ലീഗ് വണ്ണിലെ അപ്രമാദിത്യം തുടരാനായി ഇറങ്ങിയ പി.എസ്.ജിക്ക് അപ്രതീക്ഷിതമായ തിരിച്ചടി ഏറ്റു വാങ്ങേണ്ടി വന്നിരിക്കുകയാണ്.
ഞായറാഴ്ച നടന്ന മത്സരത്തിൽ റെന്നെസിനെതിരെ എതിരില്ലാത്ത രണ്ട് ഗോളുകൾ വഴങ്ങിയാണ് ഫ്രഞ്ച് ലീഗ് ചാമ്പ്യൻമാർ പരാജയം രുചിച്ചത്.
മത്സരം 45 മിനിട്ട് പിന്നിട്ടപ്പോൾ ടോക്കോ എക്കാമ്പി, 48 മിനിട്ട് പിന്നിട്ടപ്പോൾ കലിമുവേണ്ടോ എന്നിവർ നേടിയ ഗോളുകളിലാണ് റെന്നെസ് നിലവിലെ ടേബിൾ ടോപ്പേഴ്സിനെ പരാജയപ്പെടുത്തിയത്.
ഇതോടെ തിരിച്ചു വരവിലേക്ക് എന്ന് തോന്നിച്ച ക്ലബ്ബിനെതിരെ വീണ്ടും വിമർശനങ്ങൾ കടുപ്പിച്ചിരിക്കുകയാണ് ഫുട്ബോൾ ആരാധകർ.
മത്സരത്തിൽ പരാജയപ്പെട്ടതോടെ വലിയ വിമർശനങ്ങളാണ് പാരിസ് ക്ലബ്ബിലെ പ്ലെയേഴ്സിന് നേരെ ഉയർന്ന് വന്നത്.
എന്നാൽ തന്റെ കളിക്കാർക്കെതിരെ ഉയർന്ന് കേൾക്കുന്ന വിമർശനങ്ങൾക്കെതിരെ പ്രതിരോധവുമായി രംഗത്തെത്തിയിരിക്കുകയാണ് പി.എസ്.ജിയുടെ പരിശീലകനായ ക്രിസ്റ്റഫ് ഗാൽട്ടിയർ.
മത്സരത്തിൽ 60 ശതമാനത്തിലേറെ സമയം പന്ത് കൈവശം വെച്ച് കളിക്കാൻ സാധിച്ചെങ്കിലും മെസിയും എംബാപ്പെയും അടങ്ങിയ പി.എസ്.ജി സ്‌ക്വാഡിന് വെറും എട്ട് ഓൺ ഷോട്ട് ടാർഗറ്റ് മാത്രമേ റെന്നെസ് ഗോൾ പോസ്റ്റ് ലക്ഷ്യം വെച്ച് തൊടുക്കാനായുള്ളൂ.
ഗോളിന് നൽകിയ അഭിമുഖത്തിലാണ് പി.എസ്.ജി പ്ലെയേഴ്സ് മത്സരത്തിൽ ഇടപെട്ട രീതിയേക്കുറിച്ച് ഗാൾട്ടിയർ തുറന്ന് പറഞ്ഞത്.
“എന്റെ പ്ലെയേഴ്സ് അവരെക്കൊണ്ട് പറ്റാവുന്ന തരത്തിൽ കളിക്കളത്തിൽ ഇടപെട്ടിട്ടുണ്ട്. അക്കാദമി പ്ലെയേഴ്സ് അടക്കം എല്ലാവരും മികവോടെ തന്നെയാണ് കളിക്കളത്തിൽ ഇടപെട്ടത്. കളി ശ്രദ്ധിച്ചിട്ടുള്ളവർക്ക് അത് മനസിലാക്കാൻ സാധിക്കാവുന്നതേയുള്ളൂ,’ ഗാൾട്ടിയർ പറഞ്ഞു.
“എന്റെ കളിക്കാർ അലസമായി കളിച്ചു അവർക്ക് ആത്മാർത്ഥയില്ലായിരുന്നു എന്നൊന്നും നിങ്ങൾക്ക് പറയാൻ കഴിയില്ല. അതൊന്നും സത്യമല്ല. ഒരുപാട് കളിക്കാർ സ്‌ക്വാഡിൽ ലഭ്യമല്ലാതിരുന്നത് മൂലമുള്ള ഒരു പരാജയം മാത്രമായാണ് ഞാൻ ഇതിനെ കാണുന്നത്,’ ഗാൾട്ടിയർ കൂട്ടിച്ചേർത്തു.
റാമോസ്, ഹക്കീമി, കിംബാപ്പെ, നെയ്മർ തുടങ്ങി നിരവധി മെയിൻ സ്‌ക്വാഡ് ടീമിനെ കൂടാതെയായിരുന്നു റെന്നെസിനെതിരെ പി. എസ്.ജി മത്സരിക്കാനിറങ്ങിയത്.
അതേസമയം നിലവിൽ 28 മത്സരങ്ങളിൽ നിന്നും 21 വിജയങ്ങളോടെ 66 പോയിന്റുമായി ലീഗ് വൺ ടേബിൾ ടോപ്പേഴ്സാണ് പി.എസ്.ജി.
ഏപ്രിൽ മൂന്നിന് ലിയോണിനെതിരെയാണ് ക്ലബ്ബിന്റെ അടുത്ത മത്സരം.
Content Highlights:My players gave everything they had Christophe Galtier defends his squad