മണിപ്പൂരില്‍ ആക്രമണം നടത്താന്‍ മ്യാന്‍മറില്‍ നിന്നുള്ള തീവ്രവാദസംഘമെത്തുന്നതായി റിപ്പോര്‍ട്ട്; തെരഞ്ഞെടുപ്പ് അട്ടിമറിക്കാനെന്ന് സൂചന
national news
മണിപ്പൂരില്‍ ആക്രമണം നടത്താന്‍ മ്യാന്‍മറില്‍ നിന്നുള്ള തീവ്രവാദസംഘമെത്തുന്നതായി റിപ്പോര്‍ട്ട്; തെരഞ്ഞെടുപ്പ് അട്ടിമറിക്കാനെന്ന് സൂചന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 13th January 2022, 8:10 am

ഇംഫാല്‍: തെരഞ്ഞെടുപ്പിന് നാളുകള്‍ മാത്രം ശേഷിക്കേ വടക്കു കിഴക്കന്‍ സംസ്ഥാനമായ മണിപ്പൂരിനെ ആശങ്കയിലാഴ്ത്തി തീവ്രവാദഭീഷണി. മ്യാന്‍മര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചു വരുന്ന തീവ്രവാദ സംഘമാണ് മണിപ്പൂരില്‍ ആക്രമണത്തിന് പദ്ധതിയിടുന്നതെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തനം നടത്തി വരുന്ന തീവ്രവാദ ഗ്രൂപ്പുകള്‍ക്കൊപ്പം ചേര്‍ന്നാണ് ഇവ ആക്രമണത്തിന് പദ്ധതിയിടുന്നതെന്നാണ് വിവരം. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിലാണ് ഇവരുടെ ഭീഷണി എന്നതാണ് ആശങ്കയ്ക്ക് വഴിവെക്കുന്നത്.

തെരഞ്ഞെടുപ്പ് അട്ടിമറിക്കുകയെന്നതടക്കമുള്ള ഗൂഢലക്ഷ്യങ്ങള്‍ ഇതിന് പുറകിലുണ്ടെന്നാണ് പ്രാഥമികമായി കണക്കാക്കുന്നത്.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ തീവ്രവാദഗ്രൂപ്പുകള്‍ മ്യാന്‍മറില്‍ പുതിയ ബേസ് സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Burma: Suu Kyi Talks Peace, but the Army Keeps Fighting | Time

നാഗാ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുന്ന നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലിം (എന്‍.എസ്.സി.എന്‍- കെ.വൈ.എ) പീപ്പിള്‍ ലിബറേഷന്‍ ആര്‍മി ഓഫ് മണിപ്പൂര്‍ (പി.എല്‍.എ) തുടങ്ങിയവരാണ് ഇതിന് പിന്നില്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

What is People's Liberation Army, the Terror Outfit Likely Behind Manipur  Ambush That Killed 7

തങ്ങളുടെ തീവ്രവാദപ്രവര്‍ത്തനങ്ങളുടെ ഭാഗമായി സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിക്കാനാണ് ഗ്രൂപ്പുകള്‍ ലക്ഷ്യമിടുന്നതെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇതുകൂടാതെ, പരിശീലനം ലഭിച്ച തീവ്രവാദസംഘം അസമിലേക്ക് നുഴഞ്ഞുകയറിയതായും ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് അസം (യു.എല്‍.എഫ്.എ) ആണ് നുഴഞ്ഞുകയറിയതെന്നും റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നുണ്ട്.

‘എന്‍.എസ്.സി.എന്നിന്റെ മുതിര്‍ന്ന നേതാക്കള്‍ മ്യാന്‍മറില്‍ രഹസ്യമായി ഒത്തുകൂടുകയും ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിക്കാനാണ് അവര്‍ ഒരുങ്ങുന്നതെന്നാണ് സൂചന,’ മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കേന്ദ്രവുമായി ഒത്തുതീര്‍പ്പിനൊരുങ്ങാത്ത നിരവധി തീവ്രവാദഗ്രൂപ്പുകളാണ് വടക്കുകിഴക്കന്‍ മേഖലയില്‍ പ്രവര്‍ത്തിച്ചു വരുന്നത്. അരുണാചല്‍പ്രദേശ്, അസം, നാഗാലാന്റ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഇത്തരം ഗ്രൂപ്പുകള്‍ പ്രധാനമായും പ്രവര്‍ത്തിച്ചു വരുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Myanmar militant groups planning to attack Manipur says Intelligence Report