മമ്മൂട്ടിയുടെ വെല്ലുവിളി; താരങ്ങളെല്ലാം മരം നടുന്നു
Daily News
മമ്മൂട്ടിയുടെ വെല്ലുവിളി; താരങ്ങളെല്ലാം മരം നടുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 7th September 2014, 12:17 pm


[] മലയാള സിനിമാ പ്രവര്‍ത്തകര്‍ക്കെല്ലാം മമ്മൂട്ടി ഇപ്പോള്‍ വലിയൊരു വെല്ലുവിളിയാണ്. സുഹൃത്തുക്കളെയും സിനിമാ പ്രവര്‍ത്തകരെയും വെല്ലുവിളിച്ച് മമ്മൂട്ടി തുടക്കം കുറിച്ച മൈ ട്രീ ചലഞ്ച് സിനിമാലോകം ഒന്നടങ്കം ഏറ്റെടുത്തിരിക്കുന്നു.

സംവിധായകന്‍ ആഷിഖ് അബു, നടി റീമാ കല്ലിങ്കല്‍ എന്നിവര്‍ മൈ ട്രീ ചലഞ്ച് ഏറ്റെടുത്തത് ഫേസ്ബുക്കിലൂടെയാണ് ലോകത്തെ അറിയിച്ചത് . ഇരുവരും രണ്ട് വൃക്ഷത്തൈ നടുന്ന വീഡിയോ ദൃശ്യം റിമ തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.  “വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കാനും വളര്‍ത്താനും പ്രചോദനമാകുന്ന ഈ വെല്ലുവിളി സമൂഹത്തിന് ഉപകാരപ്രദമാണ്. അതുകൊണ്ട് മൈ ട്രീ ചലഞ്ച് ഞങ്ങള്‍ ഏറ്റെടുക്കുന്നു.  ഇത് തുടരാന്‍ ഫഹദ് ഫാസില്‍, നസ്രിയ, സംവിധായകന്‍ രഞ്ജിത് എന്നിവരെ വെല്ലുവിളിക്കുകയും ചെയ്യുന്നു”. ആഷിഖ് അബു ഫേസ്ബുക്കില്‍ കുറിച്ചു.

മമ്മൂട്ടിയുടെ ചലഞ്ച് ഏറ്റെടുത്ത് വൃക്ഷത്തൈ നട്ട സംവിധായകന്‍ രഞ്ജിത് ശങ്കര്‍ പൃഥ്വിരാജ്, ജയസൂര്യ, മംത മോഹന്‍ദാസ് എന്നിവരെയാണ് വെല്ലുവിളിച്ചിരിക്കുന്നത്. ഓം ശാന്തി ഓശാന സംവിധാനം ചെയ്ത ജൂഡ് ആന്റണി ജോസഫും ചലഞ്ച് ഏറ്റെടുത്ത് വൃക്ഷത്തൈ നട്ടിരുന്നു. മമ്മൂക്കയുടെ മൈ ട്രീ ചലഞ്ചിന്റെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഈ സംരഭം പ്രകൃതിക്ക് വളരെ നല്ലതാണെന്നും ജൂഡ് പറഞ്ഞു. നിവിന്‍ പോളി, അജു വര്‍ഗീസ്, വിനീത് ശ്രീനിവാസന്‍, ഷാന്‍ റഹമാന്‍, അല്‍ഫോന്‍സ് പുത്രന്‍ എന്നിവരെയാണ് ജൂഡ് തൈകള്‍ നടാന്‍ ചലഞ്ച് ചെയ്തിരിക്കുന്നത്.
my tree
മൈ ട്രീ ചലഞ്ചിന്റെ ബ്രാന്‍ഡ് അംബാസിഡറായ മമ്മൂട്ടി ആഗസ്റ്റ് 30നാണ് വൃക്ഷത്തൈ നട്ടുകൊണ്ട് ക്യാമ്പയിന് തുടക്കം കുറിച്ചത്. വനവത്ക്കരണം ലക്ഷ്യമിട്ടുള്ള ഈ വെല്ലുവിളി മലയാള സിനിമയിലെ തന്റെ എല്ലാ സഹപ്രവര്‍ത്തകരും ഫേസ്ബുക്ക് സുഹൃത്തുക്കളും ഏറ്റെടുക്കണമെന്ന് മമ്മൂട്ടി ഫേസ്ബുക്ക് പേജിലൂടെ ആവശ്യപ്പെട്ടിരുന്നു.

കൂടാതെ ഷാറൂഖ് ഖാന്‍, വിജയ്, സൂര്യ തുടങ്ങിയവരെ മരം നട്ടുപിടിപ്പിക്കാന്‍ മമ്മൂട്ടി വെല്ലുവിളിച്ചിരുന്നു. വെല്ലുവിളി സ്വീകരിച്ച് വിജയും സൂര്യയും മരം നട്ടുപിടിപ്പിക്കുകയും ചെയ്തു. വെല്ലുവിളികള്‍ ഏറ്റെടുക്കുന്നുവര്‍ മരത്തൈകള്‍ നട്ടുപിടിപ്പിച്ച ശേഷം മറ്റുള്ളവരെയും വെല്ലുവിളിക്കണം എന്നതാണ് മൈ ട്രീ ചലഞ്ച്.

ഈസി സോഫ്റ്റ് ടെക്‌നോളജിയുടെ സി.ഈ.ഒ അബ്ദുല്‍ മനാഫും ട്രാവല്‍ ഫോട്ടോഗ്രാഫറായ ഇംതിയാസ് കബീറുമാണ് ഈ ആശയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. സോഷ്യല്‍മീഡിയയില്‍ തരംഗമായ അഡിക്റ്റഡ് ടു ലൈഫ് എന്ന ക്യമ്പയിന് പിന്നിലും മനാഫ് തന്നെയായിരുന്നു.