വസ്തുതകള്‍ വളച്ചൊടിച്ചും വ്യാജചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയും മ്യാന്‍മര്‍ സൈന്യത്തിന്റെ പുസ്തകം: റോഹിങ്ക്യകളെ അക്രമകാരികളായി ചിത്രീകരിക്കാന്‍ ശ്രമം
world
വസ്തുതകള്‍ വളച്ചൊടിച്ചും വ്യാജചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയും മ്യാന്‍മര്‍ സൈന്യത്തിന്റെ പുസ്തകം: റോഹിങ്ക്യകളെ അക്രമകാരികളായി ചിത്രീകരിക്കാന്‍ ശ്രമം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 1st September 2018, 7:26 pm

നയ്പിദോ: റോഹിങ്ക്യന്‍ പ്രശ്‌നത്തെക്കുറിച്ചുള്ള മ്യാന്‍മര്‍ സൈന്യത്തിന്റെ പുസ്തകത്തില്‍ റോഹിങ്ക്യന്‍ വിഭാഗക്കാരെ താറടിച്ചു കാണിക്കാന്‍ വസ്തുതകള്‍ മനഃപൂര്‍വം വളച്ചൊടിച്ചതായി പരാതി. റോയിട്ടേഴ്‌സ് നടത്തിയ അന്വേഷണത്തിലാണ് റോഹിങ്ക്യകള്‍ കൊലപ്പെടുത്തിയ ബുദ്ധസന്യാസികളെന്നും, ബംഗ്ലാദേശില്‍ നിന്നും അനധികൃതമായി കൂട്ടത്തോടെ മ്യാന്‍മര്‍ അതിര്‍ത്തി കടന്നെത്തുന്ന റോഹിങ്ക്യരെന്നും അവകാശപ്പെടുന്ന ചിത്രങ്ങള്‍ വ്യാജമാണെന്നു തെളിഞ്ഞത്.

“ബംഗാളികള്‍” എന്നാണ് പുസ്തകത്തിലുടനീളം റോഹിങ്ക്യന്‍ വിഭാഗത്തെ സൂചിപ്പിച്ചിരിക്കുന്നത്. റോഹിങ്ക്യര്‍ അനധികൃത കുടിയേറ്റക്കാരാണെന്നു സ്ഥാപിക്കാനും, അവര്‍ ധാരാളം അക്രമങ്ങള്‍ രാജ്യത്തു നടത്തിയിട്ടുണ്ടെന്നു വരുത്തിത്തീര്‍ക്കാനുമുള്ള ശ്രമമാണ് പുസ്തകത്തിലുള്ളത്.

പുസ്തകത്തിലുപയോഗിച്ചിരിക്കുന്ന ചിത്രങ്ങള്‍ യഥാര്‍ത്ഥത്തില്‍ 1971ലെ ബംഗ്ലാദേശ് സ്വാതന്ത്ര്യ സമരകാലത്ത് പാക്കിസ്ഥാന്‍ സൈന്യം നടത്തിയ കൂട്ടക്കൊലയുടേതാണെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നു. താന്‍സാനിയയിലെ പലായനത്തിന്റെ ചിത്രങ്ങള്‍ പോലും ബംഗ്ലാദേശില്‍ നിന്നുള്ള കുടിയേറ്റമെന്ന പേരില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വസ്തുതകളും വളരെ തെറ്റിദ്ധാരണാ ജനകമായ രീതിയിലാണ് പുസ്തകത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്.

 

Also Read: സുന്ദരികളായ സ്ത്രീകള്‍ ഉള്ളിടത്തോളം കാലം ബലാത്സംഗങ്ങളും ഉണ്ടാവും: ഫിലിപ്പൈന്‍ പ്രസിഡന്റ് റൊഡ്രിഗോ ഡ്യൂട്ടേര്‍ട്

 

“ബംഗാളി തീവ്രവാദിക”ളാണ് അക്രമങ്ങളുടെ പിന്നിലെന്നും അര്‍കിസ്ഥാന്‍ എന്ന റോഹിങ്ക്യന്‍ രാജ്യം സ്ഥാപിക്കാനാണ് അവരുടെ ശ്രമമെന്നും സൈന്യം പുസ്തകത്തില്‍ അവകാശപ്പെടുന്നു. മ്യാന്‍മറില്‍ ഭരണമാറ്റമോ വംശീയ പ്രശ്‌നങ്ങളോ ഉണ്ടായാല്‍ അതു മുതലെടുക്കാനാണ് “ബംഗാളികള്‍” എപ്പോഴും ശ്രമിച്ചിട്ടുള്ളതെന്നും വര്‍ഗീയ ലഹളകള്‍ സൃഷ്ടിക്കാന്‍ മുസ്‌ലിങ്ങള്‍ ശ്രമിക്കുന്നുണ്ടെന്നും പുസ്തകത്തില്‍ പരാമര്‍ശമുണ്ട്.

ഉള്ളടക്കത്തില്‍ മിക്കതും സൈന്യത്തിന്റെ “ട്രൂ ന്യൂസ്” യൂണിറ്റില്‍ നിന്നും ലഭ്യമായിട്ടുള്ളതാണെന്ന് പുസ്തകത്തില്‍ത്തന്നെ വിശദീകരിക്കുന്നുണ്ട്. പ്രതിസന്ധിയുടെ ആരംഭഘട്ടം തൊട്ടുതന്നെ സൈന്യത്തിന്റെ വീക്ഷണത്തില്‍ നിന്നുള്ള വിശദീകരണങ്ങള്‍ വിതരണം ചെയ്തിട്ടുള്ള യൂണിറ്റാണിത്.

കഴിഞ്ഞയാഴ്ചയാണ് വംശീയ വിദ്വേഷം പ്രചരിപ്പിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് ഫേസ്ബുക്ക് മ്യാന്‍മര്‍ സൈനിക മേധാവിയുടെ പ്രൊഫൈല്‍ റദ്ദാക്കിയത്. അധികൃതര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യവുമായി ഐക്യരാഷ്ട്ര സഭയും കഴിഞ്ഞ ദിവസം മുന്നോട്ടുവന്നിരുന്നു.