| Sunday, 28th March 2021, 8:51 am

സ്ത്രീകളെയും കുട്ടികളെയും വരെ കൊന്നൊടുക്കി സൈന്യം; ചോരക്കുരുതിയില്‍ വിറങ്ങലിച്ച് മ്യാന്‍മര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

യാങ്കൂണ്‍: ചോരക്കളമായി മാറി മ്യാന്‍മര്‍. സായുധസേനാദിനമായ ശനിയാഴ്ച സൈന്യം നടത്തിയ ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 114 പേര്‍ കൊല്ലപ്പെട്ടു. അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്ത മ്യാന്‍മര്‍ സൈന്യത്തിനെതിരെ സമാധാനപരമായ പ്രതിഷേധം നയിച്ചവര്‍ക്ക് നേരെയായിരുന്നു സൈന്യത്തിന്റെ ആക്രമണം.

രാജ്യത്തെ 44 നഗരങ്ങളിലായാണ് വെടിവെപ്പ് നടന്നത്. താമസസ്ഥലങ്ങളില്‍ കയറി സൈന്യം നടത്തിയ ആക്രമണത്തില്‍ വീടുകള്‍ക്കുള്ളിലായിരുന്നവര്‍ വരെ കൊല്ലപ്പെട്ടു. പതിമൂന്ന് വയസ്സുള്ള പെണ്‍കുട്ടിയും കൊല്ലപ്പെട്ടവരുടെ കൂട്ടത്തിലുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ മാര്‍ച്ച് 14ന് സൈന്യം നടത്തിയ ആക്രമണത്തില്‍ തൊണ്ണൂറോളം പേര്‍ കൊല്ലപ്പെട്ടിരുന്നു.

സൈന്യം ആക്രമണം ശക്തമാക്കിയെങ്കിലും പ്രതിഷേധക്കാരും പിന്‍വാങ്ങാന്‍ തയ്യാറായിട്ടില്ല. സമരവുമായി തെരുവുകളിലുണ്ടാകുമെന്ന് സമരക്കാര്‍ അറിയിച്ചു. നിരപരാധികളെ കൊന്നൊടുക്കി സായുധസേന ദിനം ആഘോഷിക്കുന്ന സൈന്യത്തിന്റെ നടപടി അപമാനകരമാണെന്ന് ഇവര്‍ പറഞ്ഞു.

ആങ് സാന്‍ സൂചി ഉള്‍പ്പെടെ സൈന്യം തടവിലാക്കിയ നിരവധി രാഷ്ട്രീയ തടവുകാരെ വിട്ടയക്കണമെന്നും സൈന്യം ഭരണത്തില്‍ നിന്നും പിന്മാറണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധക്കാര്‍ സമരം തുടരുന്നത്.

ഫെബ്രുവരി ഒന്നിനാണ് തെരഞ്ഞെടുപ്പില്‍ ക്രമക്കേട് ആരോപിച്ച് മ്യാന്‍മറില്‍ മിന്‍ ഓങ് ഹ്ളെയിങ്ങിന്റെ നേതൃത്വത്തില്‍ പട്ടാളം അട്ടിമറി നടത്തി ഭരണം പിടിച്ചെടുക്കുന്നത്.

മ്യാന്‍മര്‍ നേതാവ് ആങ് സാന്‍ സൂചിയേയും ഭരണകക്ഷിയിലെ മുതിര്‍ന്ന നേതാക്കളെയും അറസ്റ്റ് ചെയ്തതിന് പിന്നാലെ രാജ്യത്ത് അടിയന്തരാവസ്ഥയും സൈന്യം പ്രഖ്യാപിച്ചിരുന്നു. ഒരു വര്‍ഷത്തേക്കാണ് അടിയന്തരാവസ്ഥ.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Myanmar military attacks and kills people, 114 killed

We use cookies to give you the best possible experience. Learn more