മ്യാൻമർ: മ്യാൻമറിൽ അധികാരം പിടിച്ചെടുത്ത സൈന്യത്തിനെതിരെ നടപടിയുമായി ഫേസ്ബുക്ക്. ബർമീസ് സൈന്യത്തിന്റെ ഔദ്യോഗിക ന്യൂസ് സൈറ്റിന്റെ പേജ് ഫേസ്ബുക്ക് ഡിലീറ്റ് ചെയ്തു.സൈനിക ഭരണത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടയിലാണ് ഫേസ്ബുക്ക് മ്യാൻമർ സൈന്യത്തിന് സേവനം നിഷേധിച്ചത്.
മ്യാൻമറിൽ വിവരങ്ങൾ അറിയുന്നതിനുള്ള പ്രാഥമിക സോഴ്സായി പരിഗണിച്ചിരുന്നത് ഈ സൈറ്റായിരുന്നു. തങ്ങളുടെ പോളിസികൾ പാലിച്ചില്ല, അക്രമത്തിന് പ്രേരിപ്പിച്ചു എന്നീ കാരണങ്ങൾ ഉന്നയിച്ചാണ് ന്യൂസ് സൈറ്റിന്റെ പേജ് ഫേസ്ബുക്ക് ഡീലീറ്റ് ചെയ്തത്.
ആഗോളമായി തങ്ങൾ സ്വീകരിച്ചു പോകുന്ന നയത്തിന്റെ ഭാഗമായാണ് തത്മഡാവിന്റെ ട്ര്യൂ ന്യൂസ് ഇൻഫർമേഷൻ പേജ് ഡിലീറ്റ് ചെയ്തതെന്ന് നടപടിക്ക് പിന്നാലെ ഫേസ്ബുക്ക് പ്രതികരിച്ചു. പ്രതിഷേധക്കാർക്ക് മുന്നറിയിപ്പ് നൽകുന്ന വിധത്തിലുള്ള വാർത്തകളാണ് പ്രധാനമായും സൈറ്റിൽ പോസ്റ്റ് ചെയ്തിരുന്നത്.
നേരത്തെ തന്നെ സൈനിക തലവൻ മിൻ ഓങ് ഹ്ളെയിങ്ങിന്റേതുൾപ്പെടെ മുതിർന്ന സൈനിക ഉദ്യോഗസ്ഥരുടെയെല്ലാം അക്കൗണ്ടുകൾ ഫേസ്ബുക്ക് ബ്ലോക്ക് ചെയ്തിരുന്നു. ഞായറാഴ്ചയും നിരവധി പേരാണ് മ്യാൻമറിൽ പ്രതിഷേധവുമായി തെരുവിൽ ഇറങ്ങിയത്.
മ്യാന്‍മറില്‍ തെരഞ്ഞെടുപ്പ് ക്രമക്കേട് ആരോപിച്ചാണ് പട്ടാളം അട്ടിമറി നടത്തിയത്. ആങ് സാങ് സൂചിയും പ്രസിഡന്റ് വിന്‍ മിന്‍ടും നിരവധി പ്രവിശ്യാ മുഖ്യമന്ത്രിമാരുമുള്‍പ്പെടെയുള്ളവര്‍ ഇപ്പോള്‍ തടവിലാണ്. ഒരു വര്‍ഷത്തേക്ക് അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിട്ടുണ്ട്.
മ്യാന്‍മറിലെ പട്ടാള അട്ടിമറിക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവരുന്നത്. മ്യാൻമറിന് അമേരിക്ക വീണ്ടും ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. സൈനിക തലവന്മാർക്ക് ന്യൂസിലാൻഡ് യാത്രാവിലക്കും ഏർപ്പെടുത്തിയിരുന്നു. പട്ടാള അട്ടിമറിക്കെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാവുന്നതിനിടെ രാജ്യവ്യാപകമായി സൈന്യം ഇന്റര്‍നെറ്റ് നിരോധിച്ചിരുന്നു.
പ്രധാന നഗരമായ യാഗോണില്‍ വലിയ പ്രതിഷേധമാണ് നടന്നുവരുന്നത്. ‘മിലിട്ടറി ഏകാധിപത്യം തുലയട്ടെ, ജനാധിപത്യം വാഴട്ടെ’ എന്ന മുദ്രാവാക്യം മുഴക്കിക്കൊണ്ട് ആയിരങ്ങളാണ് തെരുവിലിറങ്ങിയത്.
പട്ടാളം തടവിലാക്കിയ പ്രമുഖ നേതാവ് ആങ് സാന്‍ സൂചിയുടെയും മറ്റു രാഷ്ട്രീയ നേതാക്കളുടെയും മോചനം ആവശ്യപ്പെട്ടുകൊണ്ടാണ് ജനങ്ങള്‍ രംഗത്തെത്തിയിരിക്കുന്നത്. രാജ്യത്തെ പ്രധാന പാതകളെല്ലാം പൊലീസ് അടച്ചിരിക്കുകയാണ്.
ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളെല്ലാം നേരത്തെ തന്നെ പട്ടാളം റദ്ദാക്കിയിരുന്നു. പ്രതിഷേധ പ്രകടനങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ജനങ്ങള്‍ അറിയാതിരിക്കാനും ആളുകള്‍ ഒന്നിച്ചു കൂടാതികരിക്കാനും വേണ്ടിയായിരുന്നു ഈ നടപടികള്‍. എന്നാല്‍ വി.പി.എന്‍ നെറ്റ്‌വര്‍ക്കുകള്‍ ഉപയോഗിച്ച് ജനങ്ങള്‍ സോഷ്യല്‍ മീഡിയ ആക്‌സെസ് ചെയ്യുകയും പ്രതിഷേധത്തിലേക്ക് എത്തിച്ചേരുകയും ചെയ്തതോടെയാണ് ഇന്റര്‍നെറ്റും നിരോധിച്ചത്.