| Thursday, 11th February 2021, 8:44 am

ന്യൂസിലാന്‍ഡിന് പിന്നാലെ അമേരിക്കയും; മ്യാന്‍മര്‍ സൈന്യത്തലവന്മാര്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തി ബൈഡന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: മ്യാന്‍മറിലെ സൈന്യത്തലവന്മാര്‍ക്കുമേല്‍ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തി. പട്ടാള അട്ടിമറിക്ക് പിന്നാലെയാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ മ്യാന്‍മര്‍ സൈന്യത്തലവന്മാര്‍ക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയ എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവെച്ചത്.

അമേരിക്ക മ്യാന്‍മറിന് സഹായമായി നല്‍കിയ ഒരു ബില്ല്യണ്‍ യു.എസ് ഡോളര്‍ സൈന്യം ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്താനുളള നടപടികളും ബൈഡന്‍ സ്വീകരിച്ചു.

നായ്പിടോയില്‍ പ്രതിഷേധത്തിനിടെ പൊലീസ് വെടിയേറ്റ സ്ത്രീയുടെ നില ഗുരുതരമായി തുടരുന്നതിനിടയിലാണ് അമേരിക്ക മ്യാന്‍മറിനുമേല്‍ ഉപരോധം ഏര്‍പ്പെടുത്താനുള്ള തീരുമാനമെടുത്തത്.

മ്യാന്‍മറില്‍ പട്ടാള അട്ടിമറിക്കെതിരെ പതിനായിരക്കണക്കിനാളുകളാണ് തെരുവില്‍ പ്രതിഷേധിക്കുന്നത്. പട്ടാളത്തിനുമേല്‍ അധികാരമൊഴിയാന്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദം കൂടുമ്പോഴും തെരഞ്ഞെടുപ്പ് നടത്തി അധികാര കൈമാറ്റം ഉറപ്പുവരുത്തുമെന്നാണ് സൈന്യ തലവന്‍ മിന്‍ ഓങ് ഹ്‌ളെയിങ്ങ് പറയുന്നത്.

ഫെബ്രുവരി ഒന്നിനാണ് തെരഞ്ഞെടുപ്പില്‍ ക്രമക്കേട് ആരോപിച്ച് മ്യാന്‍മര്‍ സൈന്യം അധികാരം പിടിച്ചെടുക്കുന്നത്. ആങ് സാങ് സൂചിയേയും നിരവധി പ്രവിശ്യാ മുഖ്യമന്ത്രിമാരെയും തടവിലാക്കിയതിന് പിന്നാലെയായിരുന്നു പട്ടാളം അധികാരം പിടിച്ചെടുത്തത്.
പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി സൈന്യം ഒരു വര്‍ഷത്തേക്ക് അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിരുന്നു.

സൂചിയും പ്രസിഡന്റ് വിന്‍ മിന്‍ടും നിരവധി പ്രവിശ്യാ മുഖ്യമന്ത്രിമാരുമുള്‍പ്പെടെയുള്ളവര്‍ ഇപ്പോള്‍ തടവിലാണ്. നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസിയുടെ വക്താവാണ് ആങ് സാന്‍ സൂചിയും നേതാക്കളും തടവിലാണെന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടത്. സര്‍ക്കാരും മ്യാന്‍മര്‍ സൈന്യവും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതിന് പിന്നാലെയായിരുന്നു അറസ്റ്റ്.

സൈന്യം ഉടന്‍ നടപടി പിന്‍വലിക്കണമെന്നും അല്ലാത്തപക്ഷം മ്യാന്‍മറിനുമേല്‍ വീണ്ടും യു.എസ് ഉപരോധം ഏര്‍പ്പെടുത്തുമെന്നും ബൈഡന്‍ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ കൂടുതല്‍ സൈന്യത്തെ ഇറക്കി സുരക്ഷ കര്‍ശനമാക്കുകയായിരുന്നു മിന്‍ ഓങ് ഹ്‌ളെയിങ്ങ്.

ബര്‍മീസ് സൈന്യം പിടിച്ചെടുത്ത അധികാരം വിട്ടുനല്‍കാന്‍ അന്താരാഷ്ട്ര സമൂഹം ഒന്നായി ഇടപെടണം എന്നും ബൈഡന്‍ ആവശ്യപ്പെട്ടിരുന്നു.

അമേരിക്ക മ്യാന്‍മറിനുമേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിച്ചത് ആ രാജ്യം ജനാധിപത്യത്തിന്റെ പാതയിലേക്ക് പോകുന്നു എന്നതുകൊണ്ടാണ്. വീണ്ടും സ്ഥിതി വഷളാവുകയാണെങ്കില്‍ ഉപരോധം ഏര്‍പ്പെടുത്തേണ്ടി വരുമെന്നുമായിരുന്നു ബൈഡന്‍ നേരത്തെ പറഞ്ഞിരുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Myanmar coup: US announces sanctions on leaders

We use cookies to give you the best possible experience. Learn more