ക്രൂരമായ ബര്‍മീസ് സേനയിലെ അതിക്രൂരനായ ഹ്‌ളെയിങ്; മ്യാന്‍മറില്‍ ചരിത്രം ആവര്‍ത്തിക്കുമ്പോള്‍
Discourse
ക്രൂരമായ ബര്‍മീസ് സേനയിലെ അതിക്രൂരനായ ഹ്‌ളെയിങ്; മ്യാന്‍മറില്‍ ചരിത്രം ആവര്‍ത്തിക്കുമ്പോള്‍
ശ്രിന്‍ഷ രാമകൃഷ്ണന്‍
Tuesday, 2nd February 2021, 5:32 pm

മ്യാന്‍മര്‍ വീണ്ടും പട്ടാളഭരണത്തിലേക്ക് പോയിരിക്കുന്നു. ചില നിഗൂഡ നീക്കങ്ങളും വശപ്പിശകുകളും അനുഭവപ്പെട്ടെങ്കിലും ഇത്രപെട്ടെന്ന് ഒരു അട്ടിമറിനീക്കം പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് മ്യാന്‍മര്‍ ജനത പറയുന്നത്.

ഇപ്പോള്‍ മ്യാന്‍മറില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടിരിക്കുകയാണ്. ടെലഫോണുകള്‍ പ്രവൃത്തിക്കുന്നില്ല. ചില ടെലിവിഷന്‍ സ്റ്റേഷനുകളുടെയും സംപ്രേക്ഷണം നിര്‍ത്തിവെച്ചിരിക്കുന്നു. എന്താണ് സംഭവിക്കുന്നത് എന്ന് അറിയാതെനിന്ന ജനങ്ങള്‍ക്ക്് രാവിലെ 8.30 ഓട് കൂടി തന്നെ കാര്യങ്ങള്‍ വ്യക്തമായിരുന്നു.

മ്യാന്‍മര്‍ വീണ്ടും പട്ടാളഭരണത്തിലായിരിക്കുന്നു! ജനാധിപത്യത്തിലേക്ക് മ്യാന്‍മര്‍ നീങ്ങി ഒരു ദശാബ്ദം പിന്നിട്ടപ്പോഴേക്കും വീണ്ടും അട്ടിമറി നീക്കത്തിലൂടെ സൈന്യം സര്‍വ്വാധികാരവും പിടിച്ചെടുത്തിരിക്കുന്നു. ആങ് സാന്‍ സൂചിയും പ്രസിഡന്റ് വിന്‍ മിന്‍ടും നിരവധി പ്രവിശ്യാ മുഖ്യമന്ത്രിമാരുമുള്‍പ്പെടെയുള്ളവര്‍ ഇപ്പോള്‍ തടവിലാണ്.

നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസിയുടെ വക്താവാണ് തങ്ങളുടെ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളെല്ലാം തടവിലാണെന്ന വാര്‍ത്ത പുറത്തുവിട്ടത്. ഏതു നിമിഷവും താനും അറസ്റ്റ് ചെയ്യപ്പെട്ടേക്കാമെന്ന് അദ്ദേഹം പറഞ്ഞു.

വലിയൊരു പ്രതിഷേധം മുന്‍കൂട്ടി കണ്ടുകൊണ്ട് തന്നെ സൈന്യം ഒരു വര്‍ഷത്തേക്ക് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് രാജ്യത്തിനകത്തു നിന്ന് ഉയര്‍ന്നുവന്നേക്കാവുന്ന ഭീഷണികളും അടച്ചുകഴിഞ്ഞു.

വര്‍ഷങ്ങളോളം ജനാധിപത്യത്തിന് വേണ്ടി ശബ്ദിച്ച് സൈന്യം വീട്ടു തടങ്കലിലാക്കിയ ആങ് സാന്‍ സൂചിക്ക് അന്താരാഷ്ട്ര തലത്തില്‍ പിന്തുണ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഘട്ടത്തില്‍ കൂടിയാണ് മ്യാന്‍മര്‍ പട്ടാളഭരണത്തിലാകുന്നത്.

