നേപ്യിഡോ: മ്യാന്മറിലെ ഭൂകമ്പത്തില്‍ മരണപ്പെട്ടവരുടെ എണ്ണം 1700 കവിഞ്ഞു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതായും മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
നിരവധി പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുന്നുണ്ടെങ്കിലും റോഡുകളും പാലങ്ങളും തകര്‍ന്നതിനാല്‍ പല സ്ഥലങ്ങളിലും രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിപ്പെടാന്‍ കഴിയുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം ഇന്ത്യ, ഫ്രാന്‍സ്, യൂറോപ്യന്‍ യൂണിയന്‍ എന്നിവയുള്‍പ്പെടെയുള്ള നിരവധി രാജ്യങ്ങള്‍ മ്യാന്‍മറിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ആഭ്യന്തരയുദ്ധം തുടരുന്ന സാഹചര്യത്തില്‍ ദുരന്തബാധിത പ്രദേശത്തെത്താന്‍ പല രാജ്യങ്ങളും മടിക്കുന്നുവെന്നും ഇത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളിയാകുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.
രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനിടെയിലും, മെയ്വേ മേഖലയിലെ പൗക്ക് ടൗണ്‍ഷിപ്പ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ സൈനിക വ്യോമാക്രമണം നടന്നതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ നേരത്തെ
ഭൂകമ്പത്തെത്തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും അനുവദിക്കുന്നതിനായി മ്യാന്‍മറിലെ സായുധ സംഘടനകള്‍ രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു.
സൈനിക ഭരണകൂടത്തെ എതിര്‍ക്കുന്ന സായുധ സംഘമായ പീപ്പിള്‍സ് ഡിഫന്‍സ് ഫോഴ്‌സ് ആണ് മാര്‍ച്ച് 30 മുതല്‍ ദുരന്ത ബാധിത പ്രദേശങ്ങളിലെ ആക്രമണ പ്രവര്‍ത്തനങ്ങള്‍ താത്ക്കാലികമായി നിര്‍ത്തിവെക്കുമെന്നായിരുന്നു അറിയിച്ചത്. എന്നാല്‍ നിലവിലും വ്യോമാക്രമണങ്ങള്‍ ഉണ്ടാവുന്നതായാണ് വിവരം.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് മ്യാന്മറിലെ രണ്ടാമത്തെ വലിയ നഗരമായ മണ്ടാലെയ്ക്ക് സമീപം റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. ഏകദേശം 11 മിനിറ്റിനുശേഷം, റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ശക്തമായ തുടര്‍ചലനവും ഉണ്ടായി.
10 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനം ഉണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജി (എന്‍.സി.എസ്) സ്ഥിരീകരിച്ചു. ഇത് കൂടുതല്‍ തുടര്‍ചലനങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിച്ചിരിക്കുകയാണ്.
Content Highlight: Myanmar earthquake death toll passes 1,700; airstrikes reported during rescue operations