| Monday, 17th April 2023, 6:57 pm

ബുദ്ധിസ്റ്റ് പുതുവത്സര ദിനം; 3000 തടവുകാരെ മോചിപ്പിച്ച് മ്യാന്‍മാറിലെ സൈനിക ഭരണകൂടം

ഡൂള്‍ന്യൂസ് ഡെസ്‌ക്

നാപിഡേ: മ്യാന്‍മാറില്‍ ബുദ്ധിസ്റ്റ് പുതുവത്സരത്തോടനുബന്ധിച്ച് 3,000ലധികം തടവുകാരെ മോചിപ്പിച്ച് സൈനിക ഭരണകൂടം ഉത്തരവിറക്കി. മോചിപ്പിക്കപ്പെട്ടവരില്‍ 98 വിദേശികളും ഉള്‍പ്പെടുന്നുണ്ടെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ സൈനിക സര്‍ക്കാറിനെതിരായുള്ള ജനകീയ പ്രതിഷേധത്തില്‍ പങ്കെടുത്ത രാഷ്ട്രീയ നേതാക്കള്‍ മോചിപ്പിക്കപ്പെട്ടവരിലുണ്ടോ എന്ന കാര്യം സ്ഥിരീകരിക്കാന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ തയ്യാറായിട്ടില്ല.

മ്യാന്‍മാര്‍ സര്‍ക്കാറിന്റെ ഔദ്യോഗിക ചാനലായ എം.എര്‍.ടി.വി പുറത്ത് വിട്ട കണക്ക് പ്രകാരം 3,113 പേരെ മോചിപ്പിക്കാനാണ് ഭരണകൂടം തീരുമാനിച്ചിരിക്കുന്നത്. 2021ല്‍ സൈന്യം ഭരണത്തിലേറിയത് മുതല്‍ തടവിലാക്കപ്പെട്ടവരാണ് മോചിക്കപ്പെട്ടവരില്‍ അധികവും. ജയില്‍ നടപടികള്‍ തിങ്കളാഴ്ച മുതല്‍ ആരംഭിച്ചെന്നും എത്രയും പെട്ടെന്ന് തന്നെ തടവുകാരുടെ മോചന നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് എം.ആര്‍.ടി.വി റിപ്പോര്‍ട്ട് ചെയ്തു.

‘മ്യാന്‍മാറിന്റെ പുതുവത്സരാഘോഷത്തിന്റെ ഭാഗമായി മാനുഷിക മൂല്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ് തടവുകാരെ മോചിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ രാജ്യത്തെ നിയമത്തിനെതിരായി വീണ്ടും കുറ്റം ചെയ്യുന്നവരെ തുടര്‍ന്നും  അറസ്റ്റ് ചെയ്യുന്നതും അവര്‍  അധിക ശിക്ഷ അനുഭവിക്കേണ്ടി വരികയും ചെയ്യും,’ സൈനിക വക്താവായ ലെഫ്റ്റനന്റ് ജനറല്‍ ആങ് ലിന്‍ ദിവെ പ്രസ്താവനയില്‍ പറഞ്ഞു.

നൊബേല്‍ സമ്മാന ജേതാവും മുന്‍ പ്രധാന മന്ത്രിയുമായിരുന്ന ആങ് സാന്‍ സൂചിയടക്കം 17460 രാഷ്ട്രീയ തടവുകാരാണ് മ്യാന്‍മാറിലുള്ളത്. 2021 ഫെബ്രുവരി മുതലാണ് ഭരണകൂടത്തെ അട്ടിമറിച്ച് സൈന്യം ഭരണത്തിലേറിയത്.

തുടര്‍ന്നുണ്ടായ രാഷ്ട്രീയ പ്രതിസന്ധിയിലും സൈന്യവുമായുള്ള ഏറ്റുമുട്ടലിലും 3240 ലധികം സാധാരണക്കാര്‍ കൊല്ലപ്പെട്ടിരുന്നു. സൂചി മന്ത്രി സഭയിലെ മന്ത്രിമാരടക്കം പലരും ഇപ്പോഴും ജയിലിലാണ്. ഇതിന് മുമ്പ് 2021ലും പുതുവത്സര ദിനത്തോടനുബന്ധിച്ച് 2300ലധികം തടവുകാരെ സൈന്യം മോചിപ്പിച്ചിരുന്നു.

Content Highlight: myanmar release over 3000 prisoners from jail

We use cookies to give you the best possible experience. Learn more