'സര്‍ക്കാര്‍ എല്ലാവരോടും വീട്ടിലിരിക്കാന്‍ ആവശ്യപ്പെടുന്നു, പക്ഷേ എന്റെ മകനെ മാത്രം കോടതികളില്‍ നിന്ന് കോടതിയിലേക്ക് ഓടിക്കുന്നു' അഖില്‍ ഗോഗോയുടെ കസ്റ്റഡി നീട്ടിയതിനെതിരെ അമ്മ
Citizenship Amendment Act
'സര്‍ക്കാര്‍ എല്ലാവരോടും വീട്ടിലിരിക്കാന്‍ ആവശ്യപ്പെടുന്നു, പക്ഷേ എന്റെ മകനെ മാത്രം കോടതികളില്‍ നിന്ന് കോടതിയിലേക്ക് ഓടിക്കുന്നു' അഖില്‍ ഗോഗോയുടെ കസ്റ്റഡി നീട്ടിയതിനെതിരെ അമ്മ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 26th April 2020, 11:42 am

ദിസ്പുര്‍: അഴിമതി വിരുദ്ധ സമരങ്ങളിലൂടെ ശ്രദ്ധേയനായ കൃഷക് മുക്തി സംഗ്രാം സമിതി നേതാവ് അഖില്‍ ഗോഗോയുടെ കസ്റ്റഡി കലാവാധി മേയ് 13വരെ നീട്ടിയതിനെതിരെ ഗോഗോയുടെ അമ്മ രംഗത്ത്.

കൊവിഡ് വൈറസ് വ്യാപിക്കുന്നതിനെത്തുടര്‍ന്ന് രാജ്യത്തെ എല്ലാവരോടും വീടുകളില്‍ തന്നെ കഴിയണമെന്ന് ആവശ്യപ്പെടുന്ന സര്‍ക്കാര്‍ തന്റെ മകനെ കോടതികളില്‍ നിന്ന് കോടതികളിലേക്ക് ഓടിക്കുകയാണെന്ന് ഗോഗോയുടെ അമ്മ പ്രിയദ പറഞ്ഞു.

” അവന്‍ ചെയ്തത് അത്ര വലിയ കുറ്റമാണെങ്കില്‍ അവനെ വെടിവെച്ച് കൊന്ന് ഇത് അവസാനിപ്പിക്കാന്‍ ഞാന്‍ സര്‍ക്കാറിനോട് അപേക്ഷിക്കുന്നു,” അവര്‍ പറഞ്ഞു.

പൗരത്വ ഭേദഗതി വിരുദ്ധ പ്രതിഷേധത്തില്‍ പങ്കെടുത്തതിനെത്തുടര്‍ന്ന് ചന്ദ്മരി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് എന്‍.ഐ.എ കോടതി ഗോഗോയിയുടെ കസ്റ്റഡി നീട്ടാന്‍ വ്യാഴാഴ്ച തീരുമാനം എടുത്തത്.

‘എനിക്ക് പ്രായമായി, ഹൃദയ രോഗിയുമാണ്,” തിമിര ശസ്ത്രക്രിയയ്ക്കായി എന്റെ മകന്‍ എന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോകുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നു. അച്ഛനെ കാണാന്‍ കരയുന്ന എന്റെ ചെറുമകനോട് എന്താണ് പറയേണ്ടത്,” പ്രിയദ പറഞ്ഞു.

2019 ഡിസംബര്‍ 26 മുതല്‍ ഗോഗോയ് ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഡിസംബര്‍ 12 ന് ജോര്‍ഹട്ടില്‍ നിന്ന് അറസ്റ്റിലാകുന്നതിന് മുമ്പ് അദ്ദേഹം അപ്പര്‍ ആസാമിലെ പല ജില്ലകളിലും സി.എ.എയ്ക്കെതിരെ പൊതു പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

ബുധനാഴ്ചയാണ് ദിബ്രുഗഡ് ജയിലില്‍ നിന്ന് ഗോഗോയിയെ ഗുവാഹത്തിയിലേക്ക് കൊണ്ടുപോയി എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കിയത്.

‘ഞാന്‍ വളരെയധികം വേദനയിലാണ്. ജയിലില്‍ നിന്ന് എന്നെ മോചിപ്പിക്കാന്‍ കഴിയാത്തവിധം സര്‍ക്കാര്‍ മൂന്ന് പുതിയ കേസുകള്‍ എന്റെ മേല്‍ ചുമത്തിയിട്ടുണ്ട്. എല്ലാവരും കൊറോണ വൈറസിനെക്കുറിച്ച് ശ്രദ്ധാലുവായിരിക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ലോക്ഡൗണിനെത്തുടര്‍ന്ന് കുടുങ്ങിപ്പോയ അസമിലെ ആളുകളെ സര്‍ക്കാര്‍ തിരിച്ചുകൊണ്ടുവരണമെന്നും ഞാന്‍ ആവശ്യപ്പെടുന്നു,” എന്‍.ഐ.എ കോടതിയിലേക്കുള്ള യാത്രാമധ്യേ മാധ്യമങ്ങളോട് സംസാരിച്ച ഗോഗോയ് പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.