| Thursday, 23rd November 2023, 7:37 pm

'ഫലസ്തീൻ വിഷയത്തെക്കുറിച്ച് എനിക്ക് ആരും പഠിപ്പിച്ച് തരേണ്ട കാര്യമില്ല; ലീഗിന്റെ റാലിയിലെ എന്റെ പ്രസംഗത്തിൽ ചിലർ മനപൂർവം തെറ്റിദ്ധാരണ സൃഷ്ടിച്ചു'

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ലീഗിന്റെ ഫലസ്തീൻ അനുകൂല റാലിയിലെ തന്റെ പ്രസംഗത്തിൽ ചിലർ മനപൂർവം തെറ്റിദ്ധാരണ സൃഷ്ടിച്ചുവെന്നും താൻ എപ്പോഴും ഫലസ്തീൻ ജനങ്ങൾക്കൊപ്പമാണെന്നും ശശി തരൂർ എം.പി.

യാസർ അറഫാത്തിന്റെ ഖബറിടത്തിൽ പ്രണാമമർപ്പിച്ച ആളാണ് താനെന്നും ഫലസ്തീൻ വിഷയത്തെക്കുറിച്ച് തനിക്ക് ആരും പഠിപ്പിച്ച് തരേണ്ട കാര്യമില്ലെന്നും തരൂർ പറഞ്ഞു.

തന്റെ പ്രസംഗത്തിന്റെ വീഡിയോ ആർക്കുവേണമെങ്കിലും യൂട്യൂബിൽ പോയി കാണാം എന്നും കോൺഗ്രസിന്റെ ഫലസ്തീൻ ഐക്യദാർ റാലിയിൽ അദ്ദേഹം പറഞ്ഞു.

‘ഞാനവിടെ പ്രസംഗിച്ചപ്പോൾ ചിലർ മനപ്പൂർവ്വമായ ഒരു തെറ്റിദ്ധാരണ പ്രചരിപ്പിച്ചിട്ടുണ്ട്, ഞാൻ പറഞ്ഞ കാര്യങ്ങളെക്കുറിച്ച്. ഞാൻ നേരിട്ട് പറയട്ടെ, എന്റെ 32 മിനിറ്റ് 50 സെക്കൻഡ് പ്രസംഗം ഇപ്പോൾ കൂടി യൂട്യൂബിൽ കാണാം. നിങ്ങൾ കേട്ടു നോക്കിക്കോളൂ. ഞാൻ ആ സമയത്ത് പറഞ്ഞതും അതിനുമുമ്പ് പറഞ്ഞതും അതിനുശേഷം പറഞ്ഞതും.

എപ്പോഴും ഫലസ്തീൻ ജനങ്ങൾക്ക് ഒപ്പമാണ് എന്ന് തന്നെയാണ് ഞാൻ പ്രഖ്യാപിച്ചിരിക്കുന്നത്.

ഇത് കോൺഗ്രസ് പാർട്ടിയുടെ നിലപാടാണ്, അത് എന്റെയും നിലപാടാണ്. ഞാനൊരു വിധത്തിലും ഇസ്രഈലിന്റെ ബോംബാക്രമണത്തിന് വേണ്ടി ശബ്ദിച്ചിട്ടില്ല. അത് നമുക്ക് ഒരിക്കലും പിന്തുണ നൽകാൻ സാധിക്കാത്തതാണ്.

ഒരു മതവും മഹിളകളെയോ കുഞ്ഞു കുട്ടികളെയോ കൊല്ലണം എന്ന് പറയുന്നില്ല. അതുകൊണ്ട് ഒരിക്കലും ഇതൊരു മതവിഷയമായി കാണരുത്. ശ്വാസംമുട്ടിക്കുന്ന ഇസ്രഈലി അധിനിവേശത്തെ കുറെ വർഷങ്ങളായി നമ്മൾ എതിർക്കുന്നതാണ്.

ഫലസ്തീൻ ഭൂമിയിലെ യഹൂദികളുടെ കുടിയേറ്റം നമ്മൾ എതിർത്തതാണ്,’ തരൂർ പറഞ്ഞു.

ലീഗ് റാലിയിൽ വെച്ച് ഹമാസ് ഭീകരവാദികളാണെന്ന തരൂരിന്റെ പരാമർശം വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. ചെറുത്തുനിൽപ്പിനെ ഭീകരവാദമെന്ന് പറയാൻ സാധിക്കില്ലെന്ന് ലീഗ് നേതാക്കൾ വേദിയിൽ വെച്ചുതന്നെ മറുപടി നൽകിയിരുന്നു.

തരൂരിന്റെ വിവാദ പരാമർശം തിരുത്താനുള്ള അവസരമാണ് കോൺഗ്രസിന്റെ ഫലസ്തീൻ റാലിയെന്നും അദ്ദേഹം അത് തിരുത്തുമെന്നും കെ. മുരളീധരൻ എം.പി നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Content Highlight: My speech in League rally was deliberately misinterpreted by some, always with Palestine says Tharoor

We use cookies to give you the best possible experience. Learn more