ന്യൂദല്‍ഹി: മണിപ്പൂര്‍ വിഷയത്തിലെ പ്രതിപക്ഷ ഇടപെടലില്‍ ആം ആദ്മി എം.പി സഞ്ജയ് സിങ്ങിനെ പ്രശംസിച്ച് കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി. മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്‌സഭയിലും രാജ്യസഭയിലും പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ സഖ്യമായ ഇന്ത്യയിലെ നേതാക്കള്‍ പാര്‍ലമെന്റിന് പുറത്ത് ക്യാംപ് ചെയ്യുകയാണ്. കഴിഞ്ഞ ദിവസം ഗാന്ധി പ്രതിമക്ക് മുന്‍പില്‍ മെഴുകുതിരി കത്തിച്ചും നേതാക്കള്‍ പ്രതിഷേധിച്ചിരുന്നു.
സോണിയ ഗാന്ധിയുമൊത്തുള്ള വീഡിയോ സഞ്ജയ് സിങ് ട്വിറ്ററില്‍ പങ്കുവെച്ചു. തന്റെ പിന്തുണ ഉണ്ടാകുമെന്ന് സോണിയ ഗാന്ധി അറിയിച്ചതായും സിങ് ട്വിറ്ററില്‍ കുറിച്ചു.
‘ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. പ്രതിപക്ഷ സഖ്യം ഇന്ത്യ മണിപ്പൂര്‍ വിഷയത്തില്‍ പാര്‍ലമെന്റില്‍ നടത്തിയ നീക്കത്തെ കുറിച്ച് സംസാരിച്ചു. എന്റെ പിന്തുണ നിങ്ങളുടെ കൂടെയുണ്ടെന്ന് സോണിയ പറഞ്ഞു,’ അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
രാജ്യസഭാ ശീതകാല സമ്മേളനത്തില്‍ നിന്നും സഞ്ജയ് സിങ്ങിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സഭയുടെ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചതിനും രാജ്യസഭാ ചെയര്‍മാന്‍ ആവശ്യപ്പെട്ടിട്ടും മടങ്ങിപോകാത്തതിനുമായിരുന്നു നടപടി. ഇതില്‍ പ്രതിഷേധിച്ച് കുത്തിയിരിപ്പു സമരം നടത്തുന്നുണ്ട് പ്രതിപക്ഷം.
കനത്ത മഴയിലും അദ്ദേഹം പ്രതിഷേധം തുടര്‍ന്നിരുന്നു. ‘ പ്രതിഷേധത്തിന്റെ രണ്ടാം ദിവസം, കനത്ത മഴയാണ്. മണിപ്പൂരിലെ അവസ്ഥ കണ്ട് ദൈവവും കരയുന്നുണ്ടാകും. പ്രധാനമന്ത്രി എപ്പോഴാണ് പാര്‍ലമെന്റില്‍ സംസാരിക്കുക എന്ന ഒറ്റ ചോദ്യം മാത്രമാണ് ചോദിക്കാനുള്ളത്,’നേരത്തെ അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.
എ.എ.പിയിലെയും പ്രതിപക്ഷ പാര്‍ട്ടിയിലെയും എം.പിമാരാണ് അദ്ദേഹത്തോടൊപ്പം പ്രതിഷേധം നടത്തുന്നത്. ഇന്ത്യ ഫോര്‍ മണിപ്പൂര്‍ എന്ന പോസ്റ്ററുകളുമായാണ് പ്രതിഷേധം. സിങ്ങിനെ സഭയിലേക്ക് തിരിച്ചെടുക്കണമെന്ന ആവശ്യവും പ്രതിപക്ഷം ഉന്നയിക്കുന്നുണ്ട്.
അതേസമയം, മണിപ്പൂര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിപക്ഷം നല്‍കിയ അവിശ്വാസ പ്രമേയം ലോക് സഭാ സ്പീക്കര്‍ ഓം ബിര്‍ള അംഗീകരിച്ചു. പ്രമേയത്തില്‍ ചര്‍ച്ചക്കുള്ള തിയതി അറിയിച്ചിട്ടില്ല. അസമില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പി ഗൗരവ് ഗൊഗോയും ബി.ആര്‍.എസ് എം.പി നാമ നാഗേശ്വര റാവുവുമായിരുന്നു അവിശ്വാസ പ്രമേയത്തിനുള്ള നോട്ടീസ് നല്‍കിയിരുന്നത്.
സഭയില്‍ 50 അംഗ പിന്തുണ ഉണ്ടെങ്കിലേ അവിശ്വാസ പ്രമേയം പരിഗണിക്കൂ. കോണ്‍ഗ്രസിന് ആവശ്യമായ പിന്തുണ ലഭിച്ചേക്കുമെങ്കിലും ബി.ആര്‍.എസിന് 9 സീറ്റുകള്‍ മാത്രമാണ് ലോക്സഭയില്‍ ഉള്ളത്.
ജൂലൈ 20ന് പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം ആരംഭിച്ചത് മുതല്‍ മണിപ്പൂര്‍ വിഷയത്തില്‍ ഇരു സഭകളിലുമായി പ്രതിപക്ഷം പ്രതിഷേധിക്കുന്നുണ്ട്. നിരവധി തവണ സഭ നിര്‍ത്തിവെക്കുകയും ചെയ്തു. പ്രധാനമന്ത്രി പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് മുദ്രാവാക്യം വിളിച്ചും പോസ്റ്ററുകളേന്തിയുമായിരുന്നു പ്രതിപക്ഷ പ്രതിഷേധം.വിഷയത്തില്‍ ചര്‍ച്ച നടത്താമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നെങ്കിലും പ്രധാന മന്ത്രി തന്നെ പ്രസ്താവന നടത്തണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
Content Highlight: My support with you; sonia said to sanjay singh