| Tuesday, 13th December 2022, 8:31 pm

സെമി ഫൈനലിസ്റ്റുകളെ പ്രവചിച്ചത് ​ഗ്രൂപ്പ് ഘട്ടത്തിൽ; ആരാധകരെ ഞെട്ടിച്ച് ഇന്ത്യൻ ഫുട്ബോൾ കോച്ച്

സ്പോര്‍ട്സ് ഡെസ്‌ക്

ഫുട്ബോൾ ആരാധകരെ ഞെട്ടിച്ച് കൊണ്ടുള്ള പ്രവചനവുമായി ഇന്ത്യൻ ഫുട്ബോൾ ടീം കോച്ച് ഇഗോർ സ്റ്റിമാക്ക്. ഖത്തർ ലോകകപ്പിന്റെ ​ഗ്രൂപ്പ് ഘട്ട മത്സരം നടക്കുമ്പോൾ തന്നെ സ്റ്റിമാക്ക് സെമി ഫൈനൽ ലൈനപ്പിനെ പ്രവചിച്ചിരുന്നു.

സെമിയിൽ ബ്രസീൽ, സ്പെയിൻ, പോർച്ചുഗൽ, ഇംഗ്ലണ്ട് തുടങ്ങിയ ടീമുകൾ എത്തുമെന്നാണ്‌ പലരും പ്രവചിച്ചത്. എന്നാല്‍ സ്റ്റിമാക്കിന്റെ പ്രവചനം കൃത്യമാവുകയായിരുന്നു. സെമി ഫൈനലിസ്റ്റുകളിൽ ആദ്യം ഫ്രാൻസിന്റെ പേരായിരുന്നു സ്റ്റിമാക്ക് പറഞ്ഞിരുന്നത്.

രണ്ടാമത് ക്രൊയേഷ്യയെയും മൂന്നാമതായി അർജൻറീനയെയും സ്റ്റിമാക്ക് തെരഞ്ഞെടുത്തു. അവസാന നാലിലേക്ക് മൊറോക്കോയും കടക്കുമെന്ന് സ്റ്റിമാക്ക് മുൻകൂട്ടി കാണുകയായിരുന്നു.

തൻറെ പ്രവചനങ്ങൾ പൊതുവെ തെറ്റാറില്ല എന്നാണ് സ്റ്റിമാക്ക് ട്വിറ്ററിൽ കുറിച്ചത്. താൻ ഊഹിച്ച് പ്രവചനം നടത്താറില്ലെന്നും മനസും ഹൃദയവും ചേർന്ന് ചിന്തിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

ലോകകപ്പ് ഇന്ത്യയിൽ സംപ്രേഷണം ചെയ്യുന്ന സ്പോർട്സ് 18ൻറെ വിദഗ്ധ പാനലിൽ അംഗമാണ് സ്റ്റിമാക്കും. വെയ്‍ൻ റൂണിയും ലൂയിസ് ഫിഗോയും അടക്കമുള്ള വിദഗ്ധ പാനലിലെ എല്ലാവരും സെമിയിൽ എത്തുന്ന ടീമുകളെ പ്രവചിച്ചിരുന്നു.

അതേസമയം, ഖത്തർ ലോകകപ്പിലെ ആദ്യ സെമി പോരാട്ടത്തിനായി ലൂസൈൽ സ്റ്റേഡിയം ഒരുങ്ങിക്കഴിഞ്ഞു. ഇന്ന് നടക്കുന്ന ആദ്യ സെമിയിൽ അർജന്റീന ക്രൊയേഷ്യയെ നേരിടും. ഇന്ത്യൻ സമയം രാത്രി 12.30നാണ് മത്സരം.

ബ്രസീലിനെ പരാജയപ്പെടുത്തിയാണ് ക്രൊയേഷ്യ അവസാന നാലിലെത്തിയത്. ക്വാർട്ടറിൽ നെതർലൻഡ്‌സിനെ തകർത്താണ് അർജന്റീനയുടെ സെമി പ്രവേശനം. നാളെ നടക്കുന്ന രണ്ടാം സെമിയിൽ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസ് മൊറോക്കയെ നേരിടും.

Content Highlights: My predictions generally never go wrong, says Igor Stimac

We use cookies to give you the best possible experience. Learn more