[] ലോകം മുഴുവന്‍ ഐസ് ബക്കറ്റ് ചലഞ്ചിന്റെ ആവേശത്തില്‍ മുങ്ങിയപ്പോള്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി മുന്നോട്ട് വെച്ച മൈ ട്രീ ചലഞ്ച് ആവേശത്തോടെയാണ് കേരളം ഏറ്റെടുത്തത്. ഇളയദളപതി വിജയ് മമ്മൂക്കയുടെ വെല്ലുവിളി ഏറ്റെടുത്ത് 25,000 മരങ്ങള്‍ നട്ടതോടെ ട്രീ ചലഞ്ചിന്റെ ആവേശം ഇരട്ടിയായി.
ഇപ്പോളിതാ തമിഴകത്തിന്റെ സിങ്കം സൂര്യയും മമ്മൂട്ടിയുടെ വെല്ലുവിളി സ്വീകരിച്ച് മരം നട്ടിരിക്കുകയാണ്. വളരെയധികം സന്തോഷത്തോടെ ട്രീ ചലഞ്ചില്‍ പങ്കുചേര്‍ന്ന സൂര്യ അമീര്‍ഖാന്‍, സുദീപ്, മഹേഷ് ബാബു എന്നിവരെയാണ് വെല്ലുവിളിച്ചത്. താരങ്ങള്‍ക്കൊപ്പം ആരാധകരെയും വെല്ലുവിളിക്കാന്‍ സിങ്കം മറന്നില്ല.
ട്രീ ചലഞ്ച് ഏറ്റെടുത്ത സൂര്യക്ക് നന്ദി പറഞ്ഞ് മെഗാസ്റ്റാര്‍ ഫേസ്ബുക്കിലിട്ട സ്റ്റാറ്റസിന് ലൈക്കുകളും കമന്റുകളും കുന്നുകൂടുകയാണ്. സൂര്യയുടെ വെല്ലുവിളി ഏറ്റെടുത്ത് നാളത്തന്നെ മരം നടുമെന്നാണ് ഒരു സൂര്യ ആരാധകന്റെ കമന്റ്.
താരങ്ങളായ സനുഷ, യുവതാരം നിവിന്‍ പോളി, അജു വര്‍ഗീസ്, സംവിധായകരായ ജൂഡ് ആന്റണി ജോസഫ്, അല്‍ഫോണ്‍സ് പുത്രന്‍, രഞ്ജിത്ത് ശങ്കര്‍, വിനീത് ശ്രീനിവാസന്‍ ആഷിക് അബു റിമ കല്ലിങ്കല്‍ തുടങ്ങിയവര്‍ മമ്മൂട്ടിയുടെ വെല്ലുവിളി സ്വീകരിച്ച് മരം നട്ടു കഴിഞ്ഞു.
ഈസ്റ്റ് സോഫ്റ്റ് ടെക്‌നോളജിയുടെ സി.ഇ.ഒ അബ്ദുല്‍ മനാഫ്, ഫോട്ടോഗ്രാഫര്‍ ഇംതിയാസ് കബീര്‍ എന്നിവരാണ് മൈ ട്രീ ചലഞ്ച് എന്ന ആശയത്തിനു പിന്നില്‍. പ്രകൃതിസംരക്ഷണത്തിനായി മുന്നിട്ടിറങ്ങിയ മൈട്രീ ചലഞ്ചിന്റെ ബ്രാന്‍ഡ് അംബാസഡറാണ് മമ്മൂട്ടി.