| Friday, 13th December 2024, 11:50 am

'എന്റെ പ്രസംഗങ്ങള്‍ കലാപത്തിനല്ല, അഹിംസയ്ക്ക് ആഹ്വാനം ചെയ്യുന്നത്'; ഷര്‍ജീല്‍ ഇമാം ഹൈക്കോടതിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ ജാമ്യം അനുവദിക്കണമെന്ന് ഷര്‍ജീല്‍ ഇമാം ഹൈക്കോടതിയില്‍. താന്‍ പൊതുയിടങ്ങളില്‍ നടത്തിയ പ്രസംഗങ്ങള്‍ അഹിംസയ്ക്ക് ആഹ്വാനം ചെയ്യുന്നതാണെന്നും കലാപത്തിനല്ലെന്നും ഷര്‍ജീല്‍ ഇമാം പറഞ്ഞു.

2020 ദല്‍ഹി കലാപത്തെ തുടര്‍ന്നാണ് ഷര്‍ജീല്‍ ഇമാമിനെ യു.എ.പി.എ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ ദല്‍ഹി കലാപത്തില്‍ ഗൂഢാലോചന നടത്തിയവരുമായി തനിക്ക് ബന്ധമില്ലെന്ന് ഷര്‍ജീല്‍ കോടതിയില്‍ ആവര്‍ത്തിച്ച് പറഞ്ഞു.

താന്‍ നാല് വര്‍ഷത്തിലേറെയായി കസ്റ്റഡിയിലാണെന്നും ജാമ്യം അനുവദിക്കണമെന്നും ഷര്‍ജീല്‍ ആവശ്യപ്പെട്ടു. തന്റെ ഫോണ്‍ സംഭാഷണങ്ങളിലും മറ്റും ഗൂഢാലോചന നടത്തിയതിന്റെ തെളിവുകളില്ലെന്നും ഷര്‍ജീല്‍ ഇമാം പറഞ്ഞു.

വൈകിയ സാക്ഷി മൊഴികളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് ഷര്‍ജീലിനെ അറസ്റ്റ് ചെയ്തതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. സംഭവം നടന്ന് ആറ് മാസങ്ങള്‍ക്ക് ശേഷമാണ് ഷര്‍ജീല്‍ വിദ്വേഷ പരാമര്‍ശം നടത്തിയെന്ന് സാക്ഷി പറയുന്നതെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

പ്രസംഗത്തിനിടെ ഷര്‍ജീല്‍ ‘ഗസ്‌വ-ഇ-ഹിന്ദ്’ എന്ന് പറഞ്ഞുവെന്നായിരുന്നു സാക്ഷിമൊഴി. ഷര്‍ജീല്‍ ഇമാമിനെതിരായ മറ്റ് നാല് കേസുകളില്‍ അദ്ദേഹത്തിന് ജാമ്യം ലഭിച്ചിട്ടുണ്ടെന്നും അഭിഭാഷകന്‍ വ്യാഴാഴ്ച കോടതിയെ അറിയിച്ചു.

സി.എ.എ (പൗരത്വ ഭേദഗതി നിയമം)ക്കെതിരായ പ്രതിഷേധത്തിനിടെയാണ് ദല്‍ഹിയില്‍ കലാപമുണ്ടായത്. തുടര്‍ന്ന് യു.എ.പി.എ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി ഷര്‍ജീല്‍ ഇമാം, ഉമര്‍ ഖാലിദ് അടക്കമുള്ളവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

നിലവില്‍ കസ്റ്റഡിയില്‍ കഴിയുന്ന ഷര്‍ജീല്‍ ഇമാമിന് പുറമെ ഉമര്‍ ഖാലിദ്, ഖാലിദ് സെയ്ഫി, ഗള്‍ഫിഷ ഫാത്തിമ എന്നിവരുടെ ജാമ്യവും കോടതിയുടെ പരിഗണനയിലാണ്.

ജാമിയ മിലിയ സര്‍വകലാശാലയിലും അലിഗഡ് സര്‍വകലാശാലയിലും പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയെന്നാണ് ഷര്‍ജീല്‍ ഇമാമിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസ്. ഇതില്‍ ദല്‍ഹി ഹൈക്കോടതി ഷര്‍ജീലിന് ജാമ്യം അനുവദിച്ചിരുന്നു.

എന്നാല്‍ ഗൂഢാലോചന കേസില്‍ കൂടെ ജാമ്യം ലഭിച്ചാല്‍ മാത്രമേ ഷര്‍ജീല്‍ ഇമാമിന് ജയില്‍ മോചിതനാകാന്‍ സാധിക്കുകയുള്ളു.

2019ല്‍ ഷര്‍ജീല്‍ ഇമാം നടത്തിയ പ്രസംഗങ്ങളാണ് ദല്‍ഹിയെ കലാപത്തിലേക്ക് നയിച്ചതെന്ന് ഷര്‍ജീലിനെതിരായ കുറ്റപത്രത്തില്‍ പറയുന്നത്. അതേസമയം ഷര്‍ജീല്‍ ഇമാമിനെതിരെയുള്ള തെളിവുകള്‍ അദ്ദേഹം കലാപത്തിന് പ്രേരിപ്പിച്ചുവെന്ന് തെളിയിക്കാന്‍ പര്യാപ്തമല്ലെന്ന് കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു.

Content Highlight: ‘My speeches call for non-violence, not rebellion’; Sharjeel Imam in High Court

Latest Stories

We use cookies to give you the best possible experience. Learn more