| Thursday, 30th August 2018, 3:34 pm

സൈന്യത്തെ ന്യായീകരിക്കുന്നതിന് പകരം ഓങ് സാങ് സൂകി രാജിവെക്കണമായിരുന്നു: യു.എന്‍ മനുഷ്യാവകാശ കമ്മീഷണര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: റോഹിംഗ്യന്‍ വംശഹത്യയില്‍ സൈന്യത്തെ ന്യായീകരിക്കുന്നതിന് പകരം മിണ്ടാതിരിക്കുകയോ അല്ലെങ്കില്‍ രാജിവെക്കുകയോ ചെയ്യണമായിരുന്നെന്ന് യു.എന്‍ മനുഷ്യാവകാശ കമ്മീഷണര്‍ സെയ്ദ് റഅദ് അല്‍ ഹുസൈന്‍.

എന്തെങ്കിലുമൊക്കെ ചെയ്യാന്‍ കഴിയുന്ന അധികാര സ്ഥാനത്തായിരുന്നു അവര്‍. മിണ്ടാതിരിക്കാമായിരുന്നു. ഏറ്റവും നല്ലത് രാജിവെച്ച് വീട്ടുതടങ്കലില്‍ കഴിയാമെന്ന് പറയലായിരുന്നു. സൈന്യത്തിന്റെ പ്രവര്‍ത്തികള്‍ക്ക് സൂകി ന്യായീകരണം ചമയ്ക്കാന്‍ ശ്രമിച്ചത് അത്യന്തം വേദനാജനകമായിപ്പോയെന്നും റഅദ് പറഞ്ഞു.

കള്ളത്തരങ്ങളുടെ മഞ്ഞുമലയാണ് മ്യാന്‍മറിന്റെ പേരില്‍ പ്രചരിപ്പിക്കുന്നതെന്നാണ് സൂകി വിഷയത്തില്‍ പ്രതികരിച്ചിരുന്നത്.

റോഹിംഗ്യന്‍ മുസ്‌ലിംങ്ങളെ മ്യാന്‍മാര്‍ സൈന്യം വംശഹത്യ നടത്തിയതായി യു.എന്‍ വസ്തുതാന്വേഷണ സംഘം കഴിഞ്ഞയാഴ്ച സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. മ്യാന്‍മാര്‍ സൈനികോദ്യഗസ്ഥരെ വിചാരണ ചെയ്യണമെന്നും യു.എന്‍ റിപ്പോര്‍ട്ട് പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more