രാജസ്ഥാനില്‍ മോദി പങ്കെടുക്കുന്ന സര്‍ക്കാര്‍ പരിപാടിയില്‍ നിന്നും തന്റെ പ്രസംഗം ഒഴിവാക്കിയതായി ഗെഹ്‌ലോട്ട്
NATIONALNEWS
രാജസ്ഥാനില്‍ മോദി പങ്കെടുക്കുന്ന സര്‍ക്കാര്‍ പരിപാടിയില്‍ നിന്നും തന്റെ പ്രസംഗം ഒഴിവാക്കിയതായി ഗെഹ്‌ലോട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 27th July 2023, 12:58 pm

ജയ്പൂര്‍: രാജസ്ഥാനിലെ സിക്കാറില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ നിന്നും തന്റെ പ്രസംഗം പ്രധാനമന്ത്രിയുടെ ഓഫീസ് റദ്ദാക്കിയതായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. രാജസ്ഥാനിലെ 12 മെഡിക്കല്‍ കോളേജുകളുടെ തറക്കല്ലിടലും ഉദ്ഘാടനവും നിര്‍വഹിക്കുന്ന പരിപാടിയാണ് സിക്കാറില്‍ നടക്കാനിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്.

പരിപാടിയില്‍ നിന്നും തന്റെ പ്രസംഗം ഒഴിവാക്കിയതിനാല്‍ ട്വീറ്റിലൂടെ മാത്രമേ പ്രധാനമന്ത്രിയെ സ്വാഗതം ചെയ്യാന്‍ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.

‘ ഇന്ന് നിങ്ങള്‍ രാജസ്ഥാന്‍ സന്ദര്‍ശിക്കുകയാണ്. എന്നാല്‍ മുന്‍കൂട്ടി ഷെഡ്യൂള്‍ ചെയ്തിരുന്ന പരിപാടിയിലെ എന്റെ പ്രസംഗം നിങ്ങളുടെ ഓഫീസ് റദ്ദാക്കി. അതിനാല്‍ പ്രസംഗത്തിലൂടെ എനിക്ക് നിങ്ങളെ സംസ്ഥാനത്തേക്ക് സ്വാഗതം ചെയ്യാന്‍ സാധിക്കില്ല. അതുകൊണ്ട് ഈ ട്വീറ്റിലൂടെ ഞാന്‍ നിങ്ങളെ രാജസ്ഥാനിലേക്ക് സ്വാഗതം ചെയ്യുന്നു,’ അശോക് ഗെഹ്‌ലോട്ട് ട്വിറ്ററില്‍ കുറിച്ചു.

രാജസ്ഥാന് വേണ്ടി പ്രസംഗത്തില്‍ ഉന്നയിക്കാനിരുന്ന ആവശ്യങ്ങളെ കുറിച്ചും അശോക് ഗെഹ്‌ലോട്ട് ട്വിറ്ററില്‍ കുറിച്ചു. ‘രാജസ്ഥാനിലെ യുവാക്കളുടെ ആവശ്യപ്രകാരം അഗ്നിവീര്‍ പദ്ധതി പിന്‍വലിച്ച് സൈന്യത്തില്‍ സ്ഥിരം റിക്രൂട്ട്‌മെന്റ് ഏര്‍പ്പെടുത്തണം, ജാതി സെന്‍സസിനായി രാജസ്ഥാന്‍ സര്‍ക്കാര്‍ പ്രമേയം പാസാക്കിയിട്ടുണ്ട്, ഇതില്‍ കാലതാമസം കൂടാതെ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം എടുക്കണം, എന്‍.എം.സി മാര്‍ഗനിര്‍ദേശമുളളതിനാല്‍ സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ മെഡിക്കല്‍ കോളേജുകള്‍ക്ക് കേന്ദ്ര സര്‍ക്കാരില്‍ നിന്നും സാമ്പത്തിക സഹായം ലഭിച്ചിരുന്നില്ല. ഇവ സംസ്ഥാന ഫണ്ട് ഉപയോഗിച്ചാണ് നിര്‍മ്മിച്ചത്. ഈ മൂന്ന് ജില്ലകളിലെയും മെഡിക്കല്‍ കോളേജുകള്‍ക്ക് 60 ശതമാനം ധനസഹായം നല്‍കണം,’ എന്നീ ആവശ്യങ്ങളാണ് ഗെഹ്‌ലോട്ട് ട്വിറ്ററിലൂടെ ഉന്നയിച്ചിരിക്കുന്നത്.

കേന്ദ്രസര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും കൂട്ടായ പങ്കാളിത്തത്തിന്റെ ഭാഗമാണ് 12 മെഡിക്കല്‍ കോളേജിന്റെ തറക്കല്ലിടലും ഉദ്ഘാടനവും നടക്കാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ പ്രൊജക്ടിന് 3,689 കോടി രൂപയാണ് ചെലവ് വരുന്നത്. ഇതില്‍ 2,213 കോടി കേന്ദ്രസര്‍ക്കാരും 1,476 കോടി സംസ്ഥാന സര്‍ക്കാരുമാണ് വഹിക്കുന്നതെന്നും ഗെഹ്‌ലോട്ട് പറഞ്ഞു.

അതേസമയം, ഗെഹ്‌ലോട്ടിന്റെ ആരോപണം തള്ളി പ്രധാനമന്ത്രിയുടെ ഓഫീസ് രംഗത്തെത്തി. പരിപാടിയില്‍ ഗെഹ്‌ലോട്ടിനെയും സ്വാഗതം ചെയ്ത് കൊണ്ട് പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റും ചെയ്തു. ഗെഹ്‌ലോട്ടിനെ ക്ഷണിച്ചിരുന്നെങ്കിലും അദ്ദേഹത്തിന് പങ്കെടുക്കാന്‍ സാധിക്കില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചതെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

‘പ്രോട്ടോകോള്‍ പ്രകാരം നിങ്ങളെ ക്ഷണിക്കുകയും പ്രസംഗം ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ നിങ്ങളുടെ ഓഫീസ് പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്നാണ് അറിയിച്ചത്. മുന്‍പത്തെ പ്രധാനമന്ത്രിയുടെ സന്ദര്‍ശനവേളയിലെ പരിപാടിയിലേക്ക് നിങ്ങളെയും ക്ഷണിക്കുകയും നിങ്ങള്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. ഇന്ന് നടക്കുന്ന പരിപാടിയിലും പങ്കെടുക്കാന്‍ താങ്കളെ ക്ഷണിക്കുന്നു,’ പ്രധാനമന്ത്രിയുടെ ഓഫീസ് ട്വിറ്ററില്‍ കുറിച്ചു.

Content Highlight: My speed is removed from programme by pmo;  Ashok gehlot