| Friday, 23rd August 2019, 9:15 pm

'എന്റെ ട്വീറ്റുകള്‍ സത്യം, തെളിവുകള്‍ നല്‍കാം'; എം.ജെ അക്ബറിനെതിരായ ലൈംഗികാരോപണത്തില്‍ ഉറച്ച് പ്രിയാ രമണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തന്റെ നേര്‍ക്കുണ്ടായ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് കഴിഞ്ഞവര്‍ഷം താന്‍ ചെയ്ത ട്വീറ്റുകളൊക്കെയും സത്യമായിരുന്നുവെന്നും അതിനുള്ള തെളിവുകള്‍ താന്‍ നല്‍കാമെന്നും മാധ്യമപ്രവര്‍ത്തകയായ പ്രിയാ രമണി. മുന്‍ കേന്ദ്രമന്ത്രി എം.ജെ അക്ബറിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച് താന്‍ ചെയ്ത ട്വീറ്റുകളെക്കുറിച്ചായിരുന്നു പ്രിയ പറഞ്ഞത്.

ദല്‍ഹിയിലെ അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരായ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പ്രിയ. അടുത്തമാസം ഏഴാം തീയതിയാണ് ഇനി കേസ് പരിഗണിക്കുക.

ഇന്ന് വാദം കേള്‍ക്കുമ്പോള്‍ അക്ബറിന്റെ അഭിഭാഷക ഗീത ലുത്ര ഹാജരായിരുന്നില്ല. അതിനു പകരം സന്ദീപ് കപൂറാണ് ഹാജരായത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ അക്ബര്‍ നല്‍കിയ അപകീര്‍ത്തിപ്പെടുത്തല്‍ കേസ് വ്യാജമാണെന്ന് പ്രിയ കോടതിയില്‍ വാദിച്ചു. അക്ബറിന്റെ അഞ്ച് സാക്ഷികളും പറഞ്ഞതൊക്കെയും നുണകളാണെന്നും അവര്‍ വാദിച്ചു.

സാക്ഷികളായി അക്ബറിന്റെ അഭിഭാഷകര്‍ അവതരിപ്പിച്ച സുനില്‍ ഗുജ്‌റാള്‍, ജോയീത ബസു, വീനു സന്‍ഡല്‍, ഹബീബുര്‍ റഹ്മാന്‍, തപന്‍ ചക്രി എന്നിവര്‍ അക്ബറിന്റെ അടുത്തയാളുകളാണെന്നും പ്രിയ ചൂണ്ടിക്കാട്ടി.

പ്രിയയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരും ആക്ടിവിസ്റ്റുകളും വാദം കേള്‍ക്കാന്‍ കോടതിയിലെത്തിയിരുന്നു. ഹര്‍ഷ് മന്ദര്‍, ജാവെയ്ദ് അന്‍സാരി, നമിത ഭണ്ഡാരി തുടങ്ങിയവരാണ് കോടതിയിലെത്തിയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കഴിഞ്ഞവര്‍ഷം ഒക്ടോബറിലാണ് ‘വോഗ്’ എന്ന മാസികയില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനവുമായി ബന്ധപ്പെട്ട് തന്റെ നേര്‍ക്ക് അക്ബര്‍ ലൈംഗികാതിക്രമം നടത്തിയിട്ടുണ്ടെന്ന് പ്രിയ ട്വീറ്റ് ചെയ്തത്. അക്ബറിന്റെ പേരെടുത്തു പറയാതെയായിരുന്നു ട്വീറ്റ്.

പിന്നീടാണ് അക്ബറിന്റെ പേരെടുത്തു പറഞ്ഞത്. ‘മീ ടൂ’ മൂവ്‌മെന്റിന്റെ ഭാഗമായായിരുന്നു പ്രിയ തനിക്കുണ്ടായ അനുഭവം തുറന്നുപറഞ്ഞത്.

We use cookies to give you the best possible experience. Learn more