ജനാധിപത്യത്തിന്റെ കാവല്‍ക്കാരിയായി സൂചിയെ കണ്ടിരുന്നവര്‍ അവര്‍ക്കനുകൂലമായ നിലപാടുകള്‍ മാറ്റിപ്പറഞ്ഞ കാലത്തുകൂടിയാണ് ഇതെല്ലാം നടക്കുന്നത്. റോഹിങ്ക്യന്‍ മുസ്‌ലിങ്ങളുമായി ബന്ധപ്പട്ട വിഷയത്തില്‍ തനിക്ക് മുന്നില്‍ വന്ന ധാര്‍മ്മിക പരീക്ഷണങ്ങള്‍ നേരിടാന്‍ സൂചിയ്ക്ക് സാധിച്ചിരുന്നില്ല.

സൂചിയ്ക്ക് അന്താരാഷ്ട്ര തലത്തില്‍ പിന്തുണ നഷ്ടപ്പെട്ടപ്പോഴും വലിയൊരു വിഭാഗം ജനതയും പട്ടാള ഭരണത്തില്‍ നിന്നുള്ള മോചനത്തിന് തങ്ങള്‍ക്ക് സൂചിയെ ഇനിയും വേണമെന്ന് ഉറച്ച് വിശ്വിക്കുന്നവരാണ്.

റോഹിങ്ക്യന്‍ മുസ്‌ലിങ്ങള്‍ക്കെതിരെ മ്യാന്‍മറില്‍ നടന്ന വംശഹത്യയ്‌ക്കെതിരെ അന്താരാഷ്ട്രതലത്തില്‍ വലിയ വികാരം ഉയര്‍ന്നുവന്നിരുന്നു. പക്ഷേ വിചാരണ ചെയ്യപ്പെട്ടവരില്‍ ആങ് സാന്‍ സൂചിയേക്കാള്‍ ഉത്തരവാദിത്തമുള്ള പട്ടാളമാണ് അട്ടിമറി നീക്കത്തിലൂടെ ഇപ്പോള്‍ വീണ്ടും ഭരണം പിടിച്ചെടുത്തിരിക്കുന്നത്. വീണ്ടും പട്ടാളഭരണമെന്ന യാഥാര്‍ത്ഥ്യം വലിയ ആശങ്കയിലാണ് മ്യാന്‍മര്‍ ജനത കാണുന്നത്.

സൈന്യത്തലവന്‍ മിന്‍ ഓങ് ഹ്‌ളെയിങ്ങിനെക്കുറിച്ചും ഈ ഘട്ടത്തില്‍ പറയേണ്ടതുണ്ട്. മ്യാന്‍മറിലെ സൈന്യമായ തത്മഡാവിന്റെ മുന്‍നിരയിലേക്ക് വീഴ്ചകളോ പതര്‍ച്ചകളോ ഇല്ലാതെ കയറിവന്ന മിന്‍ ഓങ് ഹ്‌ളെയിങ്ങ്.

അങ് സാന്‍ സൂചിയോളം തന്നെ നിര്‍ണായക രാഷ്ട്രീയ സ്വാധീനമുള്ളയാളാണ്. തത്മഡാവിന്റെ കമാഡര്‍ ചീഫ് എന്ന നിലയില്‍ അധികാരദുര്‍വിനിയോഗത്തിന് പേരുകേട്ടയാളുമാണ് മിന്‍ ഓങ് ഹ്‌ളെയിങ്.

മ്യാന്‍മര്‍ ഹ്‌ളെയിങ്ങിന്റെ നേതൃത്വത്തിലേക്ക് കടക്കുമ്പോള്‍ മ്യാന്‍മര്‍ ജനത പറയുന്നത് തങ്ങള്‍ വീണ്ടും ഭയത്തിന്റെ ഓര്‍മകളിലേക്ക് മടങ്ങുന്നു എന്നാണ്.

തത്മഡാവിലേക്ക് ഒരു സാധാരണ കേഡറ്റായാണ് ഹ്‌ളെയിങ് എത്തുന്നത്. 64കാരനായ ഹ്‌ളെയിങ് തന്റെ കരിയറിന്റെ സിംഹഭാഗവും ചിലവഴിച്ചത് മ്യാന്‍മര്‍ സൈന്യത്തിനൊപ്പം തന്നെ. യാങ്ങൂണ്‍ സര്‍വ്വകലാശാലയില്‍ നിന്നും നിയമപഠനം പൂര്‍ത്തിയാക്കിയ ഇദ്ദേഹം പ്രതിരോധ സേനയിലേക്ക് 1974ലാണ് എത്തിച്ചേരുന്നത്. 2009ല്‍ ബ്യൂറോ ഓഫ് സ്‌പെഷല്‍ ഓപ്പറേഷന്‍സിന്റെ തലവനായി ചുമതലയേറ്റെടുക്കുകയും ചെയ്തു.

വടക്കുകിഴക്കന്‍ മ്യാന്‍മറിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിച്ചതും ഹ്‌ളെയിങ് തന്നെയാണ്. നിഷ്‌കരുണമായ ഹ്‌ളെയിങ്ങിന്റെ പ്രവര്‍ത്തനങ്ങള്‍ പതിനായിരക്കണക്കിന് വംശീയ ന്യൂനപക്ഷ അഭയാര്‍ത്ഥികളെ കിഴക്കന്‍ ഷാന്‍ പ്രവിശ്യയില്‍ നിന്നും കൊക്കാംഗ് പ്രവിശ്യയില്‍ നിന്നും ചൈനീസ് അതിര്‍ത്തിയിലേക്ക് പാലായനം ചെയ്യാന്‍ നിര്‍ബന്ധിതരാക്കി.

ഹ്‌ളെയിങ്ങിന്റെ സൈന്യത്തിനെതിരെ കൊലപാതകം ബലാത്സംഗം, തുടങ്ങി അനേകം ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും, അവ സത്യമെന്ന് തെളിഞ്ഞിട്ടും ഹ്‌ളെയിങ്ങിന് സ്ഥാനക്കയറ്റം ഉണ്ടാവുകമാത്രമാണ് ചെയ്തത്. 2010ല്‍ ഇയാള്‍ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫായി മാറി.

കൃത്യം ഒരു വര്‍ഷത്തിനപ്പുറം മുതിര്‍ന്ന ജനറല്‍മാരുണ്ടായിരുന്നിട്ടും ഹ്‌ളെയിങ്ങിനെ സൈനിക മേധാവിയായി തെരഞ്ഞെടുത്തു. ക്രൂരമായ ബര്‍മീസ് സൈന്യത്തെ വീണ്ടും കഠിനമാക്കിയ സൈനിക തലവന്‍ എന്ന വിളിപ്പേരും അദ്ദേഹത്തിന് ഒളിഞ്ഞും തെളിഞ്ഞും ലഭിച്ചു.

വര്‍ഷങ്ങളുടെ സൈനിക ഭരണത്തിന് ശേഷം മ്യാന്‍മര്‍ 2011ല്‍ വീണ്ടും ജനാധിപത്യത്തിലേക്ക് മാറിയതോടെ ഹ്‌ളെയിങ്ങ് മിലിറ്ററി കമാന്‍ഡര്‍ എന്ന അധികാരസ്ഥാനത്ത് തുടര്‍ന്നു. അപ്പോഴും തത്മഡാവ് സൈന്യത്തിന്റെ അധികാരം നിലനിര്‍ത്താന്‍ നിരന്തര ശ്രമങ്ങള്‍ ഹ്‌ളെയിങ്ങ് നടത്തി.
സൈനിക പിന്തുണയുള്ള യൂണിയന്‍ സോളിഡാരിറ്റി ആന്‍ഡ് ഡെവലപ്‌മെന്റ് പാര്‍ട്ടി സര്‍ക്കാരിനെ നയിച്ചതോടെ അദ്ദേഹത്തിന്റെ രാഷ്ട്രീയ സ്വാധീനവും സോഷ്യല്‍ മീഡിയ സാന്നിദ്ധ്യവും ശക്തിപ്പെട്ടു.

2015ല്‍ ആങ് സാന്‍ സൂചി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അവരോടൊപ്പം പൊതുപരിപാടികളില്‍ പങ്കെടുത്ത് മ്യാന്‍മറില്‍ തന്റെ സ്വാധീനം സജീവമായി തന്നെ നിലനിര്‍ത്തി ഹ്‌ളെയിങ്ങ്. പുതിയ മാറ്റങ്ങളുമായി ഹ്‌ളെയിങ് താദാത്മ്യപ്പെട്ടെങ്കിലും തത്മഡാവിന്റെ അധികാരം എല്ലായ്‌പ്പോഴും ഉറപ്പിച്ചുകൊണ്ടായിരുന്നു അയാള്‍ പ്രവര്‍ത്തിച്ചത്.

25 ശതമാനം പാര്‍ലമെന്ററി സീറ്റുകള്‍ സൈന്യത്തിന് അയാള്‍ ഉറപ്പിച്ചു. സുപ്രധാന വകുപ്പുകളും പിടിച്ചെടുത്തു. ഈ ഘട്ടങ്ങളില്‍ ഭരണഘടന ഭേദഗതി ചെയ്ത് സൈനിക അധികാരം കുറയ്ക്കാന്‍ സൂചിയുടെ പാര്‍ട്ടി ശ്രമിച്ചെങ്കിലും അതൊന്നും വിജയം കണ്ടില്ല.

2016ലും 2017ലും വടക്കന്‍ റാഖൈന്‍ സംസ്ഥാനത്തെ റോഹിങ്ക്യന്‍ മുസ്‌ലിങ്ങള്‍ക്കെതിരെ സൈന്യം ആക്രമണം ശക്തമാക്കി. പതിനായിരക്കണക്കിന് റോഹിങ്ക്യന്‍ മുസ്‌ലിങ്ങള്‍ക്ക് പാലായനം ചെയ്യേണ്ടി വന്നു. സമാനതകളില്ലാത്ത ക്രൂരതകള്‍ അവര്‍ക്ക് നേരിടേണ്ടി വന്നു. ഈ ഘട്ടത്തിലൊക്കെയും സൂചി മൗനം പാലിച്ചത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചു. അവര്‍ക്ക് ലഭിച്ച സമാധാന നൊബേല്‍ തിരിച്ചെടുക്കണമെന്ന ആവശ്യം പോലും ഉയര്‍ന്നു വന്നു. അന്താരാഷ്ട്ര കോടതിയില്‍ സൂചിയ്ക്ക് പോകേണ്ടി വന്നു.

മ്യാന്‍മറിലെ റോഹിങ്ക്യന്‍ വംശഹത്യയ്ക്ക് മുതിര്‍ന്ന ജനറല്‍മാരെയും കമാന്‍ഡര്‍ ഇന്‍ ചീഫ് മിന്‍ ഓങ് ഹ്‌ളെയിങ്ങിനെതിരെയും അന്വേഷണം നടത്തുകയും അവരെ ശിക്ഷിക്കുകയും ചെയ്യണമെന്ന് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കമ്മീഷന്‍ പറഞ്ഞു.

ഇതിന് പിന്നാലെ ഹ്‌ളെയിങ്ങിന്റെ അക്കൗണ്ട് ഫെയ്‌സ്ബുക്ക് ഡിലീറ്റ് ചെയ്തിരുന്നു. 2019ല്‍ അമേരിക്ക ഇയാള്‍ക്കെതിരെ മനുഷ്യാവകാശ ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി രണ്ട് തവണ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. 2020 ജൂലായില്‍ ബ്രിട്ടനും ഹ്‌ളെയിങ്ങിന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തി.

2020ല്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ മ്യാന്‍മര്‍ വിധിയെഴുതിയത് സൂചിയുടെ പാര്‍ട്ടിക്ക് അനുകൂലമായായിരുന്നു. ഔദ്യോഗിക കണക്കുകളും എന്‍.എല്‍.ഡി തെരഞ്ഞെടുപ്പില്‍ വിജയിച്ചുവെന്ന് പ്രഖ്യാപിക്കുന്നതായിരുന്നു.

പക്ഷേ തക്കം പാര്‍ത്തിരുന്ന സൈന്യത്തിന് ഈ വിധി അംഗീകരിക്കാന്‍ കഴിയുന്നതായിരുന്നില്ല. തെരഞ്ഞെടുപ്പിന് പിന്നാലെയുള്ള മാസങ്ങളില്‍ സൈന്യത്തിന്റെ പിന്തുണയുള്ള യു.എസ്.ഡി.പി തെരഞ്ഞെടുപ്പിന് എതിരായി ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് ഹ്‌ളെയിങ്ങ് പിന്തുണ പ്രഖ്യാപിച്ചു.

തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നുവെന്ന ആരോപണങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെ തള്ളിക്കളഞ്ഞിരുന്നു. പക്ഷേ ഈ ഘട്ടത്തിലൊന്നും ഇത്തരമൊരു അട്ടിമറിയിലേക്ക് കാര്യങ്ങള്‍ കടക്കുമെന്ന സൂചന ലഭിച്ചിരുന്നില്ല. ജനുവരി 27ന് 1962ലെയും 1968ലെയും ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി ഹ്‌ളെയിങ് ഒരു ഭീഷണിയുമായി മുന്നോട്ട് വന്നു, ഭരണഘടന റദ്ദ് ചെയ്യും എന്നതായിരുന്നു അത്.

അവിടെ കുഴപ്പങ്ങള്‍ തുടങ്ങി എന്ന സൂചന ശക്തമാകുകയും ചെയ്തു. മാധ്യമങ്ങള്‍ തന്റെ പ്രസ്താവന തെറ്റായികൊടുക്കുകയായിരുന്നു എന്ന് ഹ്‌ളെയിങ്ങ് പറഞ്ഞെങ്കിലും 2021 ഫെബ്രുവരി ഒന്നിന് മ്യാന്‍മര്‍ വീണ്ടും പട്ടാള ഭരണത്തിലേക്ക് പോയി. മണിക്കൂറുകള്‍ക്ക് ശേഷം അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചു.

കമാന്‍ഡര്‍ ഇന്‍ ചീഫ് എന്ന നിലയില്‍ മിന്‍ ഓങ് ഹ്‌ളെയിങ് ഈ കാലയളവില്‍ രാജ്യത്തിന്റെ പൂര്‍ണ അധികാരം ഏറ്റെടുത്തു.
അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ദേശീയ പ്രതിരോധ സുരക്ഷാ സമിതിയുടെ യോഗം എന്‍.എല്‍.ഡി.യുടെ വിജയത്തെ അസാധുവാക്കിക്കൊണ്ട് തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ അന്വേഷിച്ച് പുതിയ തെരഞ്ഞെടുപ്പ് നടത്തുമെന്ന് അറിയിച്ചു.

ഈ വര്‍ഷം ജൂലായില്‍ വിരമിക്കല്‍ പ്രായം 65 വയസ് തികഞ്ഞ ശേഷം കമാന്‍ഡര്‍ പദവിയില്‍ നിന്ന് പുറത്തു പോകേണ്ട ആളായിരുന്നു മിന്‍ ഓങ് ഹ്‌ളെയിങ്ങ്. പക്ഷേ ഇപ്പോള്‍ അദ്ദേഹത്തിന് ഒരു വര്‍ഷം കൂടി അധികമായി ലഭിച്ചിരിക്കുന്നു.

അതൊരുപക്ഷേ ഇനിയും നീണ്ടേക്കാം. പടിയിറങ്ങുന്നതിന് മുന്‍പ് രാജ്യത്തെ അടിയന്തരാവസ്ഥയിലാക്കി പട്ടാള ഭരണം വീണ്ടും സ്ഥാപിച്ചിരിക്കുന്നു ഹ്‌ളെയിങ്. ആങ് സാന്‍ സൂചിയെ വീണ്ടും തടവിലാക്കിയിരിക്കുന്നു.

പക്ഷേ അവസാന വിധി വായിക്കുന്ന സമയത്ത് സൂചിയ്ക്ക് തന്റെ ജനതയെ സംരക്ഷിക്കാന്‍ കഴിഞ്ഞില്ല എന്നത് തന്നെയാണ് വെളിപ്പെട്ടുവരുന്നത്. റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് നേരെ നടന്ന കുറ്റകൃത്യങ്ങള്‍ക്ക് അവര്‍ ന്യായീകരിച്ച അതേ സൈന്യം അവരെ തടവിലാക്കിയിരിക്കുന്നു. റോഹിങ്ക്യക്കാര്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങള്‍ എതിര്‍ക്കാതിരുന്ന സൂചി അവര്‍ക്ക് വേണ്ടി വര്‍ഷങ്ങളായി ശബ്ദമുയര്‍ത്തിയ അന്താരാഷ്ട്ര സമൂഹത്തിനുമേല്‍ അവര്‍ വലിയ നിരാശയും സമ്മാനിച്ചിരുന്നു.

താനൊരു രാഷ്ട്രീയക്കാരിയാണ് മനുഷ്യാവകാശ പ്രവര്‍ത്തകയല്ല എന്നായിരുന്നു വിമര്‍ശകരോട് സൂചി ആവര്‍ത്തിച്ചിരുന്നത്. പക്ഷേ മ്യാന്‍മറില്‍ ഇപ്പോള്‍ നടക്കുന്ന സംഭവവികാസങ്ങള്‍ അവര്‍ ഒരു നല്ല രാഷ്ട്രീയക്കാരിയുമല്ല എന്ന് വിളിച്ചു പറയുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Myanmar coup: Who is  Min Aung Hlaing, the general who seized power