സെവന്‍സ് സിനിമയുടെ സമയത്ത് സംവിധായകന്‍ ജോഷിയോട് അവസരം ചോദിച്ചെങ്കിലും ലഭിച്ചിരുന്നില്ലെന്ന് നടന്‍ സിജു വില്‍സണ്‍. പിന്നീട് പത്തൊന്‍പതാം നൂറ്റാണ്ട് സിനിമയുടെ ലോഞ്ചിന്റെ സമയത്ത് തനിക്ക് സീറ്റ് ലഭിച്ചത് ജോഷിക്കൊപ്പമായിരുന്നു എന്നും സിജു വില്‍സണ്‍ പറയുന്നു.
ആ സമയത്ത് പണ്ട് താന്‍ അവസരം ചോദിച്ചിരുന്ന കാര്യത്തെ കുറിച്ച് ഓര്‍മിപ്പിച്ചെങ്കിലും അദ്ദേഹത്തിന് അത് ഓര്‍മയില്ലായിരുന്നു എന്നും സിജു വില്‍സണ്‍ മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സ് എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. തന്റെ പുതിയ സിനിമയായ പഞ്ചവത്സര പദ്ധതിയുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംവിധായകന്‍ വിനയന്റെ അടുത്തും അവസരം ചോദിച്ചിട്ടുണ്ടെന്ന് സിജു വില്‍സണ്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്. സിനിമയില്‍ അവസരം ലഭിക്കാനായി വിനയന്റെ മുന്നിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്നിരുന്നെന്നും അദ്ദേഹം പറഞ്ഞു. താന്‍ അവസരം ചോദിച്ച ഒരു സംവിധായകന്‍ തന്നെ ചീത്ത വിളിച്ചിരുന്നു എന്നും സിജു പറയുന്നു. അത് തനിക്ക് സങ്കടമുണ്ടാക്കിയെങ്കിലും സിനിമയില്‍ മുന്നോട്ട് പോകാനുള്ള ഊര്‍ജമായിരുന്നു അത്തരം അനുഭവങ്ങളെന്നും അദ്ദേഹം പറഞ്ഞു.
‘സെവന്‍സിന്റെ സമയത്ത് ജോഷി സാറിന്റെ അടുത്ത് ചാന്‍സ് ചോദിച്ച് പോയിട്ടുണ്ട്. ചാന്‍സ് തെണ്ടി നടക്കുന്ന സമയമായിരുന്നു അത്. അന്ന് പക്ഷെ അവസരം കിട്ടിയില്ല. പിന്നീട് പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ലോഞ്ചിന് ജോഷി സാറിന്റെ അടുത്താണ് ഞാന്‍ ഇരുന്നത്. ഞാന്‍ ചാന്‍സ് ചോദിച്ചു വന്നിരുന്ന കാര്യം അന്ന് അദ്ദേഹത്തോട് പറയുകയും ചെയ്തു. പക്ഷെ സാര്‍ അത് ഓര്‍ക്കുന്നുണ്ടായിരുന്നില്ല. പണ്ട് നടന്ന കാര്യമല്ലേ. വിനയന്‍ സാറിന്റെ മുന്നിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയൊക്കെ ചെയ്തിരുന്നു. കണ്ടിട്ടെങ്കിലും എടുക്കട്ടെ എന്നു കരുതി. നമ്മള്‍ വിചാരിക്കുന്നത് ഒടുക്കത്തെ ലുക്ക് ആണന്നല്ലേ.
ഇങ്ങനെ ഒരുപാട് പേരുടെ അടുത്ത് അവസരം ചോദിച്ചിട്ടുണ്ട്. ഒരാള്‍ ചീത്ത വിളിച്ചിട്ടുമുണ്ട്. ആരാണെന്ന് ഞാന്‍ പറയുന്നില്ല. അറിയപ്പെടുന്ന സംവിധായകനാണ്. ഒരു സുഹൃത്തിന്റെ റഫറന്‍സിലാണ് അദ്ദേഹത്തെ പോയി കണ്ടത്. കുറെ നേരം കാത്തുനിന്നിട്ടാണ് അദ്ദേഹത്തെ കണ്ടത്. ഞാന്‍ ഫോട്ടോകളും മറ്റുമെല്ലാം കൊടുത്തു. അദ്ദേഹം വിളിക്കാമെന്ന് പറഞ്ഞു. ഞാന്‍ തിരിച്ചു പോന്നു.
കുറെ കഴിഞ്ഞിട്ടും അദ്ദേഹത്തിന്റെ വിളിയൊന്നുമില്ലാതിരുന്നപ്പോള്‍ ഞാന്‍ അദ്ദേഹത്തെ അങ്ങോട്ട് വിളിച്ചു. ഞാന്‍ കാര്യങ്ങള്‍ എന്തായി എന്നറിയാന്‍ വേണ്ടി വിളിച്ചതാണെന്ന് പറഞ്ഞു. അദ്ദേഹം തിരിച്ച് താന്‍ ആരാണെന്നാണ് തന്റെ വിചാരം എന്ന രീതിയില്‍ ഇങ്ങോട് ചീത്ത വിളിച്ചു തുടങ്ങി. ഞാന്‍ കുറച്ചു നേരം കേട്ടുനിന്നു. കോടികള്‍ മുടക്കി നിര്‍മിക്കുന്ന സിനിമയില്‍ നിന്റെ മുഖം കാണാനാണോ ആളുകള്‍ വരുന്നത് എന്ന് അദ്ദേഹം ചോദിച്ചു.
അന്ന് ചെറിയ സങ്കടമൊക്കെ തോന്നിയിരുന്നു. വേറൊന്നും പ്രതീക്ഷിച്ചല്ല, ഓഡീഷന്‍ വല്ലതും നടക്കുന്നുണ്ടോ എന്നറിയാനാണ് ഞാന്‍ വിളിച്ചിരുന്നത്. പുള്ളി ചിലപ്പോള്‍ വേറെന്തെങ്കിലും സിറ്റുവേഷനില്‍ ഇരിക്കുകയായിരിക്കും ആ സമയത്തായിരിക്കും എന്റെ കോള്‍ വന്നിട്ടുണ്ടാകുക. പക്ഷെ, അതൊക്കെ സിനിമയുമായി മുന്നോട്ട് പോകാനുള്ള ഊര്‍ജമായിരുന്നു,’ സിജു വില്‍സണ്‍ പറഞ്ഞു.
content highlights: My seat at the pathonpatham noottand was with the director who didn’t ask for the opportunity: Siju Wilson