ന്യൂദൽഹി: പ്രധാനമന്ത്രിക്കെതിരെ വിവാദ പരാമർശം നടത്തിയതിന് കുറ്റക്കാരനെന്ന് കണ്ടെത്തിയതിന് പിന്നാലെ മഹാത്മാ ഗാന്ധിയുടെ വചനം ഉദ്ധരിച്ച് രാഹുൽ ഗാന്ധിയുടെ ട്വീറ്റ്.
എന്റെ മതം സത്യവും അഹിംസയുമാണ്- സത്യം ദൈവവും അഹിംസ അത് നേടാനുള്ള മാർഗവുമാണെന്ന മഹാത്മാ ഗാന്ധിയുടെ വാക്യമാണ് രാഹുൽ ട്വീറ്റ് ചെയ്തിരിക്കുന്നത്.
2019ലെ തെരഞ്ഞെടുപ്പ് റാലിക്കിടെ മോദി സമുദായത്തെ അപമാനിച്ച് സംസാരിച്ചെന്ന കേസിൽ രാഹുൽ ഗാന്ധി കുറ്റക്കാരനാണെന്ന് സൂറത്ത് കോടതി വിധിച്ചിരുന്നു. രണ്ട് വർഷം തടവിനാണ് കോടതി ഉത്തരവിട്ടത്. ഇതിന് പിന്നാലെ കോടതി രാഹുൽ ഗാന്ധിക്ക് ജാമ്യം അനുവദിച്ചു.
ഗുജറാത്ത് മുൻ മന്ത്രി പൂർണേഷ് മോദി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രാഹുലിനെതിരെ കേസ് ഫയൽ ചെയ്തത്. രാജ്യത്തെ കള്ളന്മാർക്കൊക്കെ എന്തുകൊണ്ടാണ് മോദിയെന്ന സർനെയിം ഉള്ളതെന്നായിരുന്നു രാഹുൽ പറഞ്ഞത്. ലളിത് മോദിയെയും നീരവ് മോദിയെയും പരാമർശിച്ചായിരുന്നു രാഹുലിന്റെ പ്രസംഗം. കേസിൽ ഐ.പി.സി 499, 500 വകുപ്പുകൾ പ്രകാരമാണ് ഗുജറാത്ത് പൊലീസ് രാഹുലിനെതിരെ കേസെടുത്തിരുന്നത്
2019ൽ കർണാടകയിലെ കോലാറിൽ നടത്തിയ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു രാഹുലിന്റ വിവാദ പരാമർശമുണ്ടായത്. സൂറത്ത് കോടതിയുടെ വിധിക്ക് പിന്നാലെ പതിനായിരം രൂപയുടെ ബോണ്ടിലാണ് രാഹുലിന് ജാമ്യം അനുവദിച്ചിരിക്കുന്നത്.
സിറ്റിങ് എം.പി എന്ന നിലക്ക് വിധിയിൽ അടിയന്തര നടപടി സ്വീകരിക്കേണ്ടതില്ലെന്നും 30 ദിവസത്തിനുള്ളിൽ വിധിക്കെതിരെ അപ്പീൽ നൽകാമെന്നും സൂറത്ത് ചീഫ് മജിസ്‌ട്രേറ്റ് കോടതി അറിയിച്ചിട്ടുണ്ട്. ഈ വർഷം ഫെബ്രുവരിയിലാണ് കേസിൽ രാഹുൽ നേരിട്ട് ഹാജരാകണമെന്ന് കോടതി വിധിച്ചത്.
मेरा धर्म सत्य और अहिंसा पर आधारित है। सत्य मेरा भगवान है, अहिंसा उसे पाने का साधन।