മരം നടാന്‍ മമ്മൂട്ടിയുടെ ചലഞ്ച്; ആദ്യ വെല്ലുവിളി ഷാറൂഖിനും വിജയിക്കും സൂര്യക്കും
Daily News
മരം നടാന്‍ മമ്മൂട്ടിയുടെ ചലഞ്ച്; ആദ്യ വെല്ലുവിളി ഷാറൂഖിനും വിജയിക്കും സൂര്യക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 31st August 2014, 10:54 am

mammotty my tree

[] കൊല്ലം: ഇത് ചലഞ്ചിങ്ങിന്റെ കാലം. സോഷ്യല്‍ മീഡിയകളില്‍ വൈറലായ ഐസ് ബക്കറ്റ് ചലഞ്ച്,   ഫലസ്തീനിലെ റബിള്‍ ബക്കറ്റ് ചലഞ്ച്,  റൈസ് ബക്കറ്റ് ചലഞ്ചുമൊക്കെ തരംഗമാവുന്നതിനിടെ മറ്റൊരു ചലഞ്ചുമായി ചലച്ചിത്രതാരം മമ്മൂട്ടി രംഗത്ത്. വൃക്ഷത്തൈകള്‍ വെച്ചു പിടിപ്പിക്കാന്‍ വെല്ലുവിളിക്കുന്ന മൈ ട്രീ ചലഞ്ചുമായാണ് മമ്മൂട്ടിയുടെ വരവ്. വൃക്ഷതൈ നട്ടുപിടിപ്പിച്ചാണ് മൈ ട്രീ ചലഞ്ച് (എം.ടി.സി) ക്യാമ്പയിന് മമ്മൂട്ടി തുടക്കം കുറിച്ചത്.

ഭൂമിയുടെ തണലായ മരങ്ങളെ സംരക്ഷിക്കേണ്ടത് ഒരോരുത്തരുടെയും ബാധ്യതയാണെന്നും ഇത്തരമൊരു ക്യാമ്പയിന്‍ ആരംഭിക്കാനായതില്‍ അഭിമാനമുണ്ടെന്നും മമ്മൂട്ടി പറയുന്നു. വനവത്ക്കരണം ലക്ഷ്യമിട്ടുള്ള ഈ വെല്ലുവിളി മലയാള സിനിമയിലെ തന്റെ എല്ലാ സഹപ്രവര്‍ത്തകരും ഫേസ്ബുക്ക് സുഹൃത്തുക്കളും ഏറ്റെടുക്കണമെന്ന് മമ്മൂട്ടി ഫേസ്ബുക്ക് പേജിലൂടെ ആവശ്യപ്പെടുന്നുണ്ട്.

വൃക്ഷതൈ നട്ടുപിടിപ്പിച്ചഷശേഷം ബോളിവൂഡ് താരം ഷാറൂഖ് ഖാന്‍, വിജയ്, സൂര്യ തുടങ്ങിയവരെയും മരം നട്ടുപിടിപ്പിക്കാന്‍ മമ്മൂട്ടി വെല്ലുവിളിച്ചു. വെല്ലുവിളികള്‍ ഏറ്റെടുക്കുന്നുവര്‍ മരത്തൈകള്‍ നട്ടുപിടിപ്പിച്ച ശേഷം മറ്റുള്ളവരെയും വെല്ലുവിളിക്കണം എന്നതാണ് മൈ ട്രീ ചലഞ്ച്.

മൈ ട്രീ ചലഞ്ച് വെറുതെ വാക്കില്‍ മാത്രം ഒതുങ്ങരുതെന്നും പ്രവൃത്തിയിലൂടെ കാണിച്ച് കൊടുക്കണമെന്നും മമ്മൂട്ടി പറയുന്നു. “ആരോഗ്യകരമായ പരിസ്ഥിതി വേണമെന്നാണ് ഏവരുടെയും ആഗ്രഹം. വരും തലമുറക്ക് ഇതുകൊണ്ട് ഗുണം മാത്രമേ ഉണ്ടാകൂ”. മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

ഈസി സോഫ്റ്റ് ടെക്‌നോളജിയുടെ സി.ഈ.ഒ അബ്ദുല്‍ മനാഫും ട്രാവല്‍ ഫോട്ടോഗ്രാഫറായ ഇംതിയാസ് കബീറുമാണ് ഈ ആശയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. സോഷ്യല്‍മീഡിയയില്‍ തരംഗമായ അഡിക്റ്റഡ് ടു ലൈഫ് എന്ന ക്യമ്പയിന് പിന്നിലും മനാഫ് തന്നെയായിരുന്നു. മമ്മൂട്ടിയാണ് മൈ ട്രീ ചലഞ്ചിന്റെ ബ്രാന്‍ഡ് അംബാസിഡര്‍.