'അവന്‍ വളരുക ഇതിഹാസതാരത്തിന്റെ മടിയില്‍ ഇരുന്നതിന്റെ ഓര്‍മ്മകളുമായി'; ധോണിയ്‌ക്കൊപ്പമുള്ള മകന്റെ ചിത്രത്തെ കുറിച്ച് സര്‍ഫ്രാസ് പാക് ചാനലില്‍ പറഞ്ഞ വാക്കുകള്‍ വൈറലാകുന്നു
Daily News
'അവന്‍ വളരുക ഇതിഹാസതാരത്തിന്റെ മടിയില്‍ ഇരുന്നതിന്റെ ഓര്‍മ്മകളുമായി'; ധോണിയ്‌ക്കൊപ്പമുള്ള മകന്റെ ചിത്രത്തെ കുറിച്ച് സര്‍ഫ്രാസ് പാക് ചാനലില്‍ പറഞ്ഞ വാക്കുകള്‍ വൈറലാകുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 27th June 2017, 8:50 pm

കറാച്ചി: ഇന്ത്യന്‍ ആരാധകര്‍ക്ക് ഓര്‍ക്കാന്‍ നല്ലതൊന്നും ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ നല്‍കിയില്ലെങ്കിലും ഇരുടീമിലേയും താരങ്ങള്‍ക്കിടിയിലുള്ള പരസ്പര ബഹുമാനത്തിന്റേയും സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിനേയും അടയാളപ്പെടുത്തുന്ന ഒരുപാട് നിമിഷങ്ങള്‍ ഫൈനലിലുണ്ടായിരുന്നു.

്അത്തരത്തിലൊന്നായിരുന്നു ഇന്ത്യയുടെ എം.എസ് ധോണി പാക് നായകന്‍ സര്‍ഫ്രാസ് ഖാന്റെ കുട്ടിയെ എടുത്തു നില്‍ക്കുന്ന ചിത്രം. ഫൈനലിനു മുന്നോടിയായി പാക് നായകന്‍ പുറത്തുവിട്ട ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കളിക്കളത്തില്‍ പരസ്പരം കടിച്ചു കീറുന്ന ശത്രുക്കളാണെങ്കില്‍ കളത്തിന് പുറത്ത് ഇരു ടീമിലേയും താരങ്ങള്‍ പരസ്പരം ആരാധിക്കുന്നവരാണെന്ന് ആ ചിത്രം സാക്ഷ്യം പറയും.


Also Read: ശ്രീകൃഷ്ണ മഠത്തിലെ ഇഫ്താര്‍ ഹിന്ദുക്കള്‍ക്ക് അപമാനമെന്ന് ശ്രീരാമസേന നേതാവ്; വായടപ്പിക്കുന്ന മറുപടിയുമായി മഠാധിപതി വിശ്വേഷ്തീര്‍ത്ഥ സ്വാമി


ധോണിയ്ക്ക് പിന്നാലെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയ്ക്കും യുവരാജ് സിംഗിനുമൊപ്പം നില്‍ക്കുന്ന മക്കളുടെ ചിത്രവും സര്‍ഫ്രാസ് പുറത്തു വിട്ടിരുന്നു.

കിരീട വിജയത്തിനു ശേഷം നാട്ടില്‍ മടങ്ങിയെത്തിയ സര്‍ഫ്രാസ് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ധോണിയ്‌ക്കൊപ്പമുള്ള മകന്റെ ചിത്രത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി മാറിയിരിക്കുന്നത്.

” ഞാന്‍ കുടുംബത്തോടൊപ്പം ഹോട്ടല്‍ ലോബിയില്‍ ഇരിക്കുകയായിരുന്നു. ഞങ്ങളും ധോണിയും ഒരേ ഹോട്ടലിലായിരുന്നു താമസിച്ചിരുന്നത്. ധോണിയെ കണ്ടതും ഞാന്‍ മക്കളോടൊപ്പം അദ്ദേഹത്തിനരികിലെത്തുകയായിരുന്നു. പിന്നെ കുഞ്ഞു മകന്‍ അബ്ദുള്ളയെ അദ്ദേഹത്തിന്റെ കയ്യില്‍ കൊടുത്ത ശേഷം ഒരു ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ പറയുകയായിരുന്നു.” താരം പറയുന്നു.

“അവന്‍ വളരുക ക്രിക്കറ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ താരങ്ങളിലൊരാളുടെ മടിയില്‍ ഇരുന്നതിന്റെ ഓര്‍മ്മകള്‍ക്കൊപ്പമായിരിക്കും.” സര്‍ഫ്രാസ് പറയുന്നു.