ബംഗളുരു: തന്റെ മകന്‍ ഭീരുവല്ലെന്നും അതുകൊണ്ട് തന്നെ അവന്‍ ആത്മഹത്യ ചെയ്യില്ലെന്നും ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെട്ട ഐ.എ.സ് ഓഫീസര്‍ ഡി.കെ രവിയുടെ മാതാവ്. വലിയ പ്രതിഷേധമാണ് ഐ.എ.എസ് ഓഫീസറുടെ അറസ്റ്റിനെത്തുടര്‍ന്ന് രാജ്യത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
ഡി.കെ രവി ആത്മഹത്യ ചെയ്തതാണെന്നും അദ്ദേഹത്തിന് രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്നുമാണ് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ഇത് വിശ്വസിക്കാന്‍ അദ്ദേഹത്തിന്റെ കുടുംബം തയ്യാറായിട്ടില്ല. സംഭവത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ഐ.എ.എസ് ഓഫീസറുടെ മരണം സി.ബി.ഐയെകൊണ്ട് അന്വേഷിപ്പിക്കണമെന്നുള്ളത് തന്നെയാണ്് പ്രതിഷേധക്കാരുടെയും ആവശ്യം. കര്‍ണാടക നിയമസഭയിലും വിഷയം ചര്‍ച്ചയാവുകയും വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്തിരുന്നു. സി.ബി.ഐ അന്വേഷണം എന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കാത്തതിനെത്തുടര്‍ന്ന് പ്രതിപക്ഷം കഴിഞ്ഞ ദിവസം രാത്രിയും നിയമസഭയിലാണ് കഴിഞ്ഞിരുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
തന്റെ മകന്‍ ആത്മഹത്യ ചെയ്യില്ലെന്നാണ് ഡി.കെ രവിയുടെ മാതാവ് പറയുന്നത്. “എന്റെ മകന്‍ ആത്മഹത്യ ചെയ്യില്ല. അവന്‍ അങ്ങനെയുള്ള ആളല്ല. ശക്തമായ ഒരു മനസ് അവനുണ്ട്. എന്റെ മകന്‍ ഒരു ഭീരുവല്ല. ആത്മഹത്യ ചെയ്യുന്ന ഒരു മകനല്ല ഞാന്‍ ജന്മം നല്‍കിയത്.” അവര്‍ പറഞ്ഞു. അദ്ദേഹം രാജ്യത്തിന്റെ മകനായിരുന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്നും തങ്ങള്‍ക്ക് നീതി ലഭിക്കണമെന്നും അവര്‍ വ്യക്തമാക്കി.
ഭൂമാഫിയയ്ക്കും മണല്‍ മാഫിയയ്ക്കും നികുതി വെട്ടിക്കുന്നവര്‍ക്കും എതിരെ ശക്തമായി പോരാടിയ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. തിങ്കളാഴ്ച വൈകുന്നേരമായിരുന്നു അദ്ദേഹത്തെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നത്. ആത്മഹത്യയാണെന്നാണ് പ്രഥമദൃഷ്ട്യാ മനസിലായിരിക്കുന്നതെന്നാണ് പോലീസ് ഭാഷ്യം.