|

ആങ് സാന്‍ സൂചിയ്ക്ക് നാല് വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബര്‍മ്മ: നൊബേല്‍ ജേതാവും മ്യാന്‍മറിലെ നേതാവുമായ ആങ് സാന്‍ സൂചിയ്ക്ക് നാല് വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി. സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് എ.എഫ്.പിയാണ് ഇക്കാര്യം റിപ്പോട്ട് ചെയ്യുന്നത്.

കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് രണ്ട് വര്‍ഷവും പ്രേരണക്കുറ്റത്തിന് രണ്ട് വര്‍ഷവും ഉള്‍പ്പടെയാണ് നാല് വര്‍ഷത്തേക്കുള്ള തടവ് ശിക്ഷ.

മുന്‍ പ്രസിഡന്റ് വിന്‍ മിന്റിനേയും സമാനകുറ്റം ചുമത്തി നാല് വര്‍ഷത്തെ തടവിന് വിധിച്ചിട്ടുണ്ട്.

അതേസമയം ഇരുവരേയും ഇതുവരെ ജയിലിലേക്ക് കൊണ്ടുപോയിട്ടില്ല. ഇരുവര്‍ക്കുമെതിരെ മറ്റ് ചില കുറ്റങ്ങളും ചുമത്തിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ വക്താവ് പറഞ്ഞു.

നേരത്തെ സൂചിക്കെതിരെ മ്യാന്‍മറിലെ പട്ടാള ഭരണകൂടം അഴിമതിക്കുറ്റം ചുമത്തിയിരുന്നു. അനധികൃതമായി പണവും സ്വര്‍ണ്ണവും കൈവശം വെച്ചെന്നാരോപിച്ചാണ് സൂചിയ്ക്കെതിരെ കേസെടുത്തത്.

സൂചി അധികാരം ദുര്‍വിനിയോഗം ചെയ്തെന്നും വന്‍ അഴിമതികളാണ് നടത്തിയതെന്നും പട്ടാളഭരണകൂടം ആരോപിച്ചു. രാജ്യദ്രോഹക്കുറ്റം തുടങ്ങിയ വകുപ്പുകളാണ് സൂചിയ്ക്കെതിരെ ചുമത്തിയിരുന്നത്.

ഫെബ്രുവരി ഒന്നിനാണ് തെരഞ്ഞെടുപ്പില്‍ ക്രമക്കേട് ആരോപിച്ച് മ്യാന്‍മറില്‍ മിന്‍ ഓങ് ഹ്ളെയിങ്ങിന്റെ നേതൃത്വത്തില്‍ പട്ടാളം അട്ടിമറി നടത്തി ഭരണം പിടിച്ചെടുക്കുന്നത്.

ആങ് സാന്‍ സൂചിയേയും ഭരണകക്ഷിയിലെ മുതിര്‍ന്ന നേതാക്കളെയും അറസ്റ്റ് ചെയ്തതിന് പിന്നാലെ രാജ്യത്ത് അടിയന്തരാവസ്ഥയും സൈന്യം പ്രഖ്യാപിച്ചിരുന്നു.

പട്ടാള അട്ടിമറിക്കെതിരെ പ്രതിഷേധവുമായെത്തിയവരെ സേന അതിക്രൂരമായാണ് നേരിട്ടത്. നിരവധി പേര്‍ കൊല്ലപ്പെടുകയും അതിലേറെ പേര്‍ ജയിലിലാവുകയും ചെയ്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Myanmar’s Suu Kyi sentenced to four years in jail