍ രംഗത്തെത്തി. ഇതാദ്യമായാണ് ഇത്രയധികം പേര്‍ ഒരു ദിവസം സൈന്യത്തിന്റെ വെടിവെപ്പില്‍ കൊല്ലപ്പെടുന്നത്. നേരത്തെയും പ്രതിഷേധക്കാര്‍ക്കു നേരെ സൈന്യം അക്രമം അഴിച്ചുവിട്ടിരുന്നു.

ഫെബ്രുവരി ഒന്നിനാണ് തെരഞ്ഞെടുപ്പില്‍ ക്രമക്കേട് ആരോപിച്ച് മ്യാന്‍മറില്‍ മിന്‍ ഓങ് ഹ്‌ളെയിങ്ങിന്റെ നേതൃത്വത്തില്‍ പട്ടാളം അട്ടിമറി നടത്തി ഭരണം പിടിച്ചെടുക്കുന്നത്.
മ്യാന്‍മര്‍ നേതാവ് ആങ് സാന്‍ സൂചിയേയും ഭരണകക്ഷിയിലെ മുതിര്‍ന്ന നേതാക്കളെയും അറസ്റ്റ് ചെയ്തതിന് പിന്നാലെ രാജ്യത്ത് അടിയന്തരാവസ്ഥയും സൈന്യം പ്രഖ്യാപിച്ചിരുന്നു. ഒരു വര്‍ഷത്തേക്കാണ് അടിയന്തരാവസ്ഥ. കഴിഞ്ഞ ദിവസം സൈന്യത്തിനെതിരായി സംസാരിച്ച മ്യാന്‍മറിലെ യു.എന്‍ അംബാസിഡറെയും ബര്‍മീസ് സേന പിരിച്ചുവിട്ടിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Myanmar sees deadliest day as 38 protesters killed

We use cookies to give you the best possible experience. Learn